ശ്രീനഗര്‍ | പരിസ്ഥിതി പ്രവര്ത്തകന് സോനം വാങ്ചുക്കിനെ വീട്ടുതടങ്കലിലടച്ചു. 60 ദിവസത്തെ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കുകയും പൊതുയോഗങ്ങളിലും പ്രകടനങ്ങളിലും പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തുകൊണ്ട് ലേ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റാണ് ഉത്തരവിറിക്കിയിരിക്കുന്നത്. ഡിസംബര്‍ നാലിന് ഹില്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് നടത്താനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ വാങ്ചുക്ക് രംഗത്തുവന്നതിന് പിറകെയാണ് നടപടി.വാങ്ചുക്കിനെതിരെ മുന്‍കരുതല്‍ ഉത്തരവുകളും നിയന്ത്രണ ഉത്തരവുകളും പുറപ്പെടുവിക്കാന്‍ ആവശ്യപ്പെട്ടുള്ള പോലീസ് റിപ്പോര്‍ട്ടും ലേ പോലീസ് മേധാവിയുടെ കത്തുമാണ് വീട്ടുതടങ്കലിലടക്കാന് ഭരണകൂടം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. വാങ്ചുക്കിന്റെ സഞ്ചാര സ്വാതന്ത്ര്യത്തിന് മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനായി മജിസ്ട്രേറ്റ് ബി എന്‍ എസ് എസിന്റെ 163ാം വകുപ്പാണ് പ്രയോഗിച്ചിരിക്കുന്നത്.ഉത്തരവ് ഉടന്‍ നിലവില്‍ വരികയും 60 ദിവസത്തേക്ക് പ്രാബല്യത്തില്‍ തുടരുകയും ചെയ്യുമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.ഡിസംബര്‍ നാലിനാണ് ലഡാക്ക് ഓട്ടോണമസ് ഹില്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ്. ആകെയുള്ള 100 മണ്ഡലങ്ങളില്‍ സ്ത്രീകള്‍ക്കായി 36 സീറ്റുകള്‍ സംവരണം ചെയ്തിരിക്കുന്നുകഠിനമായ ശൈത്യകാലാവസ്ഥയും സീസണല്‍ കുടിയേറ്റവും ലഡാക്കിലെ നിരവധി വോട്ടര്‍മാരെ വോട്ടവകാശത്തില്‍ നിന്ന് ഒഴിവാക്കാന്‍ ഇടയാക്കുമെന്ന് വാദിച്ചുകൊണ്ട് വാങ്ചുക്കും മറ്റ് പ്രാദേശിക നേതാക്കളും തിരഞ്ഞെടുപ്പിനെ എതിര്‍ത്തിരുന്നു. 2019-ല്‍ ലഡാക്ക് പ്രത്യേക കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കപ്പെട്ടതിന് ശേഷമുള്ള ആദ്യത്തെ വലിയ തിരഞ്ഞെടുപ്പ് പ്രക്രിയയാണിത്. ലഡാക്കിന് സംസ്ഥാന പദവിയും ആറാം പട്ടികപ്രകാരമുള്ള ഭരണഘടനാപരമായ സുരക്ഷാ ഉറപ്പുകളും നല്‍കണമെന്ന് ആവശ്യപ്പെട്ട് ലേയിലും കാര്‍ഗിലിലും ദീര്‍ഘകാലമായി പ്രക്ഷോഭങ്ങള്‍ നടന്നു വരികയാണ്. തന്റെ വീടിന് ചുറ്റും ഡസന്‍ കണക്കിന് സായുധ പോലീസുകാരെ വിന്യസിച്ച് വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്ന് സോനം വാങ്ചുക്ക് എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി‘ഞാന്‍ വീട്ടുതടങ്കലിലാണ്. ഡസന്‍ കണക്കിന് സായുധ സേനക്കാര്‍ എന്റെ വീട് വളഞ്ഞിരിക്കുന്നു. വീട്ടില്‍ തന്നെ കഴിയാന്‍ എന്നോട് നിര്‍ദ്ദേശിച്ചിട്ടുണ്ട് എന്നാണ് സര്‍ക്കാര്‍ പറയുന്നത്. ലേയിലെ കഴിഞ്ഞ വര്‍ഷത്തെ കൊലപാതകങ്ങളെക്കുറിച്ചുള്ള ജുഡീഷ്യല്‍ എന്‍ക്വയറി കമ്മീഷന് റിപ്പോര്‍ട്ട് എന്തുകൊണ്ട് വൈകുന്നു? മധ്യശൈത്യകാലത്ത് ഇത്തരമൊരു കപട കൗണ്‍സില്‍ തിരഞ്ഞെടുപ്പ് ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നത് എന്തിനാണ്? ഇത്തരം അസ്വസ്ഥതയുണ്ടാക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചതുകൊണ്ടാണ് വീട്ടുതടങ്കലിലാക്കിയിരിക്കുന്നത്. ലഡാക്ക് മുഴുവന്‍ പ്രതിഷേധത്തിലാണ്. ലോകത്തിലെ ഏറ്റവും വലിയ ജുഡീഷ്യറിയുള്ള രാജ്യത്ത് എന്റെ എക്സ്, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് റീച്ച് എന്നിവ തടസ്സപ്പെടുത്തപ്പെട്ടിരിക്കുന്നു. ദയവായി ഈ സന്ദേശം പങ്കുവെക്കാന്‍ സഹായിക്കുക.’- വാങ്ചുക്കിന്റെ പോസ്റ്റില്‍ പറയുന്നുContent Highlights: Climate activist Sonam Wangchuk has been placed under 60-day house arrest in Leh under BNSS Section 163 ahead of the December 4 Ladakh Hill Council elections. Wangchuk had opposed holding polls during severe winter. He alleged the action was taken because he asked uncomfortable questions.