മലപ്പുറത്തിനു നേരെ വീണ്ടും വിദ്വേഷശരങ്ങള്‍

Wait 5 sec.

കേരളത്തിന്റെ ചരിത്രത്തിലും വര്‍ത്തമാനത്തിലും തുല്യതയില്ലാത്ത മാതൃകകള്‍ സൃഷ്ടിച്ച മലപ്പുറം ജില്ലക്കെതിരെ വീണ്ടും ആസൂത്രിത വിദ്വേഷ പ്രചാരണം. മുതിര്‍ന്ന സി പി എം നേതാവും പൊന്നാനി മുന്‍ എം എല്‍ എയുമായ പി നന്ദകുമാറിന്റെ ‘മലപ്പുറം വര്‍ഗീയവാദികളുടെ കൂടാരമാണ്’ എന്ന പ്രസ്താവന ജില്ലയെക്കുറിച്ച് ചില കേന്ദ്രങ്ങള്‍ കാലങ്ങളായി പ്രചരിപ്പിച്ചു വരുന്ന വിഷലിപ്തമായ കെട്ടുകഥകളുടെ തുടര്‍ച്ച മാത്രമാണ്. രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഒരു നാടിനെയും ജനവിഭാഗത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ഇത്തരം പ്രസ്താവനകളെ കേരളീയ പൊതുസമൂഹവും ജനാധിപത്യ പ്രസ്ഥാനങ്ങളും ഒറ്റക്കെട്ടായി ചെറുക്കേണ്ടതുണ്ട്.പിന്നാക്കാവസ്ഥയിലായിരുന്ന മലബാറിന്റെ വികസനം ത്വരിതപ്പെടുത്താനും ഭരണനിര്‍വഹണം കാര്യക്ഷമമാക്കാനുമായി 1969ല്‍ ഇ എം എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാറാണ് കോഴിക്കോട്- പാലക്കാട് ജില്ലകളിലെ ചില പ്രദേശങ്ങളെ സംയോജിപ്പിച്ച് മലപ്പുറം ജില്ല രൂപവത്കരിച്ചത്. അന്നു തൊട്ടേ തുടങ്ങിയതാണ് ജില്ലക്കെതിരായ വര്‍ഗീയ- വിദ്വേഷ പ്രചാരണം. ജില്ലാ രൂപവത്കരണത്തെ കോണ്‍ഗ്രസ്സും ബി ജെ പി(ജനസംഘം)യും ശക്തമായി എതിര്‍ത്തു. ‘കൊച്ചുപാകിസ്താന്‍’ സൃഷ്ടിക്കുകയാണെന്നാണ് ചില കോണ്‍ഗ്രസ്സ് നേതാക്കള്‍ അന്ന് കുറ്റപ്പെടുത്തിയത്. ആര്യാടന്‍ മുഹമ്മദ് ജില്ലാ രൂപവത്കരണത്തിനെതിരെ ഉപവാസ സമരം നടത്തി. പിന്നീട് പലപ്പോഴായി ബി ജെ പി നേതാവ് മേനകാ ഗാന്ധി, വി എസ് അച്യുതാനന്ദന്‍, വെള്ളാപ്പള്ളി നടേശന്‍, മുന്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍, പിണറായി വിജയന്‍ തുടങ്ങിയവരില്‍ നിന്നും മലപ്പുറത്തിനെതിരെ വിദ്വേഷ- അപകീര്‍ത്തിപരമായ പരാമര്‍ശങ്ങളുണ്ടായി. പോപ്പുലര്‍ ഫ്രണ്ട് പോലുള്ള തീവ്രവാദ സംഘടനകളുമായി ബന്ധപ്പെടുത്തി ജില്ലയെ ഭീകരവാദകേന്ദ്രമായി ചിത്രീകരിക്കാന്‍ സംഘ്പരിവാര്‍ നിരന്തരം ശ്രമിച്ചുവരികയും ചെയ്യുന്നു.ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഇത്തരം അധിക്ഷേപങ്ങള്‍ക്കിടയില്‍ മലപ്പുറം കാഴ്ചവെക്കുന്നത് വ്യത്യസ്ത ചിത്രവും ഉയര്‍ത്തിപ്പിടിക്കുന്നത് മാതൃകാപരമായ നിലപാടുകളുമാണ്. കേരളത്തിനു മാത്രമല്ല, ഇന്ത്യക്കാകെ മാതൃകയാക്കാവുന്ന മതസൗഹാര്‍ദത്തിന്റെയും സാഹോദര്യത്തിന്റെയും ഭൂമികയാണ് മലപ്പുറം. ഇവിടുത്തെ സാമുദായിക ഐക്യത്തിന്റെയും മനുഷ്യബന്ധങ്ങളുടെയും ആഴവും പരപ്പും ജില്ലയുടെ ഗ്രാമങ്ങളിലും തെരുവോരങ്ങളിലും ചെന്നാല്‍ ഏതൊരാള്‍ക്കും ബോധ്യപ്പെടും. പൊന്നാനിയും തിരൂരും താനൂരും അങ്ങാടിപ്പുറവുമെല്ലാം ഈ ഐക്യത്തിന്റെ ദൃശ്യാവിഷ്‌കാരങ്ങളാണ്. പൊന്നാനി വലിയ പള്ളിയും അങ്ങാടിപ്പുറം തളിക്ഷേത്രവും മറ്റും സഹവര്‍ത്തിത്വത്തോടെ നിലകൊള്ളുന്നു.