പുലരിയുടെ ആദ്യകിരണങ്ങൾ കരുളായി നെടുങ്കയത്തെ തേക്കുതോട്ടത്തിലേക്ക് വീഴുമ്പോൾ അത് പഴയ ഓർമകൾക്ക് ഉണർവുണ്ടാക്കി. രാത്രി മഴപെയ്തതിനാൽ മണ്ണിനും കല്ലുകൾക്കുമെല്ലാം പുതിയ മുറിവ് പോലെ തിളക്കമുണ്ട്. മുന്നോട്ട് നടക്കും തോറും ചെളിക്കൊപ്പം പഴയകാലത്തിന്റെ ഓർമകളും കാലുകളിൽ ഒട്ടിപ്പിടിച്ചു. നനഞ്ഞ മണ്ണിന്റെ ഗന്ധവും അകലെ എവിടെനിന്നോ എത്തിയ കാട്ടുകിളികളുടെ ശബ്ദവും ചേർന്നപ്പോൾ വനം മെല്ലെ ഹൃദയം തുറന്നു. കാട്ടുപാതയിലൂടെ അരമണിക്കൂർ നടന്നപ്പോൾ നെടുങ്കയം ഗിർഡർ പാലം എക്‌സറേയിലെ അസ്ഥികൾ പോലെ മുന്നിൽ തെളിഞ്ഞു. 1933-ൽ ബ്രിട്ടീഷ് ഭരണകാലത്താണ് പാലം നിർമിച്ചത്. നീലഗിരിയിൽ നിന്ന് ഇറങ്ങിവരുന്ന കരിമ്പുഴക്ക് മുകളിലൂടെ നീട്ടിയിട്ട ഈ ഇരുമ്പ് ഘടന കാടിന്റെ നെഞ്ചിൽ ആരോ സൂക്ഷ്മമായി തുന്നിവെച്ച മുറിവുപോലെ തോന്നിച്ചു.പെരുങ്കാടിനുള്ളിൽ അത്രയും പണ്ട് ഈ പാലം ആര്, എന്തിന് പണിതു ? മലബാറിലെ തന്നെ ആദ്യ പാലങ്ങളിൽ ഒന്നാണിത്. വനം മനുഷ്യനെ തേടിയതോ? മനുഷ്യൻ വനത്തെ കീഴടക്കാൻ ശ്രമിച്ചതോ?പാലത്തിലൂടെ നടക്കുമ്പോൾ ഒന്പത് പതിറ്റാണ്ട് മുന്പ് മരിച്ചുപോയ ഒരാൾ മനസ്സിൽ വീണ്ടും ജനിച്ചു. ഇ എസ് ഡോസൺ. ഇന്ത്യൻ ഫോറസ്റ്റ് സർവീസിലെ ബ്രിട്ടീഷ് എൻജിനീയറായിരുന്ന ഇദ്ദേഹമാണ് ഈ പാലം പണികഴിപ്പിച്ചത്. നിർമാണം കഴിഞ്ഞു അഞ്ചു വർഷം തികയും മുമ്പേ 1938 ഒക്ടോബർ ഒന്പതിന് ഇതേ പാലത്തിന് താഴെ അയാൾ മുങ്ങിമരിച്ചു. വനത്തിൽ പാടില്ലാത്തിടത്ത് പാലം പണിതതിനു വനത്തിലെ പ്രത്യേക ശക്തി ഡോസണെ വെള്ളത്തിലേക്ക് വിളിച്ചിറക്കിയതായിരിക്കുമോ എന്നൊരു പഴയ ചോദ്യമുണ്ട്.അനന്തം പഴക്കമുള്ള നിഴൽ ആത്മാക്കൾ വനത്തിൽ വസിക്കുന്നുണ്ടെന്നും അവരുടെ അദൃശ്യ സഞ്ചാരപാതകൾ മുറിക്കുന്നവരെ അവർ വെറുതെ വിടില്ലെന്നും ആദിവാസി മൂപ്പന്മാർ വിറയലോടും ആരാധനാഭീതിയോടും കൂടി ചൂളമൊഴിയാറുണ്ട്. മഴയും പ്രളയവുമൊന്നുമില്ലായിരുന്നു. എന്നിട്ടും തെളിഞ്ഞ വെള്ളം ഒരാളെ പ്രത്യേകം തിരഞ്ഞെടുത്തതുപോലെ ഡോസണെ താഴേക്ക് വലിച്ചെടുത്തു. മൃതശരീരം കണ്ടെടുക്കുമ്പോൾ മുഖത്ത് ഭയമല്ല, അതിശയമാണത്രെ ഉണ്ടായിരുന്നത്. അവസാന നിമിഷം അത്ഭുതകരമായ എന്തോ കണ്ടതുപോലെ. ഡോസൺ മരിച്ച രാത്രിയിൽ കാട് അസാധാരണമായി നിശബ്ദമായിരുന്നു.