മൈക്രോസോഫ്റ്റ് സെര്‍വറുകളില്‍ വന്‍ തകരാര്‍: ഇന്ത്യയിലുള്‍പ്പെടെലോകമെമ്പാടും വിമാന സര്‍വീസുകളും സര്‍ക്കാര്‍ സേവനങ്ങളും താളംതെറ്റി

Wait 5 sec.

ന്യൂഡല്‍ഹി | മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചറിലും ഇമെയില്‍ സെര്‍വറുകളിലുമുണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ലോകമെമ്പാടും വ്യോമയാന, സര്‍ക്കാര്‍, വാണിജ്യ മേഖലകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. വ്യാഴാഴ്ച ആരംഭിച്ച് വെള്ളിയാഴ്ചയും തുടര്‍ന്ന ഈ പ്രതിസന്ധി 74 രാജ്യങ്ങളിലെ ഉപയോക്താക്കളെ ബാധിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഔട്ട്ലുക്ക്, ടീംസ്, ഷെയര്‍പോയിന്റ്, വണ്‍ഡ്രൈവ്, മൈക്രോസോഫ്റ്റ് 365 കോപൈലറ്റ് തുടങ്ങിയ പ്രമുഖ സേവനങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടത് ലോകമെമ്പാടുമുള്ള സ്ഥാപനങ്ങളെയും ജീവനക്കാരെയും പ്രതിസന്ധിയിലാക്കി.ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വ്യോമയാന മേഖലയെ തകരാര്‍ നേരിട്ട് ബാധിച്ചു. സാങ്കേതിക പ്രശ്‌നം മൂലം സ്‌പൈസ്‌ജെറ്റ് ഡല്‍ഹിയില്‍ നിന്നുള്ള മൂന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും രണ്ടെണ്ണം വൈകിക്കുകയും ചെയ്തു. ഇന്‍ഡിഗോ, ആകാശ എയര്‍ എന്നീ കമ്പനികളുടെ ഇമെയില്‍ അധിഷ്ഠിത കസ്റ്റമര്‍ സപ്പോര്‍ട്ട് സേവനങ്ങളും തടസ്സപ്പെട്ടു. എന്നാല്‍ തങ്ങളുടെ വിമാന സര്‍വീസുകളും ആശയവിനിമയ സംവിധാനങ്ങളും സുരക്ഷിതമാണെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി.സിംഗപ്പൂര്‍ സര്‍ക്കാരിന്റെ ഇമെയില്‍ സേവനങ്ങള്‍, ഫിലിപ്പീന്‍സ് സുപ്രീം കോടതി, ജപ്പാന്‍ സര്‍ക്കാരിന്റെ ഐ ടി സംവിധാനങ്ങള്‍ എന്നിവയെയും തകരാര്‍ ബാധിച്ചു. ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസ്, ആഭ്യന്തര രഹസ്യാന്വേഷണ ഏജന്‍സിയായ എ എസ് ഐ ഒ എന്നിവയുടെ പ്രവര്‍ത്തനങ്ങളും ഭാഗികമായി തടസ്സപ്പെട്ടു. കൂടാതെ, പ്രമുഖ എ ഐ കമ്പനികളായ ഓപ്പണ്‍ എ ഐ, ആന്ത്രോപിക് എന്നിവയുടെ മൈക്രോസോഫ്റ്റ് 365 കണക്റ്ററുകളിലും സാങ്കേതിക തടസ്സങ്ങള്‍ നേരിട്ടു.എക്‌സ്‌ചേഞ്ച് ഓണ്‍ലൈനില്‍ ഉണ്ടായ പ്രശ്‌നവും തുടര്‍ന്ന് വലിയ തോതില്‍ സെര്‍വറുകള്‍ പ്രവര്‍ത്തനരഹിതമായതുമാണ് വ്യാപകമായ തകരാറിന് വഴിവെച്ചതെന്ന് മൈക്രോസോഫ്റ്റ് കണ്ടെത്തി. സെര്‍വറുകളില്‍ അധിക ജോലിഭാരം ഉണ്ടായതാണ് പ്രശ്‌നം പരിഹരിക്കുന്നത് സങ്കീര്‍ണ്ണമാക്കിയത്. ഇതൊരു സൈബര്‍ ആക്രമണമോ അട്ടിമറിയോ അല്ലെന്ന് മൈക്രോസോഫ്റ്റും ഓസ്ട്രേലിയന്‍ ആഭ്യന്തര മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്. ഏഷ്യാ പസഫിക് മേഖല ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ സേവനങ്ങള്‍ സാധാരണ നിലയിലാക്കാനുള്ള അടിയന്തര നടപടികള്‍ പുരോഗമിക്കുകയാണെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു Content Highlights: A massive technical glitch in Microsoft’s cloud infrastructure disrupted global aviation, government, and commercial services across 74 countries. Major platforms like Outlook, Teams, and Microsoft 365 experienced widespread downtime, impacting flights and corporate operations. Microsoft confirmed the outage was not a cyberattack and worked to restore normal services