തിരുവനന്തപുരം | ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയെ കേരളത്തിലെത്തിക്കാനെന്ന പേരില്‍ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ കായിക മന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേര്‍ത്ത് പ്രോസിക്യൂട്ട് ചെയ്യുന്നതിന് ഗവര്‍ണര്‍ ഓംപ്രകാശ് മാത്തൂര്‍ അനുമതി നല്കി. അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്താന്‍ അനുമതി തേടി നേരത്തെ സര്‍ക്കാരും മുഖ്യമന്ത്രിയും രാജ്ഭവന് കൈമാറിയ ഫയലിലാണ് ഗവര്‍ണര്‍ ഇപ്പോള്‍ തീരുമാനമെടുത്തിരിക്കുന്നത്.രാജേന്ദ്ര അര്‍ലേക്കര്‍ ഗവര്‍ണര്‍ പദവിയിലിരിക്കെയാണ് വി അബ്ദുറഹ്മാനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി തേടി സര്‍ക്കാര്‍ രാജ്ഭവനെ സമീപിച്ചിരുന്നത്. എന്നാല്‍, സ്ഥാനം ഒഴിയുന്നതുവരെ ഫയലില്‍ മുന്‍ ഗവര്‍ണര്‍ തീരുമാനമെടുത്തിരുന്നില്ല. തുടര്‍ന്ന് പുതിയ ഗവര്‍ണറായി ചുമതലയേറ്റ ഓംപ്രകാശ് മാത്തൂര്‍ വിഷയം പരിശോധിക്കുകയും നിയമോപദേശം തേടുകയും ചെയ്തിരുന്നു.ഗവര്‍ണറുടെ പ്രോസിക്യൂഷന് അനുമതി ലഭിച്ചതോടെ വി അബ്ദുറഹ്മാനെ കേസില്‍ പ്രതിചേര്‍ക്കാനും അറസ്റ്റ് അടക്കമുള്ള നിയമനടപടികളുമായി മുന്നോട്ടുപോകാനും പ്രത്യേക അന്വേഷണ സംഘത്തിന് സാധിക്കും. വിശദമായ അന്വേഷണത്തിന് ശേഷം എസ്ഐടി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വി അബ്ദുറഹ്മാന്, റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി ഉടമ ആന്റോ അഗസ്റ്റിന്, യു ഷറഫലി, സി സത്യപാലന് എന്നിവര്‍ ഉള്‍പ്പെടെ അഞ്ച് പേരെ പ്രതിചേര്‍ക്കുന്നതിനാണ് അനുമതി തേടിയിരുന്നത്.കേസില്‍ ആഭ്യന്തര വകുപ്പിന്റെ അനുമതി മാത്രം മതിയെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും, കൂടുതല്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ രാജ്ഭവന്റെ പ്രോസിക്യൂഷന് അനുമതി തേടിയത്.മാനദണ്ഡങ്ങള്‍ പാലിക്കാതെയും കൃത്യമായ നടപടിക്രമങ്ങളില്ലാതെയും അനധികൃതമായി ടെന്‍ഡര്‍ നല്കി റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് സ്പോണ്‍സര്‍ഷിപ്പ് അനുവദിച്ചു, വകുപ്പുകളെ ഇരുട്ടില്‍ നിര്‍ത്തി, ഔദ്യോഗിക പദവിയും സര്‍ക്കാര്‍ രേഖകളും ദുരുപയോഗം ചെയ്തു , ജിഎസ്ടി തട്ടിപ്പ് തുടങ്ങി നിരവധി ഗുരുതരമായ കുറ്റകൃത്യങ്ങളാണ് എസ് ഐ ടി അന്വേഷണത്തില്‍ കണ്ടെത്തിയത്.Content Highlights: Kerala Governor has granted prosecution sanction against V Abdurahiman. This clears the way for the Special Investigation Team to name him as an accused in the case. The SIT can now proceed with further legal actions, including a potential arrest