തിരുവനന്തപുരം | വൈദ്യുതി ഇടപാടില്‍ മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കും ഇടയിലുള്ള ഭിന്നതയ്ക്കിടെ മന്ത്രിസഭാ യോഗം ഇന്ന് ചേരും. വൈദ്യുതി വകുപ്പിലെ മുഖ്യമന്ത്രിയുടെ ഇടപെടലുകളില്‍ മന്ത്രി സണ്ണി ജോസഫിന് കടുത്ത അതൃപ്തിയുണ്ട്. എല്ലാ മന്ത്രിമാരെയും മറികടന്ന് അഴിമതി ലക്ഷ്യമിട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പവര്‍ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നതായാണ് പ്രതിപക്ഷ ആരോപണം. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം തകര്‍ന്നുവെന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് മന്ത്രിസഭാ യോഗം ചേരുന്നത്.വൈദ്യുതി വിവാദത്തില്‍ പ്രതിപക്ഷം ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വൈദ്യുതി കരാര്‍ വിവാദം മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയ്ക്ക് വന്നേക്കും. വിവാദങ്ങളില്‍ മുഖ്യമന്ത്രിയുടെ പ്രതികരണവും ഇന്നുണ്ടാകും. കൃത്രിമ വൈദ്യുതി ക്ഷാമമുണ്ടാക്കി വന്‍ വൈദ്യുതി കൊള്ള നടത്താനുള്ള മുഖ്യമന്ത്രി വി ഡി സതീശന്റെ നീക്കത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ ആവശ്യം. സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധിയാണെന്ന ആരോപണം വ്യാജമെന്ന് തെളിഞ്ഞെന്നും ഒക്ടോബര്‍ 10ലെ വൈദ്യുതി റെഗുലേറ്ററി കമ്മീഷന് ഉത്തരവ് പ്രകാരം കേരളത്തില്‍ നിലവില്‍ വൈദ്യുതി പ്രതിസന്ധി ഇല്ലെന്ന് വ്യക്തമായതായും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. 2026 മുതല്‍ 2027 ഏപ്രില്‍ വരെ വൈദ്യുതി ലഭ്യതയുണ്ടെന്ന ഉത്തരവുള്ളപ്പോഴാണ് വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന വസ്തുതാവിരുദ്ധമായ കാര്യം മുഖ്യമന്ത്രി പ്രചരിപ്പിച്ചതും നിയമവിരുദ്ധമായ കരാറിന് ശ്രമിച്ചതെന്നുമുള്ള ആരോപണം ശക്തമാണ്.എല്ലാ വ്യവസ്ഥയും മറികടന്ന് ജനങ്ങളെ ഭീതിയിലാക്കി. കരാര്‍ സംബന്ധിച്ച എല്ലാ ഫയലുകളും പുറത്തുവരണം. കെഎസ്ഇബിയേയും വകുപ്പ് മന്ത്രിയേയും മറികടന്ന് മുഖ്യമന്ത്രി ഏകപക്ഷീയമായി ജി എന്‍ എയുമായി കരാറിലേര്‍പ്പെടാന്‍ തീരുമാനിച്ചു. അഴിമതി നടത്തുന്നതിനായി ഓരോരോ മേഖലകള്‍ കണ്ടെത്തുകയാണ്.ഇപ്പോഴത്തെ കരാറില്‍ മുന്നോട്ടുപോകേണ്ടതില്ലെന്ന തീരുമാനം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് വൈദ്യുതി മന്ത്രി വ്യക്തമാക്കിയിരുന്നു. എക്സൈസ് വകുപ്പ്, ആരോഗ്യ വകുപ്പ് മന്ത്രിമാരും സമാനമായ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. ജി എന്‍ എയില്‍ നിന്ന് വൈദ്യുതി വാങ്ങാനുളള നീക്കത്തില്‍ നിന്ന് മുഖ്യമന്ത്രി പിന്മാറിയതോടെ രാഷ്ട്രീയ വിജയമാണെന്ന വിലയിരുത്തലില്‍ പ്രതിപക്ഷം ആരോപണം കടുപ്പിക്കുകയാണ്. Content Highlights: The Kerala Cabinet meets today amid sharp differences between the Chief Minister and Power Minister Sunny Joseph over a controversial electricity deal. Opposition leaders have demanded a judicial probe, alleging corruption and a fabricated power crisis to facilitate illegal agreements.