സുഡാനിലെ ആക്രമണങ്ങള്‍; അപലപിച്ച് യു എന്‍ മനുഷ്യാവകാശ കൗണ്‍സില്‍

Wait 5 sec.

സുഡാനില്‍ സാധാരണക്കാര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ അപലപിച്ച് ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ കൗണ്‍സില്‍. രാജ്യത്തെ പ്രതിസന്ധിക്ക് ‘സൈനിക പരിഹാരമില്ല’ എന്ന് പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന കക്ഷികള്‍ക്ക് കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. നോര്‍ത്ത് കോര്‍ഡോഫാനില്‍ ഭക്ഷ്യവസ്തുക്കളുമായി പോവുകയായിരുന്ന ട്രക്കിനു നേരെയുണ്ടായ വ്യോമാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി വേള്‍ഡ് ഫുഡ് പ്രോഗ്രാം അറിയിച്ചതിന് പിന്നാലെയാണ് മനുഷ്യാവകാശ കൗണ്‍സിലിന്റെ പ്രസ്താവന.ജനീവയില്‍ ചേര്‍ന്ന 47 അംഗ കൗണ്‍സില്‍, സുഡാനിലെ വസ്തുതാന്വേഷണത്തിനായുള്ള സ്വതന്ത്ര അന്താരാഷ്ട്ര ദൗത്യസംഘത്തിന്റെ കാലാവധി നീട്ടിക്കൊണ്ടുള്ള പ്രമേയം പാസാക്കി. 28 പേര്‍ അനുകൂലിച്ചും 10 പേര്‍ എതിര്‍ത്തും വോട്ട് ചെയ്തപ്പോള്‍ ഒമ്പത് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. തങ്ങളുടെ ആശങ്കകള്‍ പരിഗണിക്കാന്‍ കൗണ്‍സില്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി, നടപടി തള്ളിക്കളയണമെന്ന് സുഡാന്‍ അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു.2023 ഏപ്രിലില്‍ ആരംഭിച്ച സുഡാന്‍ സൈന്യവും അര്‍ധസൈനിക വിഭാഗമായ ‘റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സും’ (RSF) തമ്മിലുള്ള യുദ്ധത്തില്‍ പതിനായിരക്കണക്കിന് പേര്‍ കൊല്ലപ്പെടുകയും 13 ദശലക്ഷത്തിലധികം പേര്‍ക്ക് പലായനം ചെയ്യേണ്ടിവരികയും ചെയ്തതായി മനുഷ്യാവകാശ സംഘടനകളുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.യാതൊരു ഉപാധികളുമില്ലാതെ എല്ലാ കക്ഷികളും അടിയന്തരമായും പൂര്‍ണമായും വെടിനിര്‍ത്തല്‍ നടപ്പിലാക്കണമെന്നും, ഒപ്പം സ്വതന്ത്ര നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുകയും അടിസ്ഥാന സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കുകയും വേണമെന്നും പ്രമേയം ആവശ്യപ്പെട്ടു. സുഡാനീസ് സായുധ സേനയും ആര്‍ എസ് എഫും അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ വ്യാപകമായി ലംഘിക്കുന്നതിനെ പ്രമേയം അപലപിച്ചു.കഴിഞ്ഞ മാസങ്ങളില്‍ ഇരുപക്ഷവും ഡ്രോണുകളുടെ ഉപയോഗം ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ ആദ്യ അഞ്ച് മാസങ്ങളില്‍ മാത്രം ഡ്രോണ്‍ ആക്രമണങ്ങളില്‍ 1,100-ലധികം ആളുകള്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. അനധികൃത സാമ്പത്തിക ശൃംഖലകള്‍, നിയമവിരുദ്ധമായ ആയുധ കൈമാറ്റങ്ങള്‍, വിദേശ കൂലിപ്പടയാളികള്‍ എന്നിവ സംഘര്‍ഷം ആളിക്കത്തിക്കുന്നത് തുടരുകയാണെന്ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ട്, യുദ്ധത്തിലെ ബാഹ്യ ഇടപെടലുകളെയും കൗണ്‍സില്‍ അപലപിച്ചു.ഇരുപക്ഷത്തു നിന്നും ഉണ്ടാകുന്ന അതിക്രമങ്ങളുടെ തെളിവുകള്‍ ശേഖരിക്കുന്ന വസ്തുതാന്വേഷണ സംഘം, നോര്‍ത്ത് ഡാര്‍ഫറിലെ തലസ്ഥാനമായ എല്‍-ഫാഷര്‍ ആര്‍ എസ് എഫ് വളഞ്ഞ് പിടിച്ചെടുത്ത നടപടിക്ക് ‘വംശഹത്യയുടെ ലക്ഷണങ്ങള്‍’ ഉണ്ടെന്ന് ഫെബ്രുവരിയില്‍ വിലയിരുത്തിയിരുന്നു. മാസങ്ങള്‍ നീണ്ട ഉപരോധത്തിനൊടുവില്‍ ഡാര്‍ഫറില്‍ വീണുപോയ അവസാനത്തെ സൈനിക ശക്തികേന്ദ്രമായ എല്‍-ഫാഷറില്‍, കൂട്ടക്കൊലകള്‍ക്ക് ഇരയാകുന്നതിന് മുമ്പ് സാധാരണക്കാരെ ഭക്ഷണവും മരുന്നും ലഭിക്കാത്ത അവസ്ഥയിലേക്ക് ആസൂത്രിതമായി തള്ളിവിട്ടിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. പ്രധാനമായും അറബ് ഇതര വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള വംശീയ കൊലപാതകങ്ങള്‍, വ്യാപകമായ ലൈംഗികാതിക്രമങ്ങള്‍, ചികിത്സാ കേന്ദ്രങ്ങളുടെ തകര്‍ക്കല്‍ എന്നിവയാണ് സംഘം രേഖപ്പെടുത്തിയത്.ഇതിനിടെ, സൗത്ത് കോര്‍ദോഫാനിലെ ഡില്ലിംഗിനും കഡുഗ്ലിക്കും ഇടയില്‍ സഞ്ചരിക്കുകയായിരുന്ന തങ്ങളുടെ വാഹനവ്യൂഹത്തിന് നേരെ നടന്ന വ്യോമാക്രമണത്തില്‍ ഒരു ഡ്രൈവര്‍ കൊല്ലപ്പെടുകയും ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് തുല്യമായ പ്രാധാന്യമുള്ള ഭക്ഷ്യവസ്തുക്കള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതായി വേള്‍ഡ് ഫുഡ് പ്രോഗ്രാം (WFP) പ്രസ്താവനയില്‍ അറിയിച്ചു.Content Highlights:The UN Human Rights Council strongly condemned the ongoing violence and atrocities against civilians in Sudan. Officials called for an immediate cessation of hostilities and unhindered humanitarian access. International bodies urged global intervention to prevent further escalation in the region.