രാജ്യത്തെമ്പാടുമായി ആയിരക്കണക്കിനു വാഹന ഉടമകള്‍ വഞ്ചിക്കപ്പെട്ട ഇ- ചലാന്‍ തട്ടിപ്പ് ഇപ്പോഴും തുടരുകയാണ്. വ്യാജ ലിങ്കില്‍ ക്ലിക്ക് ചെയ്തതിനെ തുടര്‍ന്ന് മലപ്പുറം സ്വദേശിക്ക് 3.89 ലക്ഷം രൂപയും കൊച്ചി സ്വദേശിക്ക് മൂന്ന് ലക്ഷവും വടകര സ്വദേശിക്ക് ഒരു ലക്ഷവും നഷ്ടമായത് ഈ മാസത്തിലാണ്. കേവലം സൈബര്‍ കുറ്റവാളികളുടെ സാങ്കേതിക വൈദഗ്ധ്യം മാത്രമല്ല ഈ തട്ടിപ്പിനു പിന്നില്‍; കേന്ദ്ര സര്‍ക്കാറിന്റെ 2019ലെ ബള്‍ക്ക് ഡാറ്റാ ഷെയറിംഗ് പോളിസിയാണ് ഇതിനു വഴിയൊരുക്കിയതെന്നാണ് പുറത്തുവന്ന വിവരം.രാജ്യത്തെ വാഹന രജിസ്ട്രേഷന്‍ വിവരങ്ങള്‍ സൂക്ഷിക്കുന്ന “വാഹന്‍’, ഡ്രൈവിംഗ് ലൈസന്‍സ് വിവരങ്ങള്‍ സൂക്ഷിക്കുന്ന “സാരഥി’ എന്നീ കേന്ദ്രീകൃത ഡാറ്റാ ബേസുകളിലെ വിവരങ്ങള്‍ നിശ്ചിത തുകക്ക് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കൈമാറുന്നതാണ് ബള്‍ക്ക് ഡാറ്റാ ഷെയറിംഗ് പോളിസി. വാഹനത്തിന്റെ മോഡല്‍, എന്‍ജിന്‍ നമ്പര്‍, ചേസീസ് നമ്പര്‍, രജിസ്ട്രേഷന്‍ തീയതി, ഇന്‍ഷ്വറന്‍സ് വിവരങ്ങള്‍ തുടങ്ങിയവയെല്ലാം ഇതില്‍ അടങ്ങിയിരിക്കും. വാണിജ്യ ആവശ്യങ്ങള്‍ക്കായി ഡാറ്റ വാങ്ങുന്ന സ്വകാര്യ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രതിവര്‍ഷം മൂന്ന് കോടി രൂപക്കും ഗവേഷണ ആവശ്യങ്ങള്‍ക്കായി ഡാറ്റ വാങ്ങുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപക്കുമാണ് സര്‍ക്കാര്‍ ഡാറ്റകള്‍ വിറ്റത്. 111 കോടി ഇതുവഴി സര്‍ക്കാര്‍ സമാഹരിച്ചു.വ്യക്തികളുടെ വിവരങ്ങള്‍ അവരുടെ അനുമതിയില്ലാതെ വാണിജ്യാവശ്യങ്ങള്‍ക്കായി വില്‍ക്കുന്നത് പൗരന്മാരുടെ സ്വകാര്യതാ അവകാശ ലംഘനമാണെന്ന വിമര്‍ശത്തെ തുടര്‍ന്ന് 2020ല്‍ ഈ പദ്ധതി റദ്ദാക്കിയെങ്കിലും 2025ല്‍ ദേശീയ ഗതാഗത നയത്തിലൂടെ പുനരാരംഭിച്ചു. ഇ- ചലാന്‍ തട്ടിപ്പ് വ്യാപകമായതോടെ ഈ വര്‍ഷം സെപ്തംബര്‍ അവസാനത്തോടെ ഇത് വീണ്ടും മരവിപ്പിച്ചു. അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടു പോയിരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷക്കാലത്തിനിടെ യാതൊരു നിയന്ത്രണവുമില്ലാതെ സ്വകാര്യ സ്ഥാപനങ്ങള്‍ക്കു കൈമാറിയ കോടിക്കണക്കിന് ഡാറ്റകള്‍ ഇതിനകം പലരുടെയും കൈവശത്തിലെത്തിക്കഴിഞ്ഞു. ഇതാണ് സൈബര്‍ തട്ടിപ്പുകാര്‍ക്ക് സഹായകമായതെന്നാണ് വിലയിരുത്തപ്പെടുന്നത്. വാഹനത്തിന്റെ രജിസ്ട്രേഷന്‍ നമ്പര്‍, ഉടമയുടെ ഫോണ്‍ നമ്പര്‍ എന്നിവ ഒരുമിച്ചു ലഭിക്കുന്നതിലൂടെ തട്ടിപ്പുകാര്‍ക്ക് വ്യാജസന്ദേശങ്ങള്‍ ഔദ്യോഗികമെന്നു തോന്നിപ്പിക്കുന്ന വിധം തയ്യാറാക്കാന്‍ സാധിക്കും. വാഹന ഉടമയുടെ വിവരങ്ങള്‍ അറിയാവുന്ന ഒരാള്‍, ഉടമയുടെ ഫോണിലേക്ക് വ്യാജ പിഴ സന്ദേശം അയക്കുമ്പോള്‍ അത് ഔദ്യോഗിക തലത്തില്‍ നിന്നുള്ള അറിയിപ്പാണെന്നു തെറ്റിദ്ധരിക്കുക സ്വാഭാവികം.ഈ വിവരച്ചോര്‍ച്ചയുടെ പ്രത്യാഘാതം വ്യക്തമാക്കുന്നതാണ് ഗൂഗിള്‍ പ്ലേ സ്റ്റോറിലും ടെലഗ്രാമിലും തുച്ഛം സംഖ്യക്ക് സുലഭമായി ലഭിക്കുന്ന സേവനങ്ങള്‍. വെറും 29 രൂപ നല്‍കിയാല്‍ 15 വാഹനങ്ങളുടെ പൂര്‍ണവിവരങ്ങള്‍ ആര്‍ക്കും തിരയാനും അറിയാനും സാധിക്കുന്ന ആപ്പുകള്‍ പ്ലേസ്റ്റോറില്‍ ലഭ്യമാണ്. ഒരു പൗരന്റെ സ്വകാര്യ വിവരങ്ങളുടെ വില കേവലം 1.93 രൂപ മാത്രം. വാഹനത്തിന്റെ രജിസ്ട്രേഷന്‍ നമ്പര്‍ മാത്രം നല്‍കിയാല്‍ ഉടമയുടെ മുഴുവന്‍ പേര്, മേല്‍വിലാസം, പിതാവിന്റെ പേര്, ഇന്‍ഷ്വറന്‍സ് വിവരങ്ങള്‍, വാഹനത്തിനു വായ്പ നല്‍കിയ ധനകാര്യ സ്ഥാപനത്തിന്റെ വിവരങ്ങള്‍, എന്‍ജിന്‍- ചേസീസ് നമ്പറുകള്‍, പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് വിവരങ്ങള്‍ എന്നിവയെല്ലാം നിമിഷ നേരം കൊണ്ട് ലഭിക്കും. ഇതിലും ഭീകരമാണ് ടെലഗ്രാം ബോട്ടുകളുടെ പ്രവര്‍ത്തനം. കേവലം അഞ്ച് രൂപ നല്‍കിയാല്‍ ഏത് വാഹന ഉടമയുടെയും വിവരങ്ങള്‍ നല്‍കുന്ന ബോട്ടുകള്‍ ടെലഗ്രാമില്‍ സജീവമാണ്. പരിവാര്‍ പോര്‍ട്ടലില്‍ ഒരു വാഹന ഉടമക്ക് സ്വന്തം വിവരങ്ങള്‍ പരിശോധിക്കണമെങ്കില്‍ ഒ ടി പി ഉള്‍പ്പെടെ കര്‍ശന സുരക്ഷാ നടപടികള്‍ നിലനില്‍ക്കുമ്പോഴാണ്, പുറത്തുള്ള തട്ടിപ്പുകാര്‍ക്ക് ഈ വിവരങ്ങള്‍ അഞ്ച് രൂപക്കും 29 രൂപക്കും യഥേഷ്ടം ലഭിക്കുന്നത്.