ജിഎൻഎയുമായി സംസ്ഥാന സർക്കാരിന് നിലവിൽ വൈദ്യുതി കരാറില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. വൈദ്യുതി ബോർഡ് ഒരു കരാറിലും ഒപ്പിട്ടിട്ടില്ലെന്നും ജിഎൻഎയെ മികച്ച ഓപ്ഷനായി പരിഗണിക്കുക മാത്രമാണ് ചെയ്തതെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. കരാർ സംബന്ധിച്ച മുൻനിലപാടിൽ നിന്ന് മുഖ്യമന്ത്രി പിന്നോട്ടുപോയതായാണ് പുതിയ വിശദീകരണം.രണ്ട് ഓപ്ഷനുകളാണ് സർക്കാരിന് മുന്നിലുണ്ടായിരുന്നതെന്നും അതിൽ മെച്ചപ്പെട്ടതായി ജിഎൻഎയെ വിലയിരുത്തുക മാത്രമാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. ദീർഘകാല വൈദ്യുതി കരാർ ഉണ്ടാക്കാതിരുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം വിശദീകരിച്ചു. സംസ്ഥാനത്ത് വൈദ്യുതി ക്ഷാമമുണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്നാണ് മുന്നറിയിപ്പ് നൽകിയിരുന്നത്. എന്നാൽ അടുത്ത രണ്ടുമാസത്തേക്ക് വൈദ്യുതി ആവശ്യമില്ലെന്ന പുതിയ റിപ്പോർട്ട് ലഭിച്ചതോടെയാണ് ജിഎൻഎ കരാറിൽ നിന്ന് തൽക്കാലം പിന്മാറാൻ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.രണ്ട് ദിവസം മുമ്പാണ് സർക്കാർ ജിഎൻഎ വൈദ്യുതി കരാറിൽ നിന്ന് പിന്മാറിയത്. അടുത്ത രണ്ടുമാസത്തേക്ക് സംസ്ഥാനത്ത് വൈദ്യുതി ക്ഷാമത്തിന് സാധ്യതയില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. കരാറിൽ നിന്ന് പിന്മാറിയതുകൊണ്ട് സർക്കാരിന് സാമ്പത്തിക നഷ്ടമുണ്ടാകില്ലെന്നും ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന വൈദ്യുതിയാണ് കേരളം വാങ്ങുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.അതേസമയം, തനിക്ക് ലഭിച്ച കത്തിൽ ദീർഘകാല വൈദ്യുതി നിയന്ത്രണം അഥവാ പവർകട്ട് ഉണ്ടാകുമെന്നാണ് അറിയിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ജിഎൻഎ കരാറുമായി ബന്ധപ്പെട്ട് ആരെയും തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കരാറിൽ നിന്നുള്ള പിന്മാറ്റത്തിന്റെ ഉത്തരവാദിത്തം കെഎസ്ഇബിക്ക് മേൽ ചുമത്തുന്നതായും മുഖ്യമന്ത്രിയുടെ വിശദീകരണം വിലയിരുത്തപ്പെടുന്നു. മുന്നോക്ക വിഭാഗ കമ്മീഷന്റെ റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ചതായും അദ്ദേഹം അറിയിച്ചു.The post ജിഎൻഎയുമായി കരാറില്ല; വൈദ്യുതി ബോർഡ് ഒപ്പിട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി appeared first on ഇവാർത്ത | Evartha.