സംസ്ഥാനത്തെ വൈദ്യുതി സുരക്ഷാ സംവിധാനത്തിന്റെ ബലഹീനതയിലേക്കു വിരല്‍ ചൂണ്ടുന്നതാണ് മലപ്പുറം തിരൂരങ്ങാടി ചെറുമുക്കില്‍ പതിനാലുകാരന് വൈദ്യുതി പോസ്റ്റിന്റെ സ്റ്റേകമ്പിയില് നിന്ന് ഷോക്കേറ്റു മരിച്ച സംഭവം. കൃഷിക്കായി ട്രാക്ടര്‍ ഉപയോഗിച്ച് നിലം ഉഴുതുമറിക്കുന്നത് കാണാനായി കൂട്ടുകാരോടൊപ്പം വയലില്‍ ഇറങ്ങിയ ബാലന് സ്റ്റേ കമ്പിയില്‍ തൊട്ടയുടനെ ഷോക്കേല്‍ക്കുകയായിരുന്നു. സ്റ്റേ കമ്പിയുടെ ഒരു ഭാഗം വൈദ്യുതി ലൈനില്‍ തൊട്ടതാണ് ഷോക്കേല്‍ക്കാനിടയാക്കിയത്. തീര്‍ത്തും കെ എസ് ഇ ബി ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകട കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. സ്റ്റേ കമ്പി അലൈന്മെന്റ്തെറ്റി ഹൈവോള്‍ട്ടേജ് ലൈനില്‍ തൊട്ടുനില്ക്കുന്ന കാര്യം പല തവണ നാട്ടുകാര്‍ ബന്ധപ്പെട്ട കേന്ദ്രങ്ങളെ അറിയിച്ചിരുന്നുവത്രെ.കേരളത്തില്‍ വൈദ്യുതി ആഘാതമേറ്റു മരിക്കുന്ന സംഭവങ്ങള്‍ അപൂര്‍വമല്ല. കേരള ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്റെ ഔദ്യോഗിക കണക്കുപ്രകാരം 2020 മുതല്‍ 2025 വരെയുള്ള അഞ്ച് വര്‍ഷത്തിനിടെ വൈദ്യുതി ആഘാതമേറ്റ് സംസ്ഥാനത്ത് 1,133 പേര് മരണപ്പെട്ടിട്ടുണ്ട്. മഴക്കാലത്ത് പൊട്ടിവീഴുന്ന ലൈനുകളും വെള്ളക്കെട്ടുകളിലെ വൈദ്യുതി പ്രവാഹവും വീടുകളിലും പൊതുയിടങ്ങളിലും അപകടാവസ്ഥയില്‍ നില്ക്കുന്ന വൈദ്യുതി ഉപകരണങ്ങളും പലപ്പോഴും മനുഷ്യജീവനുകള്‍ കവര്‍ന്നെടുക്കുന്നു. വൈദ്യുതി പോസ്റ്റുകളിലെ അറ്റകുറ്റ പണികള്‍ സമയബന്ധിതമായി നടത്താത്തതും അപകട സാധ്യതയുള്ള ലൈനുകള്‍ മാറ്റാത്തതുമാണ് പല ഷോക്കേറ്റുള്ള മരണങ്ങളുടെയും കാരണം.വൈദ്യുതി ബില്ല് അടക്കാന്‍ ഒറ്റ ദിവസം വൈകിയാല്‍ പോലും ഒരു വിട്ടുവീഴ്ചയും ദയയുമില്ലാതെ ഫീസ് ഊരാന്‍ ഉദ്യോഗസ്ഥര്‍ എത്തും. ഉപഭോക്താവിന്റെ ജീവന് ഭീഷണിയുയര്‍ത്തുന്ന പൊട്ടിയ കമ്പിയോ ചാഞ്ഞു നില്ക്കുന്ന പോസ്റ്റോ നന്നാക്കാനും മാറ്റാനും മാസങ്ങളെടുക്കുകയും ചെയ്യും. ചാര്‍ജ് വര്‍ധനവുകളും ഫിക്സഡ് ചാര്‍ജുകളും ഫ്യുവല്‍ സര്‍ചാര്‍ജുകളും വഴി സാധാരണക്കാരന്റെ പോക്കറ്റ് കാലിയാക്കുന്ന കെ എസ് ഇ ബി, ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായി വൈദ്യുതി എത്തിക്കാനും തകരാറുകള്‍ യഥാസമയം പരിഹരിക്കാനുമുള്ള ഉത്തരവാദിത്വം മറക്കുകയാണ്. വൈദ്യുതി ഉത്പാദിപ്പിച്ച് ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്നതില്‍ പരിമിതമല്ല ബോര്‍ഡിന്റെ ഉത്തരവാദിത്വം. വിതരണ സംവിധാനങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുകയും അപകട സാധ്യതകള്‍ കണ്ടെത്തി പരിഹരിക്കുകയും വേണം. വൈദ്യുതി ലൈനുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും സുരക്ഷിതാവസ്ഥ യഥാസമയങ്ങളില്‍ പരിശോധിക്കേണ്ടതുമാണ്. ജനങ്ങളില്‍ നിന്ന് പരാതി ലഭിച്ചാല്‍ ഉടനടി പരിഹാരം കാണുകയും വേണം. വൈദ്യുത സുരക്ഷയെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ അവബോധമുണ്ടാക്കാനും ബോര്‍ഡിനു ബാധ്യതയുണ്ട്. പ്രത്യേകിച്ചും വിദ്യാര്‍ഥികളും പൊതുജനങ്ങളും സ്ഥിരമായി ബന്ധപ്പെടുന്ന പൊതുസ്ഥലങ്ങളിലും കളിമൈതാനങ്ങളിലും മറ്റും അപകടത്തിനു സാധ്യതയുള്ള വൈദ്യുതി ഉപകരണങ്ങളുണ്ടെങ്കില്‍ അവ തിരിച്ചറിയാനാകുന്ന വിധം മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കേണ്ടതുണ്ട്.