ശുക്കൂര്‍ വധക്കേസ് വിധിയിലെ പാഠങ്ങള്‍

Wait 5 sec.

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കണ്ണൂര്‍ തളിപ്പറമ്പ് അരിയില്‍ ശൂക്കൂര്‍ വധക്കേസില്‍ എറണാകുളം പ്രത്യേക സി ബി ഐ കോടതി വിധി പ്രസ്താവിച്ചിരിക്കുന്നു. ഒന്നാം പ്രതി കെ വി സുമേഷ് അടക്കം 13 പ്രതികള്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയ കോടതി, സി പി എം നേതാക്കളായ പി ജയരാജനും ടി വി രാജേഷും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മകന്‍ ശ്യാംജിത്തുമടക്കമുള്ള 18 പേരെ കുറ്റമുക്തരാക്കി. കുറ്റക്കാരെന്നു കണ്ടെത്തിയ 13 പേരില്‍ കൊലപാതകത്തിന് നേരിട്ടു പങ്കെടുത്ത ഏഴ് പേര്‍ക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ചു. ഒന്ന്, മൂന്ന്, ഏഴ്, ഒമ്പത്, 10, 12, 15 പ്രതികള്‍ക്കാണ് ജീവപര്യന്തം. മൂന്ന് വര്‍ഷം തടവുശിക്ഷക്കര്‍ഹരായ ബാക്കി ആറ് പേര്‍ക്ക് ജാമ്യവും അനുവദിച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായതിനാല്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചില്ല.കേസിന്റെ തുടക്കം മുതല്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രീയ ശ്രദ്ധയാകര്‍ഷിച്ചത് ജയരാജനും രാജേഷിനുമെതിരെയുള്ള ഗൂഢാലോചനാ കുറ്റമായിരുന്നു. ഇവര്‍ രണ്ട് പേരും തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ, അവിടെ വെച്ചാണ് ഗൂഢാലോചന നടന്നതെന്നാണ് സി ബി ഐ കണ്ടെത്തല്‍. എന്നാല്‍ സംശയങ്ങള്‍ക്കപ്പുറം കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനു സാധിച്ചില്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്താണ് ശുക്കൂര്‍ വധം നടന്നത്. തുടക്കത്തില്‍ അന്വേഷണം നടത്തിയ കേരള പോലീസ് ജയരാജനും രാജേഷിനുമെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തിയിരുന്നില്ല. ഇക്കാര്യത്തില്‍ അന്ന് ലീഗ് നേതാക്കള്‍ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനോട് പരാതിപ്പെട്ടപ്പോള്‍ അദ്ദേഹം അന്വേഷണത്തില്‍ ഇടപെട്ടില്ല. നിയമം അതിന്റെ വഴിക്കു പോകട്ടെ എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. 2019 ഫെബ്രുവരിയില്‍ സി ബി ഐ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇരുവര്‍ക്കുമെതിരെ കൊലപാതക ഗൂഢാലോചനക്കുറ്റം ചുമത്തിയത്.2012 ഫെബ്രുവരി 12നാണ് തളിപ്പറമ്പ് ചുള്ളിയോട് വയലില്‍വെച്ച് എം എസ് എഫ് പ്രവര്‍ത്തകനായ ശുക്കൂര്‍ എന്ന പതിനെട്ടുകാരനെ സി പി എം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്. കേസില്‍ കോടതിയുടെ അന്തിമ വിധി വരാന്‍ ഒന്നര പതിറ്റാണ്ടോളം കാലതാമസം നേരിട്ടുവെന്നതാണ് ഈ കേസിലെ ഗൗരവതരമായ ഒരു വശം. നീതി വൈകുന്നത് നീതിനിഷേധമാണെന്ന നിയമതത്ത്വം ഇവിടെ വീണ്ടും ഓര്‍മിപ്പിക്കപ്പെടുകയാണ്. കേസില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുകയോ കുറ്റവിമുക്തരാക്കപ്പെടുകയോ ചെയ്യുന്നതിനപ്പുറം, നീതിക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ ഇരയുടെ കുടുംബത്തിന് ആയുസ്സിന്റെ വലിയൊരു ഭാഗം ചെലവഴിക്കേണ്ടി വരുന്നത് നീതിന്യായ സംവിധാനത്തിന്റെ പരിമിതികളെ തുറന്നു കാട്ടുന്നു.