സ്വന്തം പൗരന്മാരുടെ വിവരങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥമായ ഭരണകൂടം അവ വില്‍പ്പനച്ചരക്കാക്കി മാറ്റിയതിന്റെ ദുരന്തഫലമാണ് സമൂഹം ഇന്നനുഭവിക്കുന്നത്. 111 കോടി രൂപ വരുമാനത്തിനു വേണ്ടി കോടിക്കണക്കിനു പേരുടെ ഡിജിറ്റല്‍ സുരക്ഷയാണ് ഭരണകൂടം ബലികഴിച്ചത്. ഈ വിഷയത്തില്‍ മോട്ടോര്‍ വാഹന വകുപ്പും പോലീസും നിസ്സഹായരായി നോക്കിനില്‍ക്കേണ്ട അവസ്ഥയാണ്. ഇ- ചലാന്‍ തട്ടിപ്പില്‍ കുടുങ്ങരുതെന്നു സമൂഹത്തോട് ബോധവത്കരണം നടത്തുന്നതിനപ്പുറം സാങ്കേതികമായി അവര്‍ക്ക് ഒന്നും ചെയ്യാനാകില്ല. തട്ടിപ്പുകാര്‍ ഉപയോഗിക്കുന്ന എ പി കെ ഫയലുകളും ലിങ്കുകളും തടയുന്നതിനോ പ്ലേസ്റ്റോറിലും ടെലഗ്രാമിലും പ്രവര്‍ത്തിക്കുന്ന അനധികൃത ഡാറ്റാ വില്‍പ്പന ആപ്പുകള്‍ നിരോധിക്കുന്നതിനോ കേന്ദ്ര ഐ ടി മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്ന് അടിയന്തര ഇടപെടലുകള്‍ ഉണ്ടാകുന്നുമില്ല.പൗരന്മാരുടെ സ്വകാര്യ വിവരങ്ങള്‍ സുരക്ഷിതമാക്കേണ്ടത് സര്‍ക്കാറിന്റെ പ്രാഥമിക കടമയാണ്. വാഹനങ്ങള്‍ വാങ്ങുമ്പോഴും ലൈസന്‍സ് എടുക്കുമ്പോഴും ആളുകള്‍ തങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ നല്‍കുന്നത് നിയമപരമായ ബാധ്യതയുടെ പേരിലാണ്. ഈ വിവരങ്ങള്‍ മൂന്നാമതൊരു വ്യക്തിക്കു കൈമാറാന്‍ സര്‍ക്കാറിന് ധാര്‍മികമായോ നിയമപരമായോ അവകാശമില്ല. സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീം കോടതി വിധിയുടെ നഗ്‌നമായ ലംഘനമാണ് ബള്‍ക്ക് ഡാറ്റാ ഷെയറിംഗ് നയത്തിലൂടെ സര്‍ക്കാര്‍ നടത്തിയത്. ഡാറ്റാ വില്‍പ്പന താത്കാലികമായി മരവിപ്പിച്ചതു കൊണ്ട് പ്രശ്നം അവസാനിക്കുന്നില്ല. വിവരങ്ങള്‍ ചോര്‍ത്തിയ സ്വകാര്യ ഏജന്‍സികള്‍ക്കെതിരെയും അത് ദുരുപയോഗം ചെയ്ത ആപ്പുകള്‍ക്കും ടെലഗ്രാം ബോട്ടുകള്‍ക്കുമെതിരെയും കര്‍ശന നടപടി സ്വീകരിക്കണം. ജനങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ അവരുടെ സ്വകാര്യ വിവരങ്ങള്‍ വാണിജ്യവത്കരിക്കുന്ന നടപടികള്‍ക്ക് അറുതി വരുത്തുകയും വേണം. കേന്ദ്രത്തിന്റെ ഡാറ്റാ വില്‍പ്പന മൂലം സൈബര്‍ തട്ടിപ്പിനിരയായി പണം നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടതുമാണ്.