യു ഡി എഫിനുള്ളിലെ ആഭ്യന്തര തർക്കം; പരസ്യ പ്രതികരണത്തിനില്ലെന്ന് അടൂർ പ്രകാശ്

Wait 5 sec.

തിരുവനന്തപുരം|  യു ഡി എഫിനുള്ളിലെ ആഭ്യന്തര തർക്കം രൂക്ഷമാകുന്നതിനിടെ ഇനി പരസ്യ പ്രതികരണത്തിനില്ലെന്ന് കൺവീനർ അടൂർ പ്രകാശ്. താൻ ഉന്നയിച്ച വിഷയങ്ങളിൽ ഹൈക്കമാൻഡ് തീരുമാനമെടുക്കട്ടെയെന്ന നിലപാടിലാണ് അടൂർ പ്രകാശിന്റെ ക്യാമ്പ്. നേരത്തെ ഉന്നയിച്ച കാര്യങ്ങളിൽ ഇപ്പോഴും ഉറച്ചുനിൽക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങളുടെ വിഭജനത്തെച്ചൊല്ലിയുള്ള കോൺഗ്രസിലെ അഭിപ്രായ ഭിന്നതയാണ് നിലവിൽ മുന്നണിക്കുള്ളിൽ പ്രതിസന്ധി സൃഷ്ടിക്കുന്നത്.അടൂർ പ്രകാശ് ഉൾപ്പെടെയുള്ളവരുടെ വിമത നീക്കങ്ങൾക്ക് പിന്നിൽ കെ സി വേണുഗോപാൽ പക്ഷമാണെന്നാണ് വി ഡി സതീശൻ അനുകൂലികളുടെ ആരോപണം. എന്നാൽ മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങളിൽ കെ സി വേണുഗോപാൽ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. സർക്കാർ അധികാരത്തിലെത്തി ആറുമാസം പിന്നിട്ടിട്ടും ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങൾ വിഭജിച്ച് നൽകാൻ കഴിയാത്തതിൽ ഘടകകക്ഷികൾക്കിടയിലും അതൃപ്തി ശക്തമാണ്.ഓൺലൈനായി ചേർന്ന കെപിസിസി ഭാരവാഹി യോഗത്തിലും വിഷയത്തിൽ രൂക്ഷവിമർശനം ഉയർന്നു. ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങളുടെ വീതംവെപ്പ് വൈകുന്നതിലുള്ള അമർഷവും പ്രതിഷേധവും നേതാക്കൾ യോഗത്തിൽ പ്രകടിപ്പിച്ചു. മുന്നണിയെ അധികാരത്തിലെത്തിക്കാൻ താഴെത്തട്ടിൽ പ്രവർത്തിച്ച നേതാക്കൾക്കും അർഹമായ പരിഗണന ലഭിക്കണമെന്ന ആവശ്യം ശക്തമായി. സ്ഥാനങ്ങൾ വീതംവെക്കുന്നതിലെ തീരുമാനം ഒച്ചിഴയുന്ന വേഗത്തിലാണ് മുന്നോട്ടുപോകുന്നതെന്നും നേതാക്കൾ വിമർശിച്ചു.തീരുമാനം ഇനിയും വൈകിയാൽ പരസ്യമായി പ്രതികരിക്കേണ്ടിവരുമെന്ന മുന്നറിയിപ്പും യോഗത്തിൽ നേതാക്കൾ നൽകി. ഇതോടെ ബോർഡ്, കോർപ്പറേഷൻ വിഭജനത്തെച്ചൊല്ലിയുള്ള കോൺഗ്രസിലെ ഭിന്നത കൂടുതൽ രൂക്ഷമാകുകയാണ്.Content Highlights: Amid deepening internal rift within the UDF over board and corporation appointments, convener Adoor Prakash decided against further public remarks, leaving the matter to the High Command. Faction allegations between VD Satheesan and KC Venugopal camps escalated alongside ally discontent. Leaders at a KPCC meeting warned of public protests if delays persist.