ദമാം | മിഡില്‍ ഈസ്റ്റില്‍ സമാധാന അന്തരീക്ഷം തിരിച്ചുവരുന്നതോടെ ഇന്ത്യന്‍ വിമാന സര്‍വ്വീസുകള്‍ വൈകാതെ പൂര്‍ണ്ണതോതില്‍ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് സഊദി അറേബ്യയിലെ ലക്ഷക്കണക്കിന് ഇന്ത്യന്‍ പ്രവാസികള്‍. യുഎസ്-ഇറാന് സൈനിക സംഘര്‍ഷത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ആകാശപാത നിയന്ത്രണങ്ങളും സര്‍വ്വീസ് റദ്ദാക്കലുകളും പ്രവാസി മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ യാത്രകളെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. വരും ദിവസങ്ങളില്‍ വിമാന സര്‍വ്വീസുകള്‍ സാധാരണ നിലയിലാകുമെന്നാണ് സൂചനകള്‍. സമാധാനത്തിന്റെ നാളുകളിലേക്ക് മിഡില്‍ ഈസ്റ്റ് മടങ്ങുമ്പോള്‍ പ്രവാസികള്‍ക്ക് ഇത് ഇരട്ടി മധുരമാവുകയാണ്.എയര്‍ലൈനുകള്‍ സഊദിയിലെ പ്രധാന നഗരങ്ങളായ റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്കുള്ള തങ്ങളുടെ റെഗുലര്‍ ഷെഡ്യൂളുകള്‍ വരും ദിവസങ്ങളില്‍ ഘട്ടംഘട്ടമായി പുനഃസ്ഥാപിക്കാന്‍ ഒരുങ്ങുകയാണ്. വ്യോമപാതകള്‍ സാധാരണ നിലയിലാകുന്നതോടെ വിമാന യാത്രാച്ചെലവില്‍ വലിയ കുറവുണ്ടാകും. കൂടാതെ വിമാന സര്‍വ്വീസുകള്‍ സാധാരണ പടിയാകുന്നതോടെ ലീവിന് നാട്ടില്‍ പോകാന്‍ കാത്തിരിക്കുന്നവര്‍ക്കും, നാട്ടില്‍ പോയി തിരികെ വരാന്‍ കഴിയാതെ കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്കും ഇത് വലിയ ആശ്വാസമാകും.എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ്സ്, ഇന്‍ഡിഗോ, അകാസ എയര്‍ എന്നിവ റിയാദ്, ജിദ്ദ, ദമാം, മദീന സെക്ടറുകളിലേക്ക് നേരിട്ടുള്ള സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നതോടെ കണക്റ്റിങ് ഫ്ലൈറ്റുകളുടെ ദീര്‍ഘനേരത്തെ കാത്തിരിപ്പാണ് ഒഴിവാകുന്നത്. സാധാരണ നിലയില്‍ ഡല്‍ഹി, മുംബൈ എന്നീ നഗരങ്ങളില്‍ നിന്ന് റിയാദിലേക്ക് മാത്രം എയര്‍ ഇന്ത്യ ആഴ്ചയില്‍ 7 സര്‍വ്വീസുകളാണ് നടത്തുന്നത്; ഇതിന് പുറമെ ജിദ്ദ, ദമാം സെക്ടറുകളിലും സര്‍വ്വീസുകളുണ്ട്.എയര്‍ ഇന്ത്യ എക്സ്പ്രസ്സ് കേരളത്തിലെ പ്രധാന വിമാനത്താവളങ്ങളായ കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നും ബംഗളൂരുവില്‍ നിന്നും റിയാദിലേക്ക് മാത്രം ആഴ്ചയില്‍ 16 സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. ഇന്‍ഡിഗോ, അകാസ എയര്‍ എന്നീ വിമാനക്കമ്പനികള്‍ മുംബൈ, ഹൈദരാബാദ്, ഡല്‍ഹി തുടങ്ങിയ നഗരങ്ങളില്‍ നിന്ന് റിയാദ്, ജിദ്ദ, ദമാം, മദീന എന്നിവിടങ്ങളിലേക്ക് ആഴ്ചയില്‍ പത്തിലധികം നേരിട്ടുള്ള സര്‍വ്വീസുകള്‍ നടത്തിക്കൊണ്ട് പ്രവാസി മലയാളികള്‍ ഉള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് ഇന്ത്യന്‍ യാത്രക്കാര്‍ക്ക് മികച്ച യാത്രാസൗകര്യമായിരുന്നു നല്‍കിയിരുന്നത്.സര്‍വ്വീസുകള്‍ തിരികെ എത്തുന്നതോടെ ഇന്ത്യയില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകര്‍ക്കും വലിയ ആശ്വാസമാകും. ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ വിമാനങ്ങള്‍ ദീര്‍ഘദൂര പാതകള്‍ ഉപയോഗിച്ചതു കാരണം ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയര്‍ന്നിരുന്നെങ്കിലും, പുതിയ സാഹചര്യത്തില്‍ നിരക്കുകള്‍ സാധാരണ നിലയിലേക്ക് മടങ്ങുന്നത് ഉംറ പാക്കേജ് ചെലവുകള്‍ ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കും. ഇതോടെ, വിമാന ടിക്കറ്റ് അനിശ്ചിതത്വം കാരണം പല പ്രമുഖ ട്രാവല്‍ ഏജന്‍സികളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്ന ഉംറ ഗ്രൂപ്പ് ടൂറുകള്‍ വരും ആഴ്ചകളില്‍ വീണ്ടും സജീവമാക്കുന്നത് ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് വലിയ അനുഗ്രഹമാകും.Content Highlights: Indian airlines prepare to resume full operations to Saudi Arabia as Middle East airspace restrictions ease. Direct flights by Air India, Indigo, and Akasa Air will connect major cities, reducing travel times and ticket costs. The move offers immense relief to NRIs and Umrah pilgrims.