അഭയാര്‍ത്ഥി ആരെന്ന് തീരുമാനിക്കാന്‍ ആര്‍ക്കാണ് അവകാശം

Wait 5 sec.

ജനീവ | അന്താരാഷ്ട്ര അഭയാര്‍ത്ഥി കണ്‍വെന്‍ഷന്‍ നിലവില്‍ വന്നതിന്റെ 75ാം വാര്‍ഷികത്തിലും ലോകമെമ്പാടുമുള്ള അഭയാര്‍ത്ഥികള്‍ കടുത്ത വിവേചനം നേരിടുന്നതായി പഠനം. രാജ്യാന്തര തലത്തില്‍ അഭയാര്‍ത്ഥി സംരക്ഷണ വാഗ്ദാനങ്ങള്‍ നിലനില്‍ക്കുമ്പോഴും, വിവിധ രാജ്യങ്ങള്‍ തങ്ങളുടെ ആഭ്യന്തര നയങ്ങളിലൂടെ അഭയാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട നിയമപരമായ അവകാശങ്ങള്‍ നിഷേധിക്കുകയാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. പല രാജ്യങ്ങളും അഭയാര്‍ത്ഥികളുടെ സുരക്ഷയെക്കാള്‍ അതിര്‍ത്തി സുരക്ഷക്കും കുടിയേറ്റ നിയന്ത്രണങ്ങള്‍ക്കുമാണ് മുന്‍ഗണന നല്‍കുന്നത്.മുമ്പ് യു എന്‍ അഭയാര്‍ത്ഥി ഏജന്‍സി നിര്‍വഹിച്ചിരുന്ന രജിസ്‌ട്രേഷന്‍ ചുമതലകള്‍ പൂര്‍ണ്ണമായും സ്വന്തം നിയന്ത്രണത്തിലാക്കുന്ന നയമാണ് ഈജിപ്ത് സ്വീകരിക്കുന്നത്. 2024 മാര്‍ച്ചില്‍ കുടിയേറ്റ നിയന്ത്രണത്തിനായി 20 കോടി യൂറോ ഉള്‍പ്പെടെ 7.4 ബില്യണ്‍ യൂറോയുടെ സാമ്പത്തിക പാക്കേജില്‍ ഈജിപ്തും യൂറോപ്യന്‍ യൂണിയനും ഒപ്പുവെച്ചിരുന്നു. തുടര്‍ന്ന് 2024 ഡിസംബറില്‍ ഈജിപ്ത് പുതിയ ആഭ്യന്തര അഭയാര്‍ത്ഥി നിയമം പാസാക്കുകയും രജിസ്‌ട്രേഷന്‍ പ്രധാനമന്ത്രിയുടെ കീഴിലുള്ള സമിതിയിലേക്ക് മാറ്റുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് കടുത്ത നടപടികളാണ് ഈജിപ്തില്‍ നടക്കുന്നത്. 2026ന്റെ ആദ്യ രണ്ട് മാസങ്ങളില്‍ മാത്രം മൂവായിരത്തിലധികം അഭയാര്‍ത്ഥികള്‍ അറസ്റ്റിലായതായി യു എന്‍ രേഖകള്‍ വ്യക്തമാക്കുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് അഭയാര്‍ത്ഥികളെ നിര്‍ബന്ധപൂര്‍വ്വം തിരിച്ചയക്കുന്ന സംഭവങ്ങളില്‍ 150 ശതമാനവും, രജിസ്റ്റര്‍ ചെയ്ത അഭയാര്‍ത്ഥികളുടെ അറസ്റ്റില്‍ 56 ശതമാനവും വര്‍ദ്ധനവ് രേഖപ്പെടുത്തി.1951ലെ അന്താരാഷ്ട്ര അഭയാര്‍ത്ഥി കണ്‍വെന്‍ഷനില്‍ ഒപ്പുവെക്കാത്ത മലേഷ്യയില്‍ സമഗ്രമായ ആഭ്യന്തര അഭയാര്‍ത്ഥി നിയമമില്ല. അഭയാര്‍ത്ഥികളെ രേഖകളില്ലാത്ത കുടിയേറ്റക്കാരായി കണക്കാക്കി തടവിലാക്കുകയോ നാടുകടത്തുകയോ ചെയ്യുന്ന സാഹചര്യമാണുള്ളത്. 2026 ജനുവരി മുതല്‍ ഒക്ടോബര്‍ പകുതി വരെ 65,000ത്തിലധികം ആളുകളാണ് രാജ്യത്ത് ഇമിഗ്രേഷന്‍ അറസ്റ്റിലായത്.  