സെപാംഗ് / മനാമ: മലേഷ്യയിലെ സെപാംഗ് ഇന്റർനാഷണൽ സർക്യൂട്ടിൽ (SIC) നടന്ന 2026 ഫോർമുലാ വൺ ‘ഗൾഫ് എയർ ബഹ്‌റൈൻ ഗ്രാൻഡ് പ്രി’ മൂന്ന് ദിവസങ്ങളിലായി 2,61,000 കാണികളെ ആകർഷിച്ച് ചരിത്ര നേട്ടം കൈവരിച്ചു. മത്സരം പൂർണ്ണമായും ഹൗസ്ഫുളായതായി എഫ്.വൺ, എഫ്.ഐ.എ (FIA), ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ട് (BIC), സെപാംഗ് ഇന്റർനാഷണൽ സർക്യൂട്ട് എന്നിവർ ചേർന്നാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഫൈനൽ റേസ് ദിനത്തിൽ മാത്രം 1,03,000 കാണികളാണ് മത്സരങ്ങൾ നേരിട്ട് വീക്ഷിക്കാൻ ട്രാക്കിലെത്തിയത്.കേവലം രണ്ട് മാസത്തെ ചുരുങ്ങിയ സമയം കൊണ്ട് ബഹ്‌റൈന്റെ തനതായ സംഘാടന മികവും ആതിഥ്യമര്യാദയും മലേഷ്യൻ മണ്ണിൽ പുനഃസൃഷ്ടിക്കാൻ സാധിച്ചതിൽ ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ ദീർഘവീക്ഷണവും നിർണായക പങ്കുവഹിച്ചതായി എഫ്.വൺ പ്രസിഡന്റും സി.ഇ.ഒയുമായ സ്‌റ്റെഫാനോ ഡൊമെനിക്കാലി പറഞ്ഞു. ഏതാണ്ട് 10 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് എഫ്.വൺ മലേഷ്യയിലേക്ക് തിരിച്ചെത്തുന്നത്.ടീം ബഹ്‌റൈന്റെയും മലേഷ്യൻ സർക്യൂട്ട് സംഘത്തിന്റെയും കൂട്ടായ പ്രവർത്തനമാണ് ഈ ചരിത്ര വിജയത്തിന് പിന്നിലെന്ന് വി.ഐ.സി (BIC) ചീഫ് എക്‌സിക്യൂട്ടീവ് ശൈഖ് സൽമാൻ ബിൻ ഈസ ആൽ ഖലീഫയും എസ്.ഐ.സി (SIC) ചെയർപേഴ്‌സൺ ഡാറ്റിൻ അനിത അസ്രീന അബ്ദുൽ അസീസും വ്യക്തമാക്കി. അടുത്ത വർഷം മാർച്ച് മാസത്തിൽ ബഹ്‌റൈൻ സർക്യൂട്ടിൽ നടക്കുന്ന അടുത്ത പതിപ്പിലേക്ക് എഫ്.വൺ ലോകത്തെ സ്വാഗതം ചെയ്യുന്നതായും സംഘാടകർ അറിയിച്ചു.The post ചരിത്രം കുറിച്ച് ‘ബഹ്‌റൈൻ ഗ്രാൻഡ് പ്രി’; മലേഷ്യയിൽ സാക്ഷ്യം വഹിച്ചത് 2.61 ലക്ഷം കാണികളുടെ സർവ്വകാല റെക്കോർഡ് പങ്കാളിത്തം appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.