ഐ നോബഡി സെക്കന്‍ഡ് ഹാഫിന് 4 വേര്‍ഷനുകള്‍ ഉണ്ടായിരുന്നു: നിസ്സാം ബഷീർ

Wait 5 sec.

ഐ നോബഡിയുടെ രണ്ടാം പകുതിക്കായി നാല് വേർഷനുകൾ ഒരുക്കിയിരുന്നു എന്ന് സംവിധായകൻ നിസ്സാം ബഷീർ. നാല് വ്യത്യസ്തമായ കഥാപാത്രങ്ങൾ പോലും ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ഓരോ സമയങ്ങളിലായി വരുത്തിയത് മാറ്റങ്ങളിലൂടെ ഇപ്പോഴുള്ള സെക്കൻഡ് ഹാഫിലേക്ക് എത്തുകയായിരുന്നു എന്ന് നിസ്സാം ബഷീർ പറഞ്ഞു. ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നിസ്സാം ബഷീർ.'കഥ തികച്ചും വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന നാല് തരത്തിലുള്ള രണ്ടാം പകുതികള്‍ തന്നെ ഫൈനല്‍ ഡ്രാഫ്റ്റിനായി ഞങ്ങള്‍ തയ്യാറാക്കിയിരുന്നു. നാല് വേറെ ക്യാരക്ടേഴ്സ് തന്നെ ഉണ്ടായിരുന്നു. എന്നാല്‍ കാലം മാറുംതോറും തിരക്കഥ പുതുക്കേണ്ടതുണ്ടായിരുന്നു. അങ്ങനെ പല കാരണങ്ങള്‍ കൊണ്ട് കഥ നിരന്തരം പുതുക്കി പുതുക്കി വന്നപ്പോഴാണ് സിനിമ ഇപ്പോള്‍ നിങ്ങള്‍ കാണുന്ന ഈയൊരു അവസ്ഥയിലേക്ക് എത്തിച്ചേര്‍ന്നത്,’ നിസ്സാം ബഷീർ പറഞ്ഞു.സിനിമയ്ക്ക് വന്ന റിവ്യൂസിനെക്കുറിച്ചും നിസ്സാം ബഷീർ സംസാരിച്ചു. 'എല്ലാ റിവ്യൂസിനെയും സ്വീകരിക്കുന്നു. ഞങ്ങൾ എല്ലാം അറിയുന്ന ആളുകൾ അല്ല. ഞാൻ ചെയ്താണ് പഠിച്ചത്. ഇതും അത്തരത്തിൽ ഒരു പാഠമാണ്. ഐ നോബഡിക്ക് കിട്ടിയ പോസിറ്റീവ് റിവ്യൂസും നെഗറ്റീവ് റിവ്യൂസും ഞങ്ങൾ സ്വീകരിക്കുന്നു. നെഗറ്റീവ് ആണെങ്കിലും പോസിറ്റീവ് ആണെങ്കിലും എന്തുകൊണ്ട് അത് വർക്ക് ആയില്ല എന്ന് ഞങ്ങൾ ചിന്തിക്കും. എവിടെയാണ് പാളിയത്, എവിടെയാണ് വർക്ക് ആയത് എന്നുള്ളത് പഠിക്കും. അടുത്ത സിനിമ ചെയ്യുമ്പോൾ അതിനെ അപ്ഗ്രേഡ് ചെയ്യാൻ ശ്രമിക്കും' എന്നും നിസ്സാം ബഷീർ പറഞ്ഞു.