ന്യൂഡൽഹി/റിയാദ്|ഗൾഫ് മേഖലയിലെ സംഘർഷങ്ങളും ഹോർമുസ് കടലിടുക്കിലെ ചരക്കുനീക്ക തടസ്സങ്ങളും മറികടന്ന് സഊദി അറേബ്യയുടെ ക്രൂഡ് ഓയിൽ കയറ്റുമതിയിൽ വൻ കുതിച്ചുചാട്ടം. സെപ്റ്റംബറിലെ കയറ്റുമതി മുൻമാസത്തേക്കാൾ 21 ശതമാനം വർദ്ധിച്ച് പ്രതിദിനം 5.379 ദശലക്ഷം ബാരലായി ഉയർന്നു.ജോയിന്റ് ഓർഗനൈസേഷൻസ് ഡാറ്റാ ഇനിഷ്യേറ്റീവ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.ഓഗസ്റ്റിൽ പ്രതിദിനം 4.45 ദശലക്ഷം ബാരലായിരുന്ന കയറ്റുമതിയാണ് സെപ്റ്റംബറിൽ കുത്തനെ ഉയർന്നത്. കയറ്റുമതിക്കൊപ്പം രാജ്യത്തെ ക്രൂഡ് ഓയിൽ ഉൽപ്പാദനവും 34 ശതമാനം വർദ്ധിച്ച് പ്രതിദിനം 8.37 ദശലക്ഷം ബാരലിലെത്തി. അതേസമയം, ആഭ്യന്തര വൈദ്യുതി ഉൽപ്പാദനത്തിനായി നേരിട്ട് ക്രൂഡ് ഓയിൽ ഉപയോഗിക്കുന്നത് പ്രതിദിനം 4,60,800 ബാരലായി കുറച്ചതും കൂടുതൽ എണ്ണ വിദേശത്തേക്ക് കയറ്റുമതി ചെയ്യാൻ സഊദിയെ സഹായിച്ചു. കയറ്റുമതി വർദ്ധിച്ചതിനൊപ്പം രാജ്യത്തിന്റെ കരുതൽ എണ്ണ ശേഖരത്തിൽ 10.7 ദശലക്ഷം ബാരലിന്റെ വർദ്ധനവുണ്ടായിട്ടുണ്ട്.ഫെബ്രുവരി അവസാനത്തോടെ മേഖലയിലുണ്ടായ യുഎസ്-ഇസ്റാഈ ൽ-ഇറാൻ സംഘർഷങ്ങളെ തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെട്ടിരുന്നു. എന്നാൽ, കിഴക്കൻ എണ്ണപ്പാടങ്ങളെ ചെങ്കടൽ തുറമുഖമായ യാൻബുവുമായി ബന്ധിപ്പിക്കുന്ന ‘ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈൻ’ വഴി വിതരണം വേഗത്തിൽ പുനഃസ്ഥാപിക്കാൻ സഊദി അരാംകോയ്ക്ക് സാധിച്ചു. ഹോർമുസ് കടലിടുക്ക് ഒഴിവാക്കി ചെങ്കടൽ തീരത്തെ ടെർമിനലുകൾ ഫലപ്രദമായി ഉപയോഗിച്ചതാണ് കയറ്റുമതി വേഗത്തിൽ തിരിച്ചുപിടിക്കാൻ കാരണമായത്.ചെങ്കടൽ വഴിയുള്ള കയറ്റുമതി വർദ്ധിച്ചതോടെ, ഒക്ടോബറിൽ യുഎഇയെ മറികടന്ന് ഇന്ത്യയുടെ രണ്ടാമത്തെ വലിയ ക്രൂഡ് ഓയിൽ വിതരണക്കാരായി സഊദി അറേബ്യ മാറി. ഇന്ത്യയിലേക്കുള്ള കയറ്റുമതി എട്ട് മാസത്തെ ഉയർന്ന നിരക്കായ പ്രതിദിനം 7,90,000 ബാരലിലെത്തിയിട്ടുണ്ട്. ഒക്ടോബറിൽ സൗദിയുടെ ആകെ എണ്ണ ഉൽപ്പാദനം പ്രതിദിനം 10.56 ദശലക്ഷം ബാരലിലേക്ക് ഉയർന്നതിനാൽ വരും മാസങ്ങളിലും കയറ്റുമതി ഇനിയും വർദ്ധിക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.Content Highlights: Saudi Arabia’s crude oil exports rose 21 percent in September to 5.379 million barrels per day as Aramco used the East-West pipeline to Yanbu. Bypassing Strait of Hormuz disruptions helped Saudi overtake the UAE as India’s second-largest oil supplier in October. Production also climbed sharply.