കോഴിക്കോട് | ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയ്യ വിവിധ ദാഇറകളെ കേന്ദ്രീകരിച്ച് സംഘടിപ്പിച്ച ഡിസര്‍ട്ടേഷന്‍ പരിശീലന ശില്‍പശാലകള്‍ സമാപിച്ചു. ഡിഗ്രി തലത്തില്‍ തന്നെ വിദ്യാര്‍ഥികളില്‍ ഗവേഷണ അഭിരുചി വളര്‍ത്തി അക്കാദമിക ഗവേഷണ രംഗത്തേക്കും ഉന്നത പഠനങ്ങളിലേക്കും കൃത്യമായ ദിശാബോധം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ശില്‍പശാലകള്‍ സംഘടിപ്പിച്ചത്. ഗവേഷണ രീതിശാസ്ത്രം, ഡിസര്‍ട്ടേഷന്‍ തയ്യാറാക്കുന്നതിന്റെ വിവിധ ഘട്ടങ്ങള്‍, അക്കാദമിക രചനകളുടെ സവിശേഷതകള്‍ തുടങ്ങിയ വിഷയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രായോഗിക അവബോധം നല്‍കി. ഗവേഷണ വിഷയം തിരഞ്ഞെടുക്കല്‍, ശാസ്ത്രീയമായ വിവരശേഖരണം, അന്താരാഷ്ട്ര അക്കാദമിക മാനദണ്ഡങ്ങള്‍ എന്നിവയെക്കുറിച്ചും ശില്‍പശാലയില്‍ പ്രത്യേകം സെഷനുകള്‍ നടന്നു.കൊളത്തൂര്‍ ഇര്‍ശാദിയ്യ, നരിക്കുനി ബൈത്തുല്‍ ഇസ്സ, മലപ്പുറം മഅ്ദിന്‍ അക്കാദമി, കാസര്‍കോട് സഅദിയ്യ എന്നിവിടങ്ങളില്‍ വെച്ചാണ് ശില്‍പശാല നടന്നത്. കേരളത്തിന് പുറത്തുള്ള ദാഇറകള്‍ക്കായി അടുത്താഴ്ച പ്രത്യേകം ശില്‍പശാല നടക്കും. ഈ വര്‍ഷം മുതലാണ് ഡിഗ്രി തലത്തില്‍ ജാമിഅതുല്‍ ഹിന്ദ് ഡിസ്സെര്‍ട്ടേഷന്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. കൂടാതെ, ഇന്റേണല്‍ മാര്‍ക്കിംഗിനായി റിസേര്‍ച്ച് പേപ്പറും നടപ്പാക്കിയിരിക്കുന്നു. ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് അക്കാദമിക മേല്‍നോട്ടം വഹിക്കുന്നതിനായി ഓരോ ദാഇറയിലും പ്രത്യേകം റിസര്‍ച്ച് മേധാവികളെയും ജാമിഅക്ക് കീഴില്‍ നിയോഗിച്ചിട്ടുണ്ട്.സെഷനുകള്‍ക്ക് ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫി, ഡോ. ഫൈസല്‍ അഹ്‌സനി രണ്ടത്താണി, ഡോ. സ്വലാഹുദ്ദീന്‍ അല്‍ ഹസനി, ഡോ. അബ്ദുറഹീം സഖാഫി, ഡോ. അബ്ദുശുക്കൂര്‍ സിദ്ദീഖി, ഡോ. സ്വാലിഹ് ബുഖാരി, അഡ്വ. അഹമ്മദ് രിഫായി ഹിമമി, ഉബൈദുല്ല നൂറാനി, നൗഫല്‍ ഇര്‍ഫാനി, ഷബീര്‍ നൂറാനി, റാഫി സുറൈജി, ശബീബ് അദനി, ഷഹീദ് അന്‍വര്‍ നൂറാനി, കെ എം ജുനൈദ് ഖലീല്‍ നൂറാനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.Content Highlights:Jamia Tul Hind successfully concluded its degree-level dissertation workshops aimed at strengthening academic research skills among students. The program focused on methodology, paper preparation, and advanced study frameworks. Experts guided participants through various interactive educational sessions.