റിയാദ്|സഊദി അറേബ്യയിൽ പുകയില ഉൽപ്പന്നങ്ങളുടെ വിപണനത്തിന് കൂടുതൽ കർശന നിയന്ത്രണങ്ങളുമായി മുൻസിപ്പാലിറ്റി, ഭവന മന്ത്രാലയം. 18 വയസ്സിന് താഴെയുള്ളവർക്ക് പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നതും നൽകുന്നതും പൂർണ്ണമായും നിരോധിച്ചു. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്ക് 5,000 റിയാൽ വരെ പിഴ ചുമത്താനും സ്ഥാപനം താൽക്കാലികമായി അടച്ചുപൂട്ടുമെന്നും മന്ത്രാലയം ഉത്തരവിട്ടു.പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും യുവാക്കൾക്കിടയിൽ പുകവലി കുറയ്ക്കുന്നതിനുമായി മന്ത്രാലയം കൊണ്ടുവന്ന പുതിയ നിബന്ധനകൾ പ്രകാരം പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്ന പ്രത്യേക കടകളിലോ അവ നൽകുന്ന കഫേകളിലോ 18 വയസ്സിൽ താഴെയുള്ളവർ പ്രവേശിക്കാൻ പാടില്ല.ഉൽപ്പന്നങ്ങൾ വാങ്ങാൻ എത്തുന്നവരുടെ പ്രായത്തിൽ സംശയമുണ്ടെങ്കിൽ ഔദ്യോഗിക തിരിച്ചറിയൽ രേഖ (ഐഡി) ആവശ്യപ്പെടാൻ ജീവനക്കാർക്ക് അധികാരമുണ്ടായിരിയ്ക്കും,നിയമലംഘനം ആവർത്തിച്ചാൽ പിഴത്തുക ഇരട്ടിയാക്കുകയും സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികൾ സ്വീകരിക്കുകയും ചെയ്യും.സിഗരറ്റുകൾ പായ്ക്കറ്റുകളായല്ലാതെ ചില്ലറയായി വിൽക്കാൻ പാടില്ല,ഉപഭോക്താക്കളെ ആകർഷിക്കുന്ന തരത്തിലുള്ള ഓഫറുകളോ, സമ്മാനങ്ങളോ, സൗജന്യ സാമ്പിളുകളോ പുകയില ഉൽപ്പന്നങ്ങൾക്ക് നൽകുന്നത് കർശനമായി വിലക്കിയിട്ടുണ്ട്. റെസ്റ്റോറന്റുകളിൽ പുകവലിക്കാത്തവർക്കായി 30% സ്ഥലവും, ഫാമിലി റെസ്റ്റോറന്റുകളിലും കഫേകളിലും പുകവലിക്കാത്തവർക്കായി ആകെ സ്ഥലത്തിന്റെ കുറഞ്ഞത് മുപ്പത് ശതമാനം പ്രത്യേകമായി മാറ്റിവെക്കുകയും വേണം.വില്പനശാലകളിൽ പുകവലിയുടെ ദോഷങ്ങൾ കാണിക്കുന്ന ബോർഡുകളും ’18 വയസ്സിന് താഴെയുള്ളവർക്ക് പ്രവേശനമില്ല’ എന്ന മുന്നറിയിപ്പും വ്യക്തമായി പ്രദർശിപ്പിച്ചിരിക്കണം. സഊദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് മാത്രമേ സ്ഥാപനങ്ങൾ പ്രവർത്തിക്കാവൂ എന്നും മന്ത്രാലയം വ്യക്തമാക്കി.Content Highlights: Saudi Arabia has imposed strict restrictions on tobacco sales, completely banning them for individuals under 18. Violators face fines up to 5,000 Rials and temporary closure. Single cigarette sales, promotional offers, and free samples are strictly prohibited across all retail outlets and cafes.