മാമാങ്കത്തിന്റെയും തുഞ്ചത്ത് എഴുത്തച്ഛന്റെയും പൈതൃകം പേറുന്ന ഈ മണ്ണ് സാഹിത്യപരമായും സാംസ്‌കാരികമായും കേരളത്തിനു നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. ഒരു കാലത്ത് വിദ്യാഭ്യാസപരമായി പിന്നാക്കമായിരുന്ന ജില്ല ഇന്ന് അക്ഷരമുറ്റങ്ങളുടെയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കേന്ദ്രമാണ്. പ്രവാസലോകത്ത് ചോരനീരാക്കി കേരളത്തിന്റെ സമ്പദ്്വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്നതില്‍ മലപ്പുറത്തുകാരുടെ പങ്ക് ചെറുതല്ല. പ്രളയ കാലത്തും മഹാമാരിയുടെ ഘട്ടത്തിലും ജാതിയും മതവും നോക്കാതെയും ജീവന്‍ പണയം വെച്ചും സഹായത്തിന്റെ ഹസ്തവുമായെത്തിയ മലപ്പുറത്തെ കാരുണ്യപ്രവര്‍ത്തകര്‍ ഈ നാടിന്റെ നന്മയുടെ അടയാളങ്ങളാണ്. ജില്ലാ രൂപവത്കരണത്തെ എതിര്‍ത്തവര്‍ക്കു തന്നെ പിന്നീട് അതിന്റെ രാഷ്ട്രീയ- സാമൂഹിക യാഥാര്‍ഥ്യങ്ങളെ അംഗീകരിക്കേണ്ടി വരികയും കേരളത്തിന്റെ അവിഭാജ്യ ഘടകമാണ് മലപ്പുറമെന്നു തിരുത്തിപ്പറയേണ്ടി വരികയും ചെയ്തു. ചരിത്രത്തിന്റെ ഗതി തന്നെ ഇത്തരം ആരോപണങ്ങളുടെ പൊള്ളത്തരം തുറന്നു കാണിക്കുന്നു.മലപ്പുറത്തിനെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ തെളിവുകള്‍ വെച്ചു സംസാരിക്കട്ടെ. രാഷ്ട്രീയവാദങ്ങള്‍ വസ്തുതകളുടെ അടിസ്ഥാനത്തിലാകട്ടെ. വിമര്‍ശം സംഘടനകളോടും നയങ്ങളോടും വ്യക്തികളോടുമാകട്ടെ. ഒരു ജനതയോടാകരുത്. തിരഞ്ഞെടുപ്പുകളില്‍ ജയിക്കാനും വോട്ടുകള്‍ നേടാനും സമൂഹത്തെ മതത്തിന്റെ പേരില്‍ അപകീര്‍ത്തിപ്പെടുത്താനും അരിവത്കരിക്കാനും ശ്രമിക്കുന്നവര്‍ സദാ ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. അതുവഴി തകരുന്ന സാമൂഹിക വിശ്വാസവും ബന്ധങ്ങളും കെട്ടുറപ്പും പുനഃസ്ഥാപിക്കുക അത്ര എളുപ്പമല്ല. മലപ്പുറത്തെ പ്രതിക്കൂട്ടിലാക്കുന്നതിനു പകരം മലപ്പുറവും കേരളവും ഉയര്‍ത്തിപ്പിടിച്ച മതസൗഹാര്‍ദത്തിന്റെ പാരമ്പര്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് വിവേകശാലികളായ നേതാക്കള്‍ വേണ്ടത്. ഒരു പ്രദേശത്ത് ഒരു മതവിഭാഗത്തിന്റെ ജനസംഖ്യ കൂടുതലായതുകൊണ്ട് അവിടം വര്‍ഗീയമാകുകയാണെങ്കില്‍, ഇന്ത്യയിലെ പല സംസ്ഥാനങ്ങളെയും ജില്ലകളെയും ഈ മാനദണ്ഡത്തില്‍ വര്‍ഗീയമായി ചിത്രീകരിക്കേണ്ടി വരും.ഒരു പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാടിനെ ചോദ്യം ചെയ്യാം. ഒരു സംഘടനയുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കാം. അതേസമയം രാഷ്ട്രീയ എതിരാളികളോടുള്ള വിരോധത്തിന്റെ പേരില്‍ ഒരു ജില്ലയെയോ മതസമൂഹത്തെയോ മൊത്തത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്ന ഭാഷ ഉപയോഗിക്കുന്നതും വര്‍ഗീയമായി ചിത്രീകരിക്കുന്നതും ജനാധിപത്യ രാഷ്ട്രീയത്തിന് അനുയോജ്യമല്ല. നന്ദകുമാറിന്റെ പ്രസ്താവനയെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തന്നെ തള്ളിപ്പറഞ്ഞത് സ്വാഗതാര്‍ഹമാണ്. മനുഷ്യര്‍ തമ്മിലുള്ള ദൈനംദിന ബന്ധങ്ങളാണ് ഒരു സമൂഹത്തിന്റെ യഥാര്‍ഥ സ്വഭാവം നിര്‍ണയിക്കുന്നത്. അല്ലാതെ സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകളോ രാഷ്ട്രീയ വേദികളിലെ പ്രകോപനപരമായ പ്രസ്താവനകളോ അല്ല. അപവാദ പ്രചാരണങ്ങളെ സ്നേഹം കൊണ്ടും മതസൗഹാര്‍ദം കൊണ്ടും ചെറുത്തുതോല്‍പ്പിച്ച മലപ്പുറം ഇനിയും മതസൗഹാര്‍ദത്തിന്റെ മാതൃകയായി കേരളത്തിന്റെ നെറുകയില്‍ തന്നെ തിളങ്ങി നില്‍ക്കും.