ഇന്നും ആ പാലത്തിനരികിൽ അപകടങ്ങളും മരണങ്ങളും സംഭവിക്കുമ്പോൾ, ആളുകൾ ആദ്യം ഓർക്കുന്നത് ഡോസണെയാണ്. പാലത്തിലെ ഇരുമ്പ് തുരുമ്പെടുത്ത് വെള്ളത്തിലേക്ക് വീഴുന്ന ചുവന്ന പൊടികൾ രക്തത്തിന്റെ പഴയ ഓർമകൾ വീണ്ടും കൊണ്ടുവരുന്നു. നീണ്ടുനിൽക്കുന്ന ഗിർഡറുകളുടെ നിഴൽ, താഴെ ഒഴുകുന്ന പ്രവാഹത്തെ തൊടുമ്പോൾ, പാലം ഇപ്പോഴും ആരെയോ തേടി കൈ നീട്ടുന്നതുപോലെ തോന്നുന്നു. ഇതെല്ലാം വെറും യാദൃച്ഛികതകളും തോന്നലുകളുമായിരിക്കാം. പക്ഷേ, കാടുകൾക്ക് യാദൃച്ഛികതകളെ പോലും കഥകളാക്കി മാറ്റാനുള്ള കഴിവുണ്ട്.ഇന്ന് ഡോസൺ വിശ്രമിക്കുന്നത് സ്വന്തം ഇച്ഛാശക്തിയാൽ പണിത പാലത്തിന് സമീപത്താണ്. ശവകുടീരത്തിന് മീതെ ചാഞ്ഞുനിൽക്കുന്ന കാട്ടുമരങ്ങൾ ഓരോ കാലാവസ്ഥയിലും ഇലകളും കാട്ടുപൂക്കളും ചൊരിഞ്ഞ് ആദരാഞ്ജലി അർപ്പിക്കുന്നു, വനം ഇന്നും ഡോസണെ മറന്നിട്ടില്ലെന്നതിന്റെ സാക്ഷ്യം പോലെ.കാടുകൾക്ക് ഒരു മനഃശാസ്ത്രമുണ്ടെങ്കിൽ, ഈ പാലം അതിന്റെ അവബോധത്തിൽ പതിഞ്ഞ ട്രോമ ആയിരിക്കും. പുറത്തേക്ക് ഉറച്ചതും തണുത്തതും നിശബ്ദവുമായ രൂപം. എന്നാൽ ഉള്ളിൽ അനവധി വേദനകളുടെയും വേർപാടുകളുടെയും ശബ്ദം കുടുങ്ങിക്കിടക്കുന്നു.ഈ വഴിയിലൂടെ ഒരിക്കൽ വനസമ്പത്തുകളുമായി ലോറികൾ കടന്നുപോയിട്ടുണ്ടാകും. എന്നാൽ ഇന്ന് കാറ്റും പക്ഷികളുടെ വിളിയും യാത്രക്കാരുടെ വിസ്മയനിശ്വാസങ്ങളുമാണ് പോകുന്നത്. പാലത്തിന്റെ ഓരോ തൂണും നദിയുടെ അടിത്തട്ടിൽ കുത്തിനിൽക്കുന്ന കാലത്തിന്റെ വിരലുകൾ പോലെ, തൂണുകൾ വെള്ളത്തോട് പറയുന്നു: “നീ ഒഴുകിക്കൊണ്ടിരിക്ക്, ഞാൻ ഓർമകളെ താങ്ങിനിർത്താം.”ഡോസൺ സായിപ്പിന്റെ ശവകുടീരത്തിൽ നിന്ന് ഏതാനും മീറ്ററുകൾ നടന്നാൽ കാട് മറ്റൊരു സ്മൃതി തുറക്കുന്നു – ആനക്കൂട്. ഇവിടെ ചുവപ്പും പച്ചയും കലർന്ന ബോർഡ് മഴനനഞ്ഞു നിൽക്കുന്നത് വനമുന്നറിയിപ്പുമായല്ല. കാട്ടിൽ മനുഷ്യൻ എഴുതിവെച്ച കുറ്റസമ്മതപത്രമാണത്.1935-ലാണ് ആനപ്പന്തി നിർമിച്ചത്. കാടിന്റെ നാഭിയിൽ മനുഷ്യൻ കൊത്തിവെച്ച മൗനമുറിവിന്റെ മായ്ക്കാനാകാത്ത തീയതി. സ്വാതന്ത്ര്യത്തിന്റെ അർഥം അനുഭവിച്ച കാട്ടാനകളെ മരക്കമ്പികളുടെ വലയത്തിനുള്ളിൽ അടച്ചിടുകയും, അവരുടെ വന്യഹൃദയത്തെ ഭയത്തിന്റെ ഭാഷ പഠിപ്പിക്കുകയും ചെയ്തിരുന്ന ക്രൂരപാഠശാലയാണല്ലോ ആനക്കൂട്. മഴയെ പിന്തുടർന്ന് മലകൾ കടന്നുപോയിരുന്ന ആനകളെ ഇവിടെ മനുഷ്യന്റെ ഇഷ്ടത്തിനനുസരിച്ച് നടക്കാൻ പഠിപ്പിച്ചു. അതുകൊണ്ടുതന്നെ ആനക്കൂട് എന്ന വാക്ക് കാട് മറക്കാൻ ആഗ്രഹിക്കുന്ന ഒരു ദുഃസ്വപ്നത്തിന്റെ പേരാണ്.