താത്കാലിക ശാന്തതക്ക് വിരാമം; ബഹ്റൈനിലെ യു എസ് റഡാര്‍ സംവിധാനം ആക്രമിച്ച് ഇറാന്‍

Wait 5 sec.

മനാമ | ബഹ്റൈനിലെ മുന്‍കൂര്‍ അറിയിപ്പ് നല്‍കുന്ന യു എസ് റഡാര്‍ സംവിധാനം ആക്രമിച്ച് തകര്‍ത്തതായി അവകാശപ്പെട്ട് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് (ഐ ആര്‍ ജി സി). എന്നാല്‍, അവകാശവാദം പൂര്‍ണമായും തള്ളിക്കളഞ്ഞ യു എസ് സെന്‍ട്രല്‍ കമാന്‍ഡ് (സെന്റ്‌കോം), ബഹ്റൈനിലേക്ക് വിക്ഷേപിച്ച രണ്ട് ഇറാനിയന്‍ ഡ്രോണുകള്‍ അമേരിക്കന്‍ സൈന്യം വെടിവെച്ചിട്ടതായും തങ്ങളുടെ ഭാഗത്ത് നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും വ്യക്തമാക്കി.തെക്കന്‍ ഇറാനിലെ ഹോര്‍മുസ്ഗാന്‍ പ്രവിശ്യയിലുള്ള സിറിക് തുറമുഖ നഗരത്തിലെ ടെലികമ്മ്യൂണിക്കേഷന്‍ ടവറിന് നേരെ വ്യാഴാഴ്ചയുണ്ടായ വ്യോമാക്രമണത്തിന് തിരിച്ചടിയായാണ് പ്രത്യാക്രമണമെന്ന് ഐ ആര്‍ ജി സി അറിയിച്ചു. ഹോര്‍മുസ് കടലിടുക്കിലെ പ്രകോപനങ്ങള്‍ അവസാനിപ്പിക്കാനുള്ള ശക്തമായ മുന്നറിയിപ്പാണിതെന്നും ആക്രമണങ്ങള്‍ ആവര്‍ത്തിച്ചാല്‍ അതിരുകളില്ലാത്ത പ്രഹരമുണ്ടാകുമെന്നും ഇറാന്‍ സ്റ്റേറ്റ് മീഡിയ റിപോര്‍ട്ട് ചെയ്തു.ബഹ്റൈന്‍ ലക്ഷ്യമിട്ടെത്തിയ രണ്ട് ആക്രമണ ഡ്രോണുകളെയും തകര്‍ത്തതായും ആര്‍ക്കും പരുക്കേല്‍ക്കുകയോ സൈനിക സംവിധാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്നും സെന്റ്‌കോം വ്യക്തമാക്കി. 2026 ഫെബ്രുവരി 28-നാണ് യു എസ്-ഇറാന്‍ സംഘര്‍ഷം ആരംഭിച്ചത്. പിന്നീട് സെപ്തംബര്‍ തുടക്കത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഗള്‍ഫ് രാജ്യത്തെ യു എസ് സൈനിക കേന്ദ്രത്തിന് നേരെ ആക്രമണം നടത്തിയതായി ഇറാന്‍ അവകാശപ്പെടുന്നത്. യു എസ് നാവികസേനയുടെ അഞ്ചാം കപ്പല്‍പ്പടയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നതും ബഹ്റൈനിലാണ്.Content Highlights: Iran has launched an attack targeting a US radar system in Bahrain, breaking a brief period of calm in the region. The strike marks a significant escalation in hostilities between Tehran and Washington. Security across the Gulf remains on high alert following the incident.