മലയാളിയുടെ ജീവിതത്തിന്റെയും സ്വപ്നങ്ങളുടെയും നട്ടെല്ലാണ് പ്രവാസം. നാട്ടിലെ അടുക്കളകളും വിദ്യാലയങ്ങളും ആശുപത്രികളും മുതല്‍ വലിയ നിര്‍മാണ മേഖലകള്‍ വരെ ആശ്രയിക്കുന്നത് കടല്‍ കടന്നുപോയവരുടെ കഠിനാധ്വാനത്തെയാണ്. ഗള്‍ഫ് നാടുകളില്‍ ഒഴുക്കിയ വിയര്‍പ്പാണ് കേരളത്തിന്റെ ഭൗതിക സാഹചര്യങ്ങളെയും സാമൂഹിക വളര്‍ച്ചയെയും മാറ്റിമറിച്ചത്. എന്നാല്‍ ആഗോളതലത്തില്‍ എവിടെയെങ്കിലും ചെറിയൊരു യുദ്ധമേഘം ഉരുണ്ടുകൂടിയാല്‍ പോലും “അവിടെ സുരക്ഷിതമാണോ?’ എന്ന ആധി നിറഞ്ഞ ചോദ്യമാണ് നാട്ടിലെ വീടുകളില്‍ നിന്നുയരുന്നത്.യുദ്ധങ്ങളും തീരാദുരിതങ്ങളുംമനുഷ്യചരിത്രത്തോളം പഴക്കമുള്ള ഒരു അസഹനീയ പ്രവണതയാണ് യുദ്ധം. അധികാരം, അതിര്‍ത്തി, വിഭവങ്ങള്‍ എന്നിവയുടെ പേരില്‍ ലോകം കണ്ട പോരാട്ടങ്ങളെല്ലാം എക്കാലത്തും അഭയാര്‍ഥികളെയും തകര്‍ന്ന സമ്പദ് വ്യവസ്ഥകളെയുമാണ് ബാക്കിവെച്ചിട്ടുള്ളത്. അതിര്‍ത്തികളില്‍ നടക്കുന്ന സംഘര്‍ഷങ്ങളുടെ കനത്ത ആഘാതം ദൂരെയുള്ള ഗ്രാമങ്ങളിലെ ചെറിയ വീടുകളില്‍ വരെ എത്തിച്ചേരുന്നു എന്നതാണ് ആധുനിക ആഗോളവത്കരണ ലോകത്തിന്റെ കയ്പേറിയ യാഥാര്‍ഥ്യം. മലയാളി പ്രവാസത്തിന്റെ ചരിത്രത്തില്‍ 1990കളിലെ ഗള്‍ഫ് യുദ്ധം നല്കിയ മുറിവുകള്‍ ഇന്നും മായാത്ത ഒന്നാണ്. ഇറാഖ്- കുവൈത്ത് സംഘര്‍ഷവും തുടര്‍ന്നുണ്ടായ അധിനിവേശവും ലക്ഷക്കണക്കിന് ഇന്ത്യക്കാരെയാണ് അന്ന് അനാഥരാക്കിയത്. ലോകത്തിലെ ഏറ്റവും വലിയ സിവിലിയന്‍ എയര്‍ലിഫ്റ്റിലൂടെ ദശാബ്ദങ്ങളുടെ സമ്പാദ്യവും സര്‍വതും ഉപേക്ഷിച്ച് വെറുംകൈയോടെ മടങ്ങിയെത്തിയ പ്രവാസികള്‍ കേരളത്തിന്റെ സാമ്പത്തിക അടിത്തറയെത്തന്നെ തരിപ്പണമാക്കി. ആ ചരിത്ര സ്മരണകളാണ് ഇന്നും പശ്ചിമേഷ്യയില്‍ അടിയന്തരാവസ്ഥ രൂപപ്പെടുമ്പോഴും മലയാളിയുടെ ഉറക്കം കെടുത്തുന്നത്.സാമ്പത്തിക പ്രതിസന്ധിയുടെ ആശങ്കകള്ആ കറുത്ത ഓര്മകള്ക്കിടയില് ഇന്നത്തെ പ്രവാസലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തുന്നത് മേഖലയിലുണ്ടാകുന്ന ആഗോള സാമ്പത്തിക അസ്ഥിരതകളാണ്. അന്താരാഷ്ട്ര നാണയ നിധിയുടെ (ഐ എം എഫ്) പുതിയ സാമ്പത്തിക അവലോകന റിപോര്‍ട്ടിലെ നിരീക്ഷണം ഇതിന് അടിവരയിടുന്നു. ആഗോള സമ്പദ് വ്യവസ്ഥ വളര്‍ച്ച നിലനിര്‍ത്തുമ്പോഴും പശ്ചിമേഷ്യന്‍ (മിഡില്‍ ഈസ്റ്റ്) മേഖല കടുത്ത മന്ദഗതി നേരിടുമെന്നാണ് ഐ എം എഫ് വ്യക്തമാക്കുന്നത്.