ഒമാന്‍റെ പൈതൃകപ്പെരുമയുമായി വനിതകളുടെ പരമ്പരാഗത വേഷങ്ങൾ; ഷാർജ പുസ്തകമേളയിൽ വേറിട്ട കാഴ്ച

Wait 5 sec.

കടൽവ്യാപാരത്തിന്‍റെയും നൂറ്റാണ്ടുകൾ പഴക്കമുള്ള സാംസ്കാരിക പാരമ്പര്യത്തിന്‍റെയും കഥകൾക്കൊപ്പം ഒമാനിലെ സ്ത്രീകളുടെ പരമ്പരാഗത വസ്ത്രവൈവിധ്യവും പരിചയപ്പെടുത്തി 45-ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയിലെ ഒമാൻ പവിലിയൻ. ഇത്തവണത്തെ അതിഥിരാജ്യമായ ഒമാൻ, ചരിത്രപരമായ സമുദ്രവ്യാപാര ബന്ധങ്ങൾക്കും സാംസ്കാരിക പൈതൃകത്തിനും പ്രാധാന്യം നൽകുന്നതിനൊപ്പം സ്ത്രീകളുടെ ജീവിതവും വസ്ത്രധാരണ രീതികളും പ്രദർശനത്തിലൂടെ അടയാളപ്പെടുത്തുന്നു.പവിലിയനിലെ ഏറ്റവും ശ്രദ്ധേയമായ കാഴ്ച പരമ്പരാഗത ഒമാനി വേഷങ്ങളിൽ അണിഞ്ഞ ആറു സ്ത്രീരൂപങ്ങളുടെ മിനിയേച്ചർ പ്രദർശനമാണ്. വിവിധ മേഖലകളിലെ സ്ത്രീകളുടെ വസ്ത്രധാരണ രീതികൾ പരിചയപ്പെടുത്തുന്ന രൂപങ്ങൾ പ്രത്യേക ഗ്ലാസ് ചില്ലുകൂടുകളിലാണ് ഒരുക്കിയിരിക്കുന്നത്.നോർത്ത്, സൗത്ത് അൽ ഷർഖിയ ഗവർണറേറ്റുകളിലെ പരമ്പരാഗത വേഷങ്ങളാണ് ഇതിൽ ശ്രദ്ധേയം. ഷാൾ ഉൾപ്പെടുന്ന ചുവപ്പും പച്ചയും കലർന്ന വസ്ത്രമാണ് നോർത്ത് അൽ ഷർഖിയയുടെ പ്രത്യേകത. ചുവപ്പും തവിട്ടും നിറങ്ങൾ ചേർന്ന സൂറിലെ പരമ്പരാഗത വേഷവും വലിയ സ്വർണാഭരണങ്ങളും സൗത്ത് അൽ ഷർഖിയയുടെ വസ്ത്രസംസ്കാരത്തെ പ്രതിനിധീകരിക്കുന്നു. മസ്കത്ത്, നോർത്ത് അൽ ബാത്തിന മേഖലകളിലെ ബലൂചി വേഷവും പ്രദർശനത്തിലുണ്ട്. എംബ്രോയ്ഡറി ചെയ്ത ആഡംബരപൂർണമായ പച്ച വസ്ത്രത്തിനൊപ്പം ലിഹാഫ് എന്ന ശിരോവസ്ത്രം, ദിഷ്ദാഷ എന്ന നീളൻ കുപ്പായം, സർവാൽ എന്ന പരമ്പരാഗത പാന്‍റ്സ് എന്നിവയും ഇതിന്‍റെ ഭാഗമാണ്. അൽ വുസ്ത മേഖലയിലെ സ്ത്രീകൾ ധരിക്കുന്ന ബെഡൂയിൻ വേഷങ്ങൾ ഇൻഡിഗോ അല്ലെങ്കിൽ കടുംനിറത്തിലുള്ള തുണികളിലാണ് ഒരുക്കുന്നത്. ഒമാനി ബുർഖ അഥവാ ബത്തൂലയും ഈ വേഷത്തിന്‍റെ പ്രത്യേകതയാണ്. അൽ ബുറൈമി, മുസന്ദം മേഖലകളിലെ പരമ്പരാഗത വസ്ത്രധാരണ രീതികളുമായും ഇവയ്ക്ക് സാമ്യമുണ്ട്. ദോഫാർ മേഖലയിലെ വസ്ത്രങ്ങൾ അയഞ്ഞ രീതിയിലുള്ള നീളൻ വസ്ത്രങ്ങളാണ്. കൈകളിലും അരികുകളിലും കൈത്തുന്നൽ അലങ്കാരങ്ങളുള്ള വർണാഭമായ തുണികളാണ് ഇതിനായി ഉപയോഗിക്കുന്നത്.എബിഎസ് മെറ്റീരിയൽ ഉപയോഗിച്ചുള്ള 3ഡി പ്രിന്‍റിങ് സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പ്രദർശനത്തിലെ രൂപങ്ങൾ തയ്യാറാക്കിയതെന്ന് ഫൈൻ ആർട്സ് ഡയറക്ടർ അമാൽ മുഹമ്മദ് പറഞ്ഞു. രാജ്യത്തിന്‍റെ സമ്പന്നമായ സംസ്കാരവും പൈതൃകവും പരമ്പരാഗത വസ്ത്രധാരണ രീതികളും ലോകത്തിന് പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ചില പരമ്പരാഗത വസ്ത്രങ്ങളുമായും ഒമാനി വേഷങ്ങൾക്ക് സാമ്യമുണ്ടെന്നും അവർ പറഞ്ഞു. ഒമാനി സ്ത്രീകളുടെയും പെൺകുട്ടികളുടെയും ചിത്രങ്ങളും പവിലിയനിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഫോട്ടോഗ്രാഫർമാർ പകർത്തിയ ചിത്രങ്ങളിൽ കുതിരസവാരി നടത്തുന്ന വനിത മുതൽ പരമ്പരാഗത ബുർഖ ധരിച്ച പ്രായമായ സ്ത്രീകൾ വരെയുണ്ട്. ഒമാനിലെ സ്ത്രീശാക്തീകരണവും സ്ത്രീകളുടെ സാമൂഹിക സാന്നിധ്യവും അടയാളപ്പെടുത്തുന്നതാണ് ഈ ചിത്രങ്ങൾ. ഷാർജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്ന പുസ്തകമേളയിൽ 126 രാജ്യങ്ങളിൽനിന്നായി 3,212 പ്രസാധകരും പ്രദർശകരുമാണ് പങ്കെടുക്കുന്നത്. 17 ലക്ഷത്തിലേറെ പുസ്തകങ്ങളാണ് സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. 12 ദിവസം നീളുന്ന മേളയിൽ സാഹിത്യചർച്ചകൾ, എഴുത്തുകാരുമായുള്ള സംവാദങ്ങൾ, ശിൽപശാലകൾ, നാടകാവതരണങ്ങൾ, ത്രില്ലർ ഫെസ്റ്റിവൽ, കുക്കറി കോർണർ തുടങ്ങി 1,500 സാംസ്കാരിക, സർഗാത്മക, കലാപരിപാടികളും അരങ്ങേറുന്നുണ്ട്.