ഇപ്പോഴെങ്കിലും നീതി ലഭിക്കാനും 13 പേര്‍ ശിക്ഷിക്കപ്പെടാനും വഴിയൊരുക്കിയതില്‍ ശുക്കൂറിന്റെ മാതാവ് ആതിഖയുടെ അസാമാന്യമായ നിശ്ചയദാര്‍ഢ്യമുണ്ട്. ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ വിശ്വാസ്യത പോരാതെ, രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി കേസ് ദുര്‍ബലപ്പെടുത്തിയേക്കാമെന്ന ആശങ്കയില്‍ അന്വേഷണം സി ബി ഐക്ക് വിടണമെന്നാവശ്യപ്പെട്ട് അവര്‍ നടത്തിയ നിയമ പോരാട്ടമാണ് സത്യം പുറത്തു വരാന്‍ സഹായിച്ചത്. വലിയ രാഷ്ട്രീയ സ്വാധീനമോ സാമ്പത്തിക പിന്‍ബലമോ ഇല്ലാത്ത ഒരു സാധാരണ കുടുംബത്തില്‍ നിന്ന്, കരുത്തരായ പ്രതികള്‍ക്കെതിരെ നിയമത്തിന്റെ വഴിയിലൂടെ അവര്‍ നടത്തിയ പോരാട്ടം ശ്രദ്ധേയമാണ്.ഈ കേസ് ഇവിടം കൊണ്ടും അവസാനിക്കാനിടയില്ല. അപ്പീല്‍ സമര്‍പ്പിക്കാനും നിയമ പോരാട്ടം തുടരാനുമാണ് മുസ്ലിം ലീഗിന്റെയും ശുക്കൂര്‍ കുടുംബത്തിന്റെയും തീരുമാനം. സി പി എമ്മിന്റെ ഭീഷണിയെ തുടര്‍ന്ന് പ്രാണഭയത്താല്‍ സാക്ഷികള്‍ കോടതിയിലെത്തി സത്യം തുറന്നു പറയാന്‍ മടിച്ചതു കൊണ്ടാണ് ജയരാജനും രാജേഷും രക്ഷപ്പെട്ടതെന്നാണ് ലീഗ് നേതൃത്വം ആരോപിക്കുന്നത്. അതേസമയം, ലീഗും കോണ്‍ഗ്രസ്സും ചേര്‍ന്ന് കെട്ടിച്ചമച്ചുണ്ടാക്കിയ ഗൂഢാലോചനക്കഥ കോടതിയില്‍ പൊളിഞ്ഞെന്നായിരുന്നു ജയരാജന്റെ പ്രതികരണം. എങ്കിലും ഏത് രാഷ്ട്രീയ തണലുണ്ടായാലും നിയമത്തെ വെല്ലുവിളിച്ച് മനുഷ്യജീവനെടുക്കുന്നവര്‍ എന്നെങ്കിലുമൊരിക്കല്‍ നിയമത്തിന്റെ പിടിയില്‍ അകപ്പെടുമെന്ന സന്ദേശം ഈ വിധിപ്രസ്താവത്തില്‍ അടങ്ങിയിട്ടുണ്ട്. നേതാക്കളെ വെറുതെ വിട്ടതിലൂടെ രാഷ്ട്രീയമായി ആശ്വാസം ലഭിക്കുമെങ്കിലും, സ്വന്തം അണികള്‍ കേസില്‍ ശിക്ഷിക്കപ്പെട്ടതിന്റെ ധാര്‍മിക ഉത്തരവാദിത്വത്തില്‍ നിന്ന് പാര്‍ട്ടി നേതൃത്വത്തിന് ഒഴിഞ്ഞുമാറാനാകില്ല.ഈ പാഠം എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും ബാധകമാണ്. രാഷ്ട്രീയ എതിരാളികളെ കായികമായി നേരിടുന്ന രീതി സ്വീകരിക്കാതെ ജനാധിപത്യത്തിന്റെ മാര്‍ഗത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിയും ഇന്ന് നിലവിലില്ല. സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ മാത്രം അക്രമ രാഷ്ട്രീയത്തിനെതിരെ ശബ്ദിക്കുകയും എതിരാളികള്‍ കൊല്ലപ്പെടുമ്പോള്‍ മൗനം പാലിക്കുകയും പ്രതികള്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് നയമാണ് രാഷ്ട്രീയ രംഗത്ത് പൊതുവെ. പ്രവര്‍ത്തകരെ അക്രമത്തിലേക്ക് നയിക്കുന്ന പാര്‍ട്ടി നേതൃത്വങ്ങള്‍ ആത്മപരിശോധനക്ക് തയ്യാറാകണം. അണികളെ ജനാധിപത്യപരമായ രാഷ്ട്രീയ സംസ്‌കാരത്തിലേക്ക് നയിക്കാനും എതിരാളികളുടെ അവകാശങ്ങള്‍ അംഗീകരിക്കാനും അവരെ പരിശീലിപ്പിക്കേണ്ട ബാധ്യത നേതൃത്വത്തിനുണ്ട്. അക്രമികള്‍ ഏത് പാര്‍ട്ടിക്കാരായാലും നിയമത്തിനു മുന്നില്‍ കൊണ്ടുവരികയും ശിക്ഷ ഉറപ്പാക്കുകയും വേണം. രാഷ്ട്രീയ സ്വാധീനമോ സംഘടനാ ബലമോ നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാനുള്ള കവചമാകരുത്. നിയമം കൈയിലെടുക്കുന്നവര്‍ ആരായാലും ജനാധിപത്യത്തിനും നിയമവാഴ്ചക്കും ഭീഷണിയാണ്. സാമൂഹിക സൂചികയില്‍ രാജ്യത്തിനാകെ തന്നെ മാതൃകയായ കേരളത്തിന് രാഷ്ട്രീയ കൊലപാതകങ്ങള്‍ എന്നും തീരാകളങ്കമാണ്. ഇതവസാനിപ്പിക്കുന്നതിന് പാര്‍ട്ടി നേതൃത്വങ്ങള്‍ മുന്‍കൈയെടുക്കണം.