സംസ്ഥാനത്തെ മുഴുവൻ വൈദ്യുതി പ്രതിസന്ധിയും പുനരുപയോഗ ഊർജത്തിലൂടെ പരിഹരിക്കാനാകുമെന്ന് പരിസ്ഥിതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. ശ്രീകാര്യം ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനിൽ നടന്ന ‘സൊസൈറ്റി ഫോർ പാത്ത്വേയ്സ് ടു സസ്റ്റൈനബിലിറ്റി’യുടെ അഞ്ചാമത് വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.ആവശ്യമായതിന്റെ 30 ശതമാനത്തിൽ താഴെ വൈദ്യുതി മാത്രമാണ് നിലവിൽ ഉത്പാദിപ്പിക്കുന്നത്. എന്നാൽ സൗരോർജ ശേഷിയിൽ അഭിമാനകരമായ നേട്ടം കൈവരിച്ചു. ലക്ഷക്കണക്കിന് കേരളീയ ഭവനങ്ങൾ ഇപ്പോൾ ഊർജ ഉപഭോക്താക്കൾ മാത്രമല്ല, ഉദ്പാദകർ കൂടിയാണ്. ഏറെ പ്രത്യേകതയുള്ളതാണ് സംസ്ഥാനത്തിന്റെ ഭൂമിശാസ്ത്ര ഘടന.കുന്നുകളിൽ പെയ്യുന്ന മഴ മണിക്കൂറുകൾക്കുള്ളിൽ താഴെ പട്ടണത്തിലെത്തുന്നു. സംസ്ഥാനത്തുണ്ടാകുന്ന പ്രകൃതിക്ഷോഭവും ഉരുൾപൊട്ടലും അപൂർവ സംഭവങ്ങളല്ല. ദുരന്താനന്തര ആവശ്യങ്ങൾക്കായുള്ള ചെലവ് ഭീമമാണ്. സംസ്ഥാന ബജറ്റിലും ഇത് പ്രതിഫലിക്കുന്നു. പരിസ്ഥിതിക്കായുള്ള ജീവിതശൈലി ഉൾക്കൊണ്ട് സുസ്ഥിര വികസനത്തിനായുള്ള ധനസഹായ തന്ത്രങ്ങൾ എന്നതാണ് ഈ സമ്മേളനത്തിന്റെ പ്രമേയം. ധനകാര്യ തന്ത്രമില്ലാത്ത പദ്ധതി കേവലം ഉദ്ദേശപ്രഖ്യാപനം മാത്രമായി അവശേഷിക്കും. ബജറ്റിൽ കാലാവസ്ഥാ ചെലവുകൾ ടാഗ് ചെയ്യുന്നതിലൂടെ എന്ത് ചെലവഴിക്കുന്നു എന്ന് കൃത്യമായി അറിയാനാകും. അപ്രതീക്ഷിതമായ പ്രകൃതി ദുരന്തങ്ങളെ നേരിടാനുള്ള പണലഭ്യത ഉറപ്പാക്കണം. പൊതുസ്വകാര്യ പങ്കാളിത്തങ്ങൾ ഉൾപ്പെടുത്തി ഇ.എസ്.ഡി. നയങ്ങളും പങ്കാളിത്തങ്ങളും ശക്തിപ്പെടുത്തണം. പരിമിതമായ വരുമാനത്തിലും സാമൂഹിക പുരോഗതി കൈവരിക്കാൻ കഴിയുമെന്ന് കേരളം തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ, നളന്ദ സർവകലാശാല, ‘സൊസൈറ്റി ഫോർ പാത്ത്വേയ്സ് ടു സസ്റ്റൈനബിലിറ്റി’ എന്നിവ സംയുക്തമായാണ് സമ്മേളനം സംഘടിപ്പിച്ചത്. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ ഡയറക്ടർ കെ ജെ ജോസഫ്, സംസ്ഥാന പ്ലാനിങ്ങ് ബോർഡ് അംഗം ശ്രീധർ രാധാകൃഷ്ണൻ, മുരളി തുമ്മാരുകുടി, ഹരിയാന സെൻട്രൽ യൂണിവേഴ്സിറ്റിയിലെ രഞ്ജൻ അനേജ, കോഴിക്കോട് ഐഐഎം അസിസ്റ്റന്റ് പ്രൊഫസർ ശിൽപ സതീഷ് എന്നിവർ പങ്കെടുത്തു.