ഇതിലും വലിയ ഭീഷണിയാണ് നിത്യജീവിത ചെലവുകളില്‍ വന്നിരിക്കുന്ന കുതിച്ചുചാട്ടം. ഗള്‍ഫ് നാടുകളിലെ ഭക്ഷണസാധനങ്ങളുടെ 70 ശതമാനവും ഇറക്കുമതിയെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. എന്നാല്‍ മേഖലയിലെ സംഘര്‍ഷ സാധ്യതകള്‍ കാരണം പ്രധാന കടല്പ്പാതകളിലുണ്ടായ തടസ്സങ്ങള്‍ വന്‍ ചരക്കുകൂലി വര്‍ധനവിന് വഴിതെളിച്ചു. മുമ്പ് ഒരു കണ്ടയ്നറിന് 3,000 ഡോളറുണ്ടായിരുന്ന കടത്തുകൂലി 17,000 ഡോളര്‍ വരെയായി കുതിച്ചുയര്‍ന്നു. ഇത് സാധാരണ പ്രവാസിയുടെ ദിവസേനയുള്ള ഷോപ്പിംഗ് ബില്ലുകളിലാണ് കനത്ത പ്രഹരമേല്‍പ്പിച്ചത്. എണ്ണ ഉത്പാദനത്തിലെ നിയന്ത്രണങ്ങളും വ്യാപാര പാതകളിലെ സ്തംഭനവും പ്രവാസികളുടെ തൊഴില്‍ സുരക്ഷിതത്വത്തെയും സാമ്പത്തിക ഭദ്രതയെയും ചോദ്യം ചെയ്യുന്നു.പ്രതിസന്ധിയുടെ ജീവിത സാക്ഷ്യങ്ങള്യുദ്ധഭീതിയും സാമ്പത്തിക ഞെരുക്കവും പ്രവാസിയെ ഒന്നിലധികം തലങ്ങളിലാണ് വേട്ടയാടുന്നത്. ജീവനെക്കുറിച്ചുള്ള ഭയം ഒരു ഭാഗത്ത്. തൊഴില്‍ നഷ്ടപ്പെടല്‍, ശമ്പള കുടിശ്ശികകള്‍, വിമാന ടിക്കറ്റ് നിരക്കിലെ വര്‍ധനവ് തുടങ്ങിയ പ്രതിസന്ധികള്‍ അവരെ കൂടുതല്‍ നിസ്സഹായരാക്കുന്നു. ജന്മനാട്ടില് നിന്ന് ആയിരക്കണക്കിന് മൈലുകള്‍ക്ക് അകലെയിരുന്ന് കുടുംബത്തെക്കുറിച്ചും ഭാവി ജീവിതത്തെക്കുറിച്ചും ഓര്‍ത്തുള്ള മാനസിക സമ്മര്‍ദവും വ്യാജ വാര്‍ത്തകള്‍ പരത്തുന്ന ആശങ്കകളും വേറെയുമുണ്ട്. പ്രവാസികള്‍ അയക്കുന്ന പണത്തെ (റെമിറ്റന്‍സ്) പൂര്‍ണമായി ആശ്രയിച്ചു കഴിയുന്ന വിപണിയും മറ്റു ജീവിത സാഹചര്യങ്ങളും ഇത്തരം അസ്ഥിരതകളില്‍ കനത്ത തകര്‍ച്ചയെ അഭിമുഖീകരിക്കുന്നു.അതിജീവനത്തിന്റെ കരുത്തും പ്രതീക്ഷയുംഎന്നാല് ഈ പ്രതിസന്ധികള്‍ക്കിടയിലും പ്രവാസം പൂര്‍ണമായും ഭയാനകമോ നിരാശാജനകമോ ആണെന്ന് വിലയിരുത്തേണ്ടതില്ല. ആതിഥേയ രാജ്യങ്ങളുടെ സുരക്ഷാ ഉറപ്പുകളും ഇന്ത്യന്‍ എംബസികളുടെയും നയതന്ത്ര കാര്യാലയങ്ങളുടെയും സജീവ ഇടപെടലുകളും എപ്പോഴും ആശ്വാസകരമാണ്. 1990ലെ വലിയ തകര്‍ച്ചക്ക് ശേഷവും അതിജീവനത്തിന്റെ കരുത്തുമായി വീണ്ടും മണലാരണ്യത്തിലേക്ക് തിരിച്ചുപോയി പുതിയ ജീവിതം പടുത്തുയര്‍ത്തിയ ചരിത്രമാണ് മലയാളിക്ക് പറയാനുള്ളത്. പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രവാസി കൂട്ടായ്മകളും സംഘടനകളും നല്കുന്ന പരസ്പര താങ്ങും ലോകത്ത് അപകടസാധ്യതകളില്ലാത്ത ഇടങ്ങളില്ലെന്ന തിരിച്ചറിവുമാണ് അവനെ മുന്നോട്ട് നയിക്കുന്നത്.യുദ്ധഭീതിയും സാമ്പത്തിക തളര്‍ച്ചയും യാഥാര്‍ഥ്യമാണെങ്കിലും അതിനെ അമിത ആശങ്കയോടെ കാണേണ്ടതില്ല. ലോകചരിത്രത്തില്‍ യുദ്ധങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ചാണ് മനുഷ്യര്‍ പുതിയ ലോകം കെട്ടിപ്പടുത്തത്. ഭയത്തിന് കീഴ്പ്പെടാതെ വിവേകവും മുന്‍കരുതലും ഒത്തൊരുമയുമാണ് പ്രവാസിയുടെ യഥാര്‍ത്ഥ കരുത്ത്. പ്രവാസം ഭയാനകമല്ല, മറിച്ച് അനിശ്ചിതത്വങ്ങള്‍ നിറഞ്ഞതാണ്; ആ അനിശ്ചിതത്വങ്ങളെ ആത്മവിശ്വാസം കൊണ്ടും കഠിനാധ്വാനം കൊണ്ടും നേരിടാന്‍ കഴിവുള്ളവനാണ് യഥാര്‍ഥ പ്രവാസി.