മനില | ആഗോള ഊര്‍ജ പ്രതിസന്ധികളെയും വിതരണ തടസ്സങ്ങളെയും നേരിടുന്നതിനും ഏഷ്യന്‍ രാജ്യങ്ങളുടെ ഇന്ധന സുരക്ഷ ഉറപ്പാക്കുന്നതിനുമായി സുപ്രധാന പദ്ധതികള്‍ ജപ്പാന് പ്രധാനമന്ത്രി സനയേ തകായിച്ചി പ്രഖ്യാപിച്ചു. മനിലയില്‍ നടക്കുന്ന 49-ാമത് ആസിയാന്‍ ഉച്ചകോടിക്കിടെ ചേര്‍ന്ന ഏഷ്യ സീറോ എമിഷന്‍ കമ്മ്യൂണിറ്റിയുടെ നാലാമത് നേതാക്കളുടെ ഉച്ചകോടിയിലാണ് അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സിയുടെ മാതൃകയില്‍ ‘ഏഷ്യന്‍ ഓയില്‍ സെക്യൂരിറ്റി ടാസ്ക് ഫോഴ്സ്’ (ഏഷ്യന്‍ ഐ ഇ എ), മിഡില്‍ ഈസ്റ്റ് രാജ്യങ്ങളുമായി സഹകരിച്ചുള്ള ‘പവര്‍ ഗള്‍ഫ് ഇനിഷ്യേറ്റീവ്’ എന്നിവ ജപ്പാന് മുന്നോട്ടുവെച്ചത്.ഫിലിപ്പൈന്‍സ് പ്രസിഡന്റ് ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസ് ജൂനിയറിനൊപ്പം ചേര്‍ന്നാണ് തകായിച്ചി യോഗത്തില്‍ അധ്യക്ഷത വഹിച്ചത്. ഏഷ്യന്‍ ഉപഭോക്തൃ രാജ്യങ്ങള്‍ക്കൊപ്പം ഗള്‍ഫ് എണ്ണ ഉത്പാദക രാജ്യങ്ങള്‍ക്കും സാമ്പത്തികമായും തന്ത്രപരമായും വലിയ നേട്ടങ്ങള്‍ നല്‍കുന്നതാണ് ഈ സംയുക്ത നീക്കം.അടിയന്തര ഘട്ടങ്ങളില്‍ പങ്കാളിത്ത രാജ്യങ്ങള്‍ക്കിടയില്‍ കരുതല്‍ എണ്ണ ശേഖരം വിട്ടുനല്‍കുന്നതിനും കൈമാറുന്നതിനും ഏകോപനം നല്കാന് ടോക്കിയോയില്‍ ഒരു ഓപറേഷന്‍സ് സെന്റര്‍ സ്ഥാപിക്കും. നിലവില്‍ ഐ ഇ എയില്‍ അംഗങ്ങളല്ലാത്ത ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ എണ്ണ വിപണിയിലെ വിവരങ്ങള്‍ പങ്കുവെക്കാനും ടാസ്ക് ഫോഴ്സ് ലക്ഷ്യമിടുന്നു. ടോക്കിയോയില്‍ പുതുതായി തുറക്കുന്ന ഐ ഇ എ ഓഫീസുമായി ചേര്‍ന്ന് ‘ആസിയാന്‍ ആന്‍ഡ് ഈസ്റ്റ് ഏഷ്യ ഇക്കണോമിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്’ (ERIA) ഇതിന്റെ സെക്രട്ടേറിയറ്റായി പ്രവര്‍ത്തിക്കും.പദ്ധതിയുടെ ഭാഗമായി, ജപ്പാനില്‍ ഉപയോഗശൂന്യമായി കിടക്കുന്ന എണ്ണ സംഭരണ ടാങ്കുകള്‍ നിശ്ചിത ഫീസ് ഈടാക്കി അയല്‍രാജ്യങ്ങള്‍ക്ക് എണ്ണ സൂക്ഷിക്കാന്‍ വിട്ടുനല്‍കും. പ്രതിസന്ധി ഘട്ടങ്ങളില്‍ ഈ രാജ്യങ്ങള്‍ക്ക് എണ്ണ വാങ്ങുന്നതില്‍ മുന്‍ഗണന ലഭിക്കും.ഫിലിപ്പീന്‍സ് നേതൃത്വം നല്കുന്ന ആസിയാന്‍ രാജ്യങ്ങളുടെ ‘ടിക്കറ്റ് അധിഷ്ഠിത സംഭരണ പദ്ധതിയുമായും’ ജപ്പാന് സഹകരിക്കും. പുതിയ ടാങ്കുകള്‍ നിര്‍മിക്കുന്നതിന് പകരം, ഇന്തോനേഷ്യയിലും തായ്ലന്‍ഡിലും നിലവിലുള്ള സംഭരണശാലകള്‍ ഉപയോഗിച്ച് കുറഞ്ഞ ചെലവില്‍ ഇന്ധനം കരുതിവെക്കുന്ന രീതിയാണിത്. മുന്‍കൂട്ടി ഫീസ് നല്കി ടിക്കറ്റ് വാങ്ങുന്ന രാജ്യങ്ങള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ ഈ ടാങ്കുകളില്‍ നിന്ന് ഇന്ധനം വാങ്ങാന്‍ മുന്‍ഗണന ലഭിക്കും. 