ഒരേസമയം അഞ്ച് ആനപ്പന്തികളും നാൽപ്പതിലേറെ ആനകളും ഇവിടെ ഉണ്ടായിരുന്നു. ആ മരക്കമ്പികൾക്കിടയിൽ എത്ര ഗർജ നങ്ങൾ തകർന്നുവീണിരിക്കാം, എത്ര തുമ്പിക്കൈകൾ സ്വാതന്ത്ര്യത്തിന്റെ കാറ്റ് തേടി ഇരുട്ടിൽ ഉയർന്നിരിക്കാം, എത്ര കണ്ണുകൾ മഴപെയ്യുന്ന കാടിനെ ഒരു നോട്ടം കാണാൻ കൊതിച്ചിരിക്കാം.ഇവിടെ നിന്ന് അവസാനമായി ‘ശിക്ഷണം’ പൂർത്തിയാക്കി കൊണ്ടുപോയ ആനയുടെ പേര് കുശാൽ എന്നാണ്. ആ പേര് കേൾക്കുമ്പോൾ തന്നെ വിചിത്രമായ വിരോധാഭാസം മനസ്സിലുണരും – കുശാൽ എന്നാൽ സുഖം, സന്തോഷം, സമാധാനം, ക്ഷേമം എന്നൊക്കെയാണ്. ആ പേരിന്റെ മൃദുലശബ്ദത്തിനകത്ത് മറഞ്ഞുകിടക്കുന്നത് കാട്ടിൽ നിന്ന് പിഴുതെറിഞ്ഞ ഒരു വന്യാത്മാവിന്റെ ദീർഘവും നിശബ്ദവുമായ നെടുവീർപ്പാണ്. സ്വാതന്ത്ര്യത്തിന്റെ പാതകൾ മറക്കാൻ നിർബന്ധിതനായ ഒരു ആനയുടെ മൗനദുഃഖം ആ പേരിൽ ഇന്നും ഇവിടെ അലഞ്ഞുനടക്കുന്നു.കാഴ്ചക്കാർക്കായി പുതുക്കിപ്പണിത ആനപ്പന്തിയുടെ അരികിൽ നിൽക്കുമ്പോൾ, ഒരിക്കൽ ഇവിടെ പൂട്ടിയിട്ട ആനകളുടെ മറന്നുപോകാത്ത വനസ്മൃതികൾ പരസ്പരം ചിന്നംവിളിക്കുന്നത് കേൾക്കാം.ഡോസൺ സായിപ്പിന്റെ ശവകുടീരത്തിൽ നിന്ന് ആനപ്പന്തിയിലേക്കുള്ള പാത, യാത്രക്കാരന് രണ്ട് ലോകങ്ങൾ കാണിച്ചുതരുന്നു – ഇരുമ്പുകൊണ്ട് നദിയെ കീഴടക്കാൻ ശ്രമിച്ച മനുഷ്യനെയും മരക്കമ്പികളാൽ കാടിന്റെ മഹത്വത്തെ അടച്ചിടാൻ ശ്രമിച്ച മനുഷ്യനെയും. പക്ഷേ, കാലത്തെ അതിജീവിച്ച് പുഴയും കാടും ഇന്നും അവിടെത്തന്നെയുണ്ട്; മാറ്റമില്ലാതെ തുടരുന്ന മനുഷ്യന്റെ എല്ലാ അഹങ്കാരങ്ങളെയും മൗനമായി നോക്കിക്കൊണ്ട്.Content Highlights:The historic Nedumkayam Girder Bridge in Nilambur, built in 1933 by British engineer E.S. Dawson, holds a mysterious legacy following his tragic drowning in 1938. Nearby lies the 1935 Elephant Kraal, a haunting reminder of captive forest elephants including Kushal, showing nature’s endurances.