ബോക്സ് ഓഫീസിൽ റെക്കോഡുകൾ തകർത്ത് മുന്നേറുകയാണ് സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്ത തമിഴ് ചിത്രം സീൻ. ദീപാവലി റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രം ഇതിനോടകം 160 കോടിയിലധികം രൂപയുടെ കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ. തമിഴ്നാടിന് പുറമെ ആന്ധ്രപ്രദേശ്, കേരളം, കർണാടക എന്നിവിടങ്ങളിലും ചിത്രം മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.ചിത്രത്തെ പ്രശംസിച്ച് തെലുങ്ക് താരം മഹേഷ് ബാബുവും സംവിധായകൻ നാഗ് അശ്വിനും നേരത്തെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സംവിധായകൻ അറ്റ്ലീയും സീനിനെ പ്രശംസിച്ചിരിക്കുകയാണ്. ഏറെക്കാലത്തിന് ശേഷം പുതുമയും ആകർഷണീയതയുമുള്ള ഒരു കൊമേഴ്സ്യൽ എന്റർടെയ്നർ കാണാനായെന്ന് സോഷ്യൽ മീഡിയയിലെ കുറിപ്പിൽ അറ്റ്ലീ പറഞ്ഞു. ജിത്തു മാധവന്റെ കഥപറച്ചിലിന്റെ ആരാധകനാണ് താനെന്നും സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം ആസ്വദിക്കാവുന്ന മികച്ച എന്റർടെയ്നറാണ് ചിത്രമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച നസ്ലെനാണ് അറ്റ്ലീയുടെ പ്രത്യേക പ്രശംസ ലഭിച്ചത്. മികച്ച പ്രകടനവും കരിസ്മയും സ്ക്രീൻ പ്രസൻസുമുള്ള നസ്ലെൻ ഭാവിയിലെ സൂപ്പർസ്റ്റാറാണെന്നും ഒരുനാൾ സിനിമാലോകം ഭരിക്കുമെന്നും അദ്ദേഹം കുറിച്ചു.നായികയായ നസ്രിയയുടെ പ്രകടനത്തെയും അറ്റ്ലീ അഭിനന്ദിച്ചു. തമിഴ് സിനിമയിലേക്കുള്ള മനോഹരമായ തിരിച്ചുവരവാണ് ഇതെന്നും അനായാസമായ ഹാസ്യവും ആകർഷകമായ പ്രകടനവും കൊണ്ട് നസ്രിയ ശ്രദ്ധേയയായെന്നും അദ്ദേഹം പറഞ്ഞു. സൂര്യയുടെ പ്രകടനം, ആനന്ദ് രാജിന്റെ കഥാപാത്രം, സുഷിൻ ശ്യാമിന്റെ സംഗീതം എന്നിവയെയും പ്രശംസിച്ച അറ്റ്ലീ ചിത്രത്തിന്റെ മുഴുവൻ അണിയറപ്രവർത്തകർക്കും അഭിനന്ദനമറിയിച്ചു. സൂര്യയ്ക്കും ജ്യോതികയ്ക്കും പ്രത്യേകം നന്ദി പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിച്ചത്.The post ‘സീൻ’ കണ്ട് അമ്പരന്ന് അറ്റ്ലീ; നസ്ലെൻ ഭാവിയിലെ സൂപ്പർസ്റ്റാറെന്ന് പ്രശംസ appeared first on ഇവാർത്ത | Evartha.