തിരൂരങ്ങാടി സംഭവത്തില്‍ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അന്വേഷണത്തിന് ഉത്തരവിടുകയും എത്രയും വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരൂരങ്ങാടി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. കെ എസ് ഇ ബി ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച കണ്ടെത്തിയാല്‍ കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. അഭിനന്ദനാര്‍ഹം. ഇതുപക്ഷേ പതിവു ചടങ്ങായി മാറരുത്. അപകടങ്ങള്‍ ആവര്‍ത്തിക്കുമ്പോഴെല്ലാം അന്വേഷണം പ്രഖ്യാപിക്കും. ചില താഴെക്കിട ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യും. കുടുംബത്തിന് സഹായം പ്രഖ്യാപിക്കുകയും ചെയ്യും. അല്‍പ്പ ദിവസത്തിനകം എല്ലാവരും സംഭവം മറക്കുകയും സസ്പെന്‍ഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥന് ജോലിയില്‍ പ്രവേശിക്കുകയും ചെയ്യും. എത്രയെത്ര അന്വേഷണ റിപോര്‍ട്ടുകളാണ് കെ എസ് ഇ ബിയുടെ ഫയലുകളില്‍ പൊടിപിടിച്ചു കിടക്കുന്നത്? ഈ റിപോര്‍ട്ടുകളിലെ ശിപാര്‍ശകള്‍ എത്രത്തോളം നടപ്പാക്കി? ഈ അന്വേഷണ റിപോര്‍ട്ടിന് ആ ഗതി വരരുത്.അറ്റകുറ്റപ്പണികള്‍ യഥാസമയം നടക്കാത്തതിനു പിന്നില്‍ ഫീല്‍ഡ് സ്റ്റാഫിന്റെ കുറവാണ് യൂനിയനുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഇതൊരു പരിധി വരെ സത്യമായിരിക്കാം. എന്നാല്‍ ഉള്ള ജീവനക്കാരെ കൃത്യമായി വിന്യസിക്കുന്നതിലും അവര്‍ക്കു വേണ്ട സുരക്ഷാ ഉപകരണങ്ങള്‍ നല്‍കുന്നതിലും മാനേജ്മെന്റ് കാണിക്കുന്ന അശ്രദ്ധയും കാണാതെ വയ്യ. വൈദ്യുതി ലൈനുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികള്‍ കരാര്‍ അടിസ്ഥാനത്തില്‍ നടക്കുമ്പോള്‍, പണിയുടെ ഗുണമേന്മ പരിശോധിക്കുന്നതില്‍ കെ എസ് ഇ ബി എന്‍ജിനീയര്‍മാര്‍ വീഴ്ച കാണിക്കുന്നതായി പരാതിയുണ്ട്. കരാറുകാര്‍ ചെയ്യുന്ന അലസപ്പണികളുടെ ഫലം അനുഭവിക്കേണ്ടി വരുന്നത് നാട്ടുകാരാണ്.കെ എസ് ഇ ബിയിലെ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകിച്ച് ഫീല്‍ഡ് വര്‍ക്ക് ചെയ്യുന്നവര്‍ക്ക് നിരന്തരം പരിശീലനവും ബോധവത്കരണവും ആവശ്യമാണ്. വൈദ്യുതി മേഖലയിലെ ജോലി സമൂഹത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ടതാണെന്ന് ജീവനക്കാര്‍ക്ക് ബോധം വരണം. പരാതികള്‍ കിട്ടിയാല്‍ പരിഹരിക്കാന്‍ കൃത്യമായ സമയപരിധി നിശ്ചയിക്കുകയും കൃത്യനിര്‍വഹണത്തില്‍ അനാസ്ഥ കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും വേണം. ഇനിയൊരു വ്യക്തിക്കും വൈദ്യുതി കമ്പിയില്‍ കരുങ്ങി ജീവന് നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകരുത്. വീടുകളില്‍ വെളിച്ചം വിതറാനുള്ളതാണ് വൈദ്യുതി. അത് കുടുംബങ്ങളില്‍ ഇരുട്ട് പരത്തുന്ന മരണദൂതാകരുത്. ആരുടെയെങ്കിലും ജീവന് നഷ്ടപ്പെട്ടാല്‍ മാത്രം അപകടം തിരിച്ചറിയുന്ന സംവിധാനമല്ല; അപകടം സംഭവിക്കുന്നതിനു മുമ്പ് തകരാറുകള്‍ കണ്ടെത്തി പരിഹരിക്കാന്‍ കഴിയുന്ന ഉത്തരവാദിത്വബോധമുള്ള സംവിധാനമാണ് വൈദ്യുതി രംഗത്ത് വേണ്ടത്.