റീട്ടെയ്ൽ ശൃംഖല വിപുലീകരിക്കുന്നതിന്റഎ ഭാഗമായി ഔദ് അൽ മുത്തീനയിലെ മൂപ്പൻസ് മാളിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ ദുബായ് മുനിസിപ്പാലിറ്റി ഇൻസ്റ്റിറ്റ്യൂഷണൽ സപ്പോർട്ട് സർവീസസ് സെക്ടർ സി.ഇ.ഒ സയീദ് ഇസ്മായിൽ അൽ ഹാഷിമി ഉദ്ഘാടനം നിർവഹിച്ചു. പ്രധാന നഗരകേന്ദ്രങ്ങൾക്ക് പുറത്തുള്ള ജനവാസ മേഖലകളിലേക്കും ലുലുവിന്റെ സേവനങ്ങൾ വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് എം.എ. യൂസഫലി പറഞ്ഞു. ദുബായിൽ ഏഴ് പുതിയ പദ്ധതികൾ ഉൾപ്പെടെ നിരവധി വികസന പദ്ധതികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 40,000 ചതുരശ്രയടി വിസ്തീർണത്തിലുള്ള ഹൈപ്പർമാർക്കറ്റിൽ നിത്യോപയോഗ സാധനങ്ങൾക്കു പുറമേ ഫാഷൻ, ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ എന്നിവയ്ക്കും പ്രത്യേക വിഭാഗങ്ങളുണ്ട്. സെൽഫ് ചെക്കൗട്ട്, സൗജന്യ പാർക്കിങ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഹൈപ്പർമാർക്കറ്റിനൊപ്പം മൂപ്പൻസ് മാളിന്റെയും ഉദ്ഘാടനം എം.എ. യൂസഫലി നിർവഹിച്ചു. മൂപ്പൻസ് ഗ്രൂപ്പ് സ്ഥാപകനും സി.ഇ.ഒയുമായ സലിം മൂപ്പൻ, ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷ്റഫ് അലി എം.എ., ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ സലിം എം.എ., ഗ്ലോബൽ മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.