5,000 രോഹിങ്ക്യകളെ മ്യാന്‍മറിലേക്ക് തിരിച്ചയക്കാനുള്ള കരാറിന്റെ ഭാഗമായി തടവിലായിരുന്ന 1,476 പേരെ ആദ്യഘട്ടത്തില്‍ തിരിച്ചയച്ചതിനെതിരെ 160ലധികം മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.ഈജിപ്തിലും മലേഷ്യയിലും സര്‍ക്കാര്‍ നേരിട്ട് രജിസ്‌ട്രേഷന്‍ ഏറ്റെടുക്കുമ്പോള്‍ ഇന്ത്യ 1951ലെ കണ്‍വെന്‍ഷനില്‍ പങ്കാളിയല്ലാത്തതിനാല്‍ സമഗ്രമായ ആഭ്യന്തര അഭയാര്‍ത്ഥി നിയമമില്ല. യു എന്‍ എച്ച് സി ആര്‍ ഇന്ത്യയില്‍ രോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് കാര്‍ഡുകള്‍ നല്‍കുന്നുണ്ടെങ്കിലും അത് നാടുകടത്തലില്‍ നിന്നോ അറസ്റ്റില്‍ നിന്നോ പൂര്‍ണ്ണ സംരക്ഷണം ഉറപ്പാക്കുന്നില്ല. 2025 മെയില്‍ യു എന്‍ കാര്‍ഡുള്ള രോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ തടവിലാക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ ഫോറിനേഴ്‌സ് ആക്ട് പ്രകാരമുള്ള നിയമനടപടികള്‍ ബാധകമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി നാടുകടത്തലിനെതിരായ ഇടക്കാല സംരക്ഷണം നിരസിച്ചിരുന്നു.അഭയാര്‍ത്ഥി വിരുദ്ധ നടപടികള്‍ക്ക് പിന്നില്‍ വംശീയതയും വിദ്വേഷവും നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. ഡര്‍ബന്‍ പ്രഖ്യാപനത്തിന്റെ 25ാം വാര്‍ഷികത്തിലും ആഫ്രിക്കന്‍ വംശജരായ അഭയാര്‍ത്ഥികള്‍ക്കെതിരെ ഈജിപ്തിലും, രോഹിങ്ക്യകള്‍ക്കെതിരെ മലേഷ്യയിലും വിദ്വേഷ നീക്കങ്ങള്‍ ശക്തമാണ്. ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങള്‍ ഇത്തരം വിവേചനപരമായ നയങ്ങള്‍ക്ക് പൊതുസമൂഹത്തില്‍ സാധൂകരണം നല്‍കാന്‍ ഉപയോഗിക്കപ്പെടുന്നുവെന്നും പഠനം വിലയിരുത്തുന്നു. അന്താരാഷ്ട്ര നിയമങ്ങളുടെ തത്വങ്ങള്‍ പാലിക്കുന്നുവെന്ന് നടിക്കുകയും, പ്രായോഗിക തലത്തില്‍ അഭയാര്‍ത്ഥികളുടെ സംരക്ഷണം റദ്ദാക്കുകയും ചെയ്യുന്ന നയപരമായ കാപട്യമാണ് നിലവില്‍ നിലനില്‍ക്കുന്നത്.Content Highlights: A new study reveals severe global discrimination against refugees on the 75th anniversary of the 1951 Refugee Convention. Countries like Egypt, Malaysia, and India are prioritizing border control over legal protections, resulting in mass arrests and deportations. The report also highlights how online hate speech fuels anti-refugee policies worldwide.