2027-ഓടെ പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാകുന്ന ഈ പദ്ധതിയിലേക്ക് ലാവോസ്, ഈസ്റ്റ് തിമോര്‍ എന്നീ രാജ്യങ്ങളും ചേരാന്‍ ഒരുങ്ങുകയാണ്.ഹോര്‍മുസ് കടലിടുക്ക് പോലുള്ള പ്രധാന കടല്‍പാതകളിലെ തടസ്സങ്ങള്‍ ഏഷ്യന്‍ രാജ്യങ്ങളുടെ എണ്ണ ഇറക്കുമതിയെയും ആഗോള വിതരണ ശൃംഖലയെയും ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രസിഡന്റ് മാര്‍ക്കോസ് മുന്നറിയിപ്പ് നല്കി. ഈ പശ്ചാത്തലത്തിലാണ് ‘പവര്‍ ഗള്‍ഫ് ഇനിഷ്യേറ്റീവ്’ പ്രഖ്യാപിച്ചത്. മിഡില്‍ ഈസ്റ്റിലെ എണ്ണ ഉത്പാദക രാജ്യങ്ങളും ഏഷ്യന്‍ ഉപഭോക്തൃ രാജ്യങ്ങളും തമ്മില്‍ നേരിട്ടുള്ള ഏകോപനം ഉറപ്പാക്കാനും, വിപണിയിലെ അസ്ഥിരത കുറക്കാനും ജപ്പാന് ഇടനിലക്കാരായി പ്രവര്‍ത്തിക്കും. ഏഷ്യന്‍ രാജ്യങ്ങളുടെ കരുതല്‍ എണ്ണ ശേഖരം നിറയ്ക്കുന്നതിനായി കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങേണ്ടിവരുന്നത് ഗള്‍ഫ് ഉത്പാദകര്‍ക്ക് ദീര്‍ഘകാലത്തേക്ക് സ്ഥിരമായ വരുമാനവും വിപണിയും ഉറപ്പാക്കും. പ്രതിസന്ധി ഘട്ടങ്ങളില്‍ എണ്ണ വിതരണം തടസ്സപ്പെടാതെ മുന്നോട്ട് കൊണ്ടുപോകാനും വിലയിലെ പെട്ടെന്നുള്ള മാറ്റങ്ങള്‍ നിയന്ത്രിക്കാനും ഈ നേരിട്ടുള്ള ഏകോപനം ഗള്‍ഫ് രാജ്യങ്ങളെ സഹായിക്കും.പരമ്പരാഗത എണ്ണ വ്യാപാരത്തിന് പുറമെ ക്ലീന്‍ എനര്‍ജി, കാര്‍ബണ്‍ കുറയ്ക്കാനുള്ള സാങ്കേതികവിദ്യകള്‍ എന്നിവയില്‍ ജപ്പാനും ഏഷ്യന്‍ രാജ്യങ്ങളും ഗള്‍ഫ് മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്താനും ഈ പദ്ധതി വഴിയൊരുക്കുന്നു. എണ്ണ സംഭരണം, കാര്‍ബണ്‍ വിപണികള്‍, പ്രാദേശിക ഊര്‍ജ സഹകരണം എന്നിവയുമായി ബന്ധപ്പെട്ട് ഏകദേശം 600 ഊര്‍ജ പദ്ധതികള്‍ AZECന് കീഴില്‍ സജീവമാണെന്ന് മാര്‍ക്കോസ് വ്യക്തമാക്കി.ജപ്പാന്, ഫിലിപ്പൈന്‍സ്, ആസ്േ്രതലിയ, ബ്രൂണൈ, കംബോഡിയ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, സിംഗപ്പൂര്‍, തായ്ലന്ഡ്, വിയത്നാം എന്നിവയാണ് ‘ആസെക്’11 -ലെ അംഗരാജ്യങ്ങള്‍, ആഗോള രാഷ്ട്രീയ സാഹചര്യങ്ങള്‍ മൂലം ഇന്ധന വിതരണ ശൃംഖലയില്‍ ഉണ്ടാകുന്ന തടസ്സങ്ങള്‍ ഒഴിവാക്കാനും ഗള്‍ഫ്-ഏഷ്യന്‍ ഊര്‍ജ ബന്ധം കൂടുതല്‍ ദൃഢമാക്കാനും ഈ സംയുക്ത നീക്കത്തിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.Content Highlights: Japan makes a decisive move for Asian energy security with Tokyo-based initiatives. The launch of Asian IEA and Power Gulf Initiative aims to boost regional energy cooperation. These strategic frameworks focus on strengthening power supply resilience across Asia and the Gulf.