ന്യൂഡല്‍ഹി|എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശനെതിരെ പരാതി നല്‍കി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം പി. യുഡിഎഫില്‍ കൂടിയാലോചനകളില്ലെന്ന അതൃപ്തി അടൂര്‍ പ്രകാശ് ഖര്‍ഗെയെ അറിയിച്ചു. പരാതി ഉന്നയിച്ചോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് യെസ് എന്നായിരുന്നു അടൂര്‍ പ്രകാശിന്റെ മറുപടി. ഡല്‍ഹിയിലെ ഇന്ദിരാഭവനിലെത്തിയായിരുന്നു കൂടിക്കാഴ്ച. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും ഇന്ദിരാഭവനിലെത്തി. ദീപാദാസ് മുന്‍ഷിയുമായും അടൂര്‍ പ്രകാശ് കൂടിക്കാഴ്ച നടത്തി. നാളെ രാഹുല്‍ ഗാന്ധിയേയും അദ്ദേഹം കാണും.അതിനിടെ, ഡല്‍ഹിയിലെ അടൂര്‍ പ്രകാശിന്റെ വസതിയില്‍ മന്ത്രി അനൂപ് ജേക്കബ് എത്തി. സൗഹൃദ കൂടിക്കാഴ്ച മാത്രമാണെന്നാണ് അനൂപ് ജേക്കബിന്റെ വിശദീകരണം. ആര്‍ക്കെതിരെയും പരാതി പറയാനല്ല ഡല്‍ഹിയിലെത്തിയതെന്നായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം. അടൂര്‍ പ്രകാശിന്റെ പരാതി എഐസിസി നേതൃത്വം പരിശോധിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്ന അഭിപ്രായമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.യുഡിഎഫില്‍ യാതൊരുവിധ കൂടിയാലോചനകളും നടക്കുന്നില്ലെന്നും നിര്‍ണ്ണായക തീരുമാനങ്ങള്‍ പോലും മുന്നണി കണ്‍വീനറായ താന്‍ അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നുമാണ് അടൂര്‍ പ്രകാശ് എംപി തുറന്നടിച്ചത്. കടുത്ത അതൃപ്തി പരസ്യമാക്കിയ അടൂര്‍ പ്രകാശ് മുന്നണിയിലുണ്ടാകുന്ന അവഗണനയും വീഴ്ചകളും എഐസിസി നേതൃത്വത്തെ അറിയിക്കുമെന്നും വ്യക്തമാക്കിയിരുന്നു. യുഡിഎഫിന്റെ ഔദ്യോഗിക യോഗങ്ങള്‍ അടുത്തകാലത്തൊന്നും ചേര്‍ന്നിട്ടില്ല. മുന്നണി യോഗങ്ങള്‍ ചേരാന്‍ മുഖ്യമന്ത്രിയാണ് മുന്‍കൈ എടുക്കേണ്ടത്.അദ്ദേഹം തീരുമാനമെടുക്കാത്തതുകൊണ്ടാണ് യോഗങ്ങള്‍ ചേരാന്‍ സാധിക്കാത്തത്. നിരവധി രാഷ്ട്രീയ വിഷയങ്ങളില്‍ ഘടകകക്ഷികളുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കേണ്ടതുണ്ട്. സ്റ്റേറ്റ് കമ്മിറ്റി വിളിച്ചുചേര്‍ക്കേണ്ടത് കണ്‍വീനറുടെ ചുമതലയാണെങ്കിലും ചെയര്‍മാനായ മുഖ്യമന്ത്രിയുടെ അനുമതിയോടെ മാത്രമേ അത് സാധ്യമാകൂവെന്നും അടൂര്‍ പ്രകാശ് പറഞ്ഞിരുന്നു.ഡോ. എം.കെ. മുനീറിന് ക്യാബിനറ്റ് പദവി നല്‍കിയതടക്കമുള്ള തീരുമാനങ്ങള്‍ അര്‍ഹതപ്പെട്ട ആളുകള്‍ക്ക് തന്നെയാണ് ലഭിച്ചത്. ആര്‍ക്കും അനര്‍ഹമായി ഒന്നും നല്‍കിയെന്ന് താന്‍ പറയുന്നില്ല. എന്നാല്‍ കണ്‍വീനര്‍ എന്ന നിലയില്‍ ഇത്തരം സുപ്രധാന കാര്യങ്ങള്‍ പോലും തന്നെ അറിയിച്ചില്ലെന്ന അതൃപ്തി അടൂര്‍ പ്രകാശ് പരസ്യമാക്കിയിരുന്നു.Content Highlights: UDF Convener Adoor Prakash MP met AICC President Mallikarjun Kharge at Indira Bhavan in Delhi to submit a complaint against Chief Minister VD Satheesan. Prakash expressed dissatisfaction over the lack of proper consultations and decision-making within the alliance. KPCC President Sunny Joseph and Minister Anoop Jacob also held talks with Prakash in Delhi regarding the issue.