തിരുവനന്തപുരം| മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല ക്ഷേത്രനട തിങ്കളാഴ്ച തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തി എ ദാമോദരൻ നമ്പൂതിരിയും അന്നേദിവസം ചുമതലയേൽക്കും.വൃശ്ചികം ഒന്നായ ചൊവ്വാഴ്ച പുലർച്ചെ മൂന്നിന് നട തുറക്കുന്നതോടെ മണ്ഡലകാല പൂജകൾക്കും നെയ്യഭിഷേകത്തിനും ഔദ്യോഗിക തുടക്കമാകും. തീർഥാടകരുടെ തിരക്ക് പരിഗണിച്ച് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് ശേഷം മാത്രമേ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് തീർഥാടകരെ കടത്തിവിടുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് സംവിധാനങ്ങൾ വഴി ദിവസേന 80,000 പേർക്ക് ദർശന സൗകര്യം ലഭിക്കും. തീർഥാടകർക്ക് വിതരണം ചെയ്യുന്നതിനായി 50 ലക്ഷം ടിൻ അരവണ കരുതൽശേഖരമായി ഒരുക്കിയിട്ടുണ്ട്. അരവണ വിതരണത്തിനായി അഞ്ച് കൗണ്ടറുകൾ കൂടി തുറക്കും. തപാൽവകുപ്പിന്റെ കൗണ്ടർ വഴിയും അരവണയും അപ്പവും ഓർഡർ ചെയ്യാം. ഇവ തീർഥാടകരുടെ വിലാസത്തിൽ എത്തിച്ചുനൽകും.ഡോളി സർവീസുകൾ പ്രീപെയ്ഡ് സംവിധാനത്തിലായിരിക്കും പ്രവർത്തിക്കുക. സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി എക്സിക്യൂട്ടീവ് ഓഫീസിന് മുന്നിലുള്ള കൗണ്ടറുകളും മാറ്റിസ്ഥാപിക്കും.Content Highlights: Sabarimala temple opens Monday at 5 PM for the Mandala-Makaravilakku festival, with new Melsanthis assuming charge. Daily darshan is capped at 80,000 pilgrims via Virtual Q and spot booking. Five million Aravana tins are stocked, alongside prepaid dolly services and strict crowd control measures.