ബെംഗളൂരു | മഅ്ദിൻ അക്കാദമിയുടെ 30ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ദേശീയ പര്യടനം ഖോജ് സഫറിന്റെ സമാപനം ഇന്ന് ബെംഗളൂരുവിൽ നടക്കും. ഇതോടനുബന്ധിച്ച് ഇന്റർനാഷനൽ ഇന്റർഫെയ്ത്ത് ഹാർമണി ഇനീഷ്യേറ്റീവുമായി സഹകരിച്ച് നടത്തുന്ന ഹാർമണി കോൺക്ലേവ് കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഉദ്ഘാടനം ചെയ്യും. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ ശ്രീ ആദിചുഞ്ചനഗിരി മഹാസംസ്ഥാന മഠാധിപതി ജഗദ്ഗുരു ശ്രീ ശ്രീ ശ്രീ ഡോ. നിർമലാനന്ദനാഥ മഹാസ്വാമിജി, ബെംഗളൂരു ആർച്ച് ബിഷപ്പ് മോസ്റ്റ് റവ. ഡോ. പീറ്റർ മച്ചാഡോ, ബെംഗളൂരു ശ്രീ ഗുരു സിംഗ് സഭ ഗുരുദ്വാര മുഖ്യ ഗ്രന്ഥി ഗ്യാനി സത്പാൽ സിംഗ് സംബന്ധിക്കും.കർണാടക ന്യൂനപക്ഷ കാര്യ മന്ത്രി യു ടി ഖാദർ, കർണാടക ഊർജ- ടൂറിസം മന്ത്രി കെ ജെ ജോർജ്, ഭവന നിർമാണ മന്ത്രി ബി സെഡ് സമീർ അഹ്്മദ് ഖാൻ, ഭക്ഷ്യ- പൊതുവിതരണ മന്ത്രി റിസ്്വാൻ അർഷദ്, പാർലിമെന്റ് അംഗങ്ങളായ ഡോ. സയ്യിദ് നാസിർ ഹുസൈൻ, മൻസൂർ അലി ഖാൻ, ബെംഗളൂരു വികസന അതോറിറ്റി ചെയർമാനും എം എൽ എയുമായ എൻ എ ഹാരിസ് തുടങ്ങിയവർ വിശിഷ്ടാതിഥികളാകും.ഇന്ത്യയുടെ സാംസ്കാരികവും മതപരവുമായ വൈവിധ്യം അടുത്തറിയുന്നതിനും ദേശീയ ഐക്യത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുന്നതിനുമായാണ് 37,730 കിലോമീറ്റർ ഖോജ് സഫർ സംഘഠിപ്പിച്ചത്. യാത്രയുടെ പ്രധാന അനുഭവങ്ങളും സന്ദേശങ്ങളും ഉൾക്കൊള്ളുന്ന ദൃശ്യാവിഷ്കാരവും പരിപാടിയിൽ അവതരിപ്പിക്കും.യാത്രയിൽ, അടുത്ത റമസാനിൽ മഅ്ദിൻ സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഖുർആൻ പാരായണ മത്സരത്തിന്റെ സന്ദേശമെത്തിക്കുകയും ചെയ്തു. ഇതിനകം 1,500ലധികം സ്ഥാപനങ്ങൾ മത്സരത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആപ്കോ ഗ്രൂപ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എ പി അബ്ദുൽ കരീം ഹാജിക്ക് ഹാർമണി അവാർഡ് സമ്മാനിക്കും. വ്യവസായ രംഗത്തെ ഉത്തരവാദിത്വപൂർണമായ നേതൃത്വം സാമൂഹിക സൗഹാർദത്തിനും പൊതുനന്മക്കും നൽകുന്ന സംഭാവനകൾ ഉയർത്തിക്കാട്ടുന്നതാണ് പുരസ്കാരം.Content Highlights: The national tour Khoj Safar organized by Ma’din Academy concludes in Bengaluru. Karnataka Deputy CM DK Shivakumar inaugurates the Harmony Conclave presided over by Sayyid Ibraheemul Khaleel Al Bukhari. Religious leaders and state ministers attend the event focused on national unity.