ഹോർമുസ് അശാന്തം

Wait 5 sec.

തെഹ്റാൻ/ ന്യൂഡൽഹി | ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ സംഘം നിയന്ത്രിച്ചിരുന്ന പാനമ പതാകയേന്തിയ എൽ പി ജി ടാങ്കറിനു നേരെ രണ്ടാം തവണയും ആക്രമണം. ആക്രമണത്തെ തുടർന്ന് ജീവനക്കാർ കപ്പൽ ഉപേക്ഷിച്ചു.24 ഇന്ത്യക്കാർ ഉൾപ്പെടെ 25 പേരാണ് താരാ ഗ്യാസ് എന്ന കപ്പലിൽ ഉണ്ടായിരുന്നത്. ഒരു ഇന്ത്യൻ നാവികൻ ഒഴികെ മറ്റെല്ലാവരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. കാണാതായ ഇന്ത്യക്കാരനു വേണ്ടി തിരച്ചിൽ തുടരുകയാണെന്ന് കേന്ദ്ര തുറമുഖ, ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചു.തിങ്കളാഴ്ചയാണ് കപ്പൽ ആദ്യം ആക്രമിക്കപ്പെട്ടത്. ഒമാനിലെ ഖസബിന് ഏഴ് നോട്ടിക്കൽ മൈൽ വടക്ക് രാത്രി 11 ഓടെയായിരുന്നു ആക്രമണം. ഇതിൽ കപ്പലിന്റെ പ്രവർത്തനം തടസ്സപ്പെടുകയും എൻജിൻ മുറിയിൽ തീപിടിക്കുകയും ചെയ്തതായി ബ്രിട്ടീഷ് മാരിടൈം ട്രേഡ് ഓപറേഷൻസ് (യു കെ എം ടി ഒ) സ്ഥിരീകരിച്ചിരുന്നു. ഈ ആക്രമണത്തിനു പിന്നാലെ, ഇന്ത്യക്കാർ ഉൾപ്പെടെ എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്ന് തുറമുഖ മന്ത്രി ട്വിറ്ററിൽ വെളിപ്പെടുത്തുകയും ചെയ്തു.എന്നാൽ, കപ്പലിനു നേരെ ഇന്നലെ വീണ്ടും ആക്രമണമുണ്ടായതായി യു കെ എം ടി ഒ അറിയിച്ചു. ഈ ആക്രമണത്തിലും കപ്പലിൽ തീപ്പിടിത്തമുണ്ടായതോടെ മുഴുവൻ ജീവനക്കാരും കപ്പൽ ഉപേക്ഷിച്ചു. അതിനിടെ, ഒരു ഇന്ത്യൻ നാവികനെ കാണാതായതായി തുറമുഖ മന്ത്രി ട്വിറ്ററിലൂടെ വീണ്ടും വെളിപ്പെടുത്തി. കപ്പലിനുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. മേഖലയിലൂടെ സഞ്ചരിക്കുന്ന മറ്റ് കപ്പലുകൾ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ നീക്കങ്ങൾ അധികൃതരെ അറിയിക്കണമെന്നും യു കെ എം ടി ഒ നിർദേശിച്ചിട്ടുണ്ട്.അതേസമയം, ഇറാനിലെ ഖഷം ദ്വീപിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിൽ നിരവധി സ്ഫോടനങ്ങൾ ഉണ്ടായതായും ആകാശത്ത് പുക ഉയർന്നതായും ഇറാൻ വാർത്താ ഏജൻസി റിപോർട്ട് ചെയ്തു. ഹോർമുസിനു മുകളിൽ അമേരിക്കൻ നിർമിത ലൂക്കാസ് ആക്രമണ ഡ്രോൺ വെടിവെച്ചിട്ടെന്ന് ഇറാൻ സൈന്യവും ഖഷം ദ്വീപിന് തെക്ക് എംക്യു-1 പ്രെഡേറ്റർ ഡ്രോൺ തകർത്തതായി ഐ ആർ ജി സിയും അവകാശപ്പെട്ടു. ആക്രമണത്തിൽ ദ്വീപിലെ താമസസ്ഥലങ്ങൾക്കോ വാണിജ്യ സ്ഥാപനങ്ങൾക്കോ നാശനഷ്ടമുണ്ടായെന്നോ ആളപായമുണ്ടായെന്നോ റിപോർട്ടില്ല.ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്കു നേരെ 24 മണിക്കൂറിനിടെ അഞ്ച് ആക്രമണങ്ങളുണ്ടായെന്നാണ് റിപോർട്ട്. ഹോർമുസിനു സമീപം അജ്ഞാതവസ്തു പതിച്ച് ടാങ്കറിന് തീപിടിച്ചതായി യു കെ എം ടി ഒ അറിയിച്ചു. ഹോർമുസിൽ രണ്ട് കപ്പലുകൾ കടൽമൈനിൽ തട്ടി തീപിടിച്ചതായി ഐ ആർ ജി സി നാവികസേന അവകാശപ്പെട്ടു. 20 ലക്ഷത്തിലധികം ബാരൽ ക്രൂഡ് ഓയിൽ വഹിച്ച സൂപ്പർ ടാങ്കറും എൽ എൻ ജി കപ്പലുമാണ് ഇവയെന്നാണ് ഇറാന്റെ വിശദീകരണം. കടലിടുക്കിന് കിഴക്ക് മറ്റൊരു ടാങ്കറും മൈനിൽ തട്ടി തീപിടിച്ച് പ്രവർത്തനരഹിതമായിരുന്നു. ഇറാൻ നിർദേശിച്ച നാവിഗേഷൻ ചട്ടങ്ങൾ ലംഘിച്ചതാണ് അപകടങ്ങൾക്ക് കാരണമെന്നും കപ്പലുകൾക്ക് അമേരിക്കൻ സൈന്യത്തിന്റെ പിന്തുണയുണ്ടായിരുന്നെന്നും ഐ ആർ ജി സി ആരോപിച്ചു.അമേരിക്ക നിർദേശിക്കുന്ന പാതകളിലൂടെ സഞ്ചരിക്കരുതെന്നും ഇറാൻ സൈന്യവും ഐ ആർ ജി സിയും നിർദേശിക്കുന്ന പാതകൾ പിന്തുടരണമെന്നും സൈനിക വക്താവ് മുഹമ്മദ് അക്‌റാമിനിയ മുന്നറിയിപ്പ് നൽകി. ഇറാന്റെ ഏഴ് നിബന്ധനകൾ അംഗീകരിക്കാതെ ഹോർമുസ് തുറക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം, കപ്പൽഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽബുസൈദിയും ചർച്ച നടത്തി. അമേരിക്കൻ നാവിക ഉപരോധവും ഇറാന്റെ കപ്പൽ ഗതാഗത നിയന്ത്രണങ്ങളും തുടരുന്നതിനിടെ, ഹോർമുസിലെ നിയന്ത്രണം യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ചർച്ചകളിലെ പ്രധാന തർക്കവിഷയമായി തുടരുകയാണ്.Content Highlights: Crew members abandoned the Indian-managed LPG tanker Tara Gas after it was attacked for the second time in the Strait of Hormuz. While 24 crew members were rescued, one Indian sailor remains missing. Maritime tensions escalate following multiple tanker attacks and drone strikes in the Gulf region.