പന്നൂന്‍ വധഗൂഢാലോചനക്കേസ്; നിഖില്‍ ഗുപ്തക്ക് 19 വര്‍ഷം തടവുശിക്ഷ വിധിച്ച് അമേരിക്കന്‍ ഫെഡറല്‍ കോടതി

Wait 5 sec.

ന്യൂയോര്‍ക്ക്| ഖലിസ്ഥാന്‍ നേതാവ് ഗുര്‍പത്വന്ത് സിങ് പന്നൂനെ യുഎസില്‍ വെച്ച് വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ഇന്ത്യന്‍ പൗരനായ നിഖില്‍ ഗുപ്തക്ക് 19 വര്‍ഷം തടവുശിക്ഷ വിധിച്ച് അമേരിക്കന്‍ ഫെഡറല്‍ കോടതി. ന്യൂയോര്‍ക്കിലെ സതേണ്‍ ഡിസ്ട്രിക്ട് കോടതിയാണ് 19 വര്‍ഷവും ഏഴ് മാസവും തടവുശിക്ഷ വിധിച്ചത്. വെള്ളിയാഴ്ച 80 മിനിറ്റ് നീണ്ട വാദം കേള്‍ക്കലിനൊടുവിലായിരുന്നു വിധി. അമേരിക്കന്‍-കനേഡിയന്‍ ഇരട്ട പൗരത്വമുണ്ട് പന്നൂന്.2023ല്‍ ന്യൂയോര്‍ക്കില്‍വെച്ച് ഗുര്‍പത്വന്ത് സിങ് പന്നൂനെ വധിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചുളള കേസില്‍ മൂന്ന് കുറ്റങ്ങള്‍ നിഖില്‍ ഗുപ്ത നേരത്തെ സമ്മതിച്ചിരുന്നു. വാടകക്കൊലയാളിയെ വെച്ച് കൊലപാതകം നടത്താന്‍ ശ്രമം, അതിനുള്ള ഗൂഢാലോചന നടത്തല്‍, കള്ളപ്പണം വെളുപ്പിക്കാനുള്ള ഗൂഢാലോചന എന്നിവയാണ് നിഖില്‍ ഗുപ്തയ്‌ക്കെതിരെയുള്ള കുറ്റങ്ങള്‍. ഇന്ത്യന്‍ സര്‍ക്കാരുമായി ബന്ധമുള്ള വ്യക്തികള്‍ക്ക് പന്നൂനെ വധിക്കാനുള്ള ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് അമേരിക്കന്‍ അഭിഭാഷകരുടെ ആരോപണം.കോടതിയിലെ വാദത്തിനിടെ തന്റെ പ്രവൃത്തികളില്‍ ഖേദിക്കുന്നതായി നിഖില്‍ ഗുപ്ത പറഞ്ഞു. കേസിലെ മറ്റൊരു പ്രതിയായ വികാഷ് യാദവിന്റെ നിര്‍ദേശപ്രകാരമാണ് 2023ല്‍ പന്നൂനെ വധിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചതെന്നാണ് അമേരിക്കന്‍ അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. വാടകക്കൊലയാളിയെ കണ്ടെത്തുന്നതിനായി ഗുപ്ത ആദ്യം സമീപിച്ച വ്യക്തി അമേരിക്കന്‍ ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്റെ രഹസ്യ വിവരദാതാവായിരുന്നു. ഇയാളാണ് ഗുപ്തയെ ഡിഇഎയുടെ രഹസ്യ ഉദ്യോഗസ്ഥന് പരിചയപ്പെടുത്തിയത്.പന്നൂനെ വധിക്കുന്നതിനായി ഒരു ലക്ഷം ഡോളര്‍ നല്‍കാമെന്ന് ധാരണയുണ്ടാക്കിയതായും അന്വേഷണത്തില്‍ കണ്ടെത്തി.മുന്‍കൂര്‍ തുകയായി 2023 ജൂണ്‍ 9ന് 15,000 ഡോളര്‍ പണമായി കൈമാറി. എന്നാല്‍ പണം സ്വീകരിച്ച വ്യക്തി ഡിഇഎയുടെ രഹസ്യ ഉദ്യോഗസ്ഥനായിരുന്നതിനാല്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞു. തുടര്‍ന്നാണ് നിഖില്‍ ഗുപ്ത അറസ്റ്റിലായത്. കേസില്‍ വികാഷ് യാദവിനെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്.Content Highlights: A US federal court in New York sentenced Indian citizen Nikhil Gupta to 19 years and seven months in prison in the Gurpatwant Singh Pannun plot case. Gupta had earlier pleaded guilty to murder-for-hire, conspiracy, and money laundering charges. US prosecutors alleged involvement by individuals linked to the Indian government.