ന്യൂഡല്‍ഹി | ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സില്‍ നിന്നു കടുത്ത അവഗണന നേരിടുന്നതായി മുസ്്ലിം ലീഗിന്റെ ആരോപണത്തില്‍ ഇടപെട്ടു രാഹുല്‍ ഗാന്ധി. ഇ അഹ്മദിന്റെ കാലത്ത് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി ഏറ്റവും അടുത്ത ബന്ധം മുസ്്ലിം ലീഗിനുണ്ടായിരുന്നു.ഇപ്പോള്‍ ലീഗുമായുള്ള ബന്ധം ബി ജെ പി ആയുധമാക്കുമോ എന്നു ഭയന്ന് ലീഗിനെ കോണ്‍ഗ്രസ് തീണ്ടാപ്പാടകലെ നിര്‍ത്തുകയാണ്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചപ്പോള്‍ ലീഗിന്റെ കൊടിയുടെ ചിത്രം ഉപയോഗിച്ച് ബി ജെ പി ഉത്തരേന്ത്യയില്‍ വ്യാപകമായ കുപ്രചാരണം നടത്തിയിരുന്നു. തുടര്‍ന്ന് രാഹുലിന്റേയും പ്രിയങ്കയുടേയും പരിപാടികളില്‍ ലീഗിന്റെ കൊടി പ്രദര്‍ശിപ്പിക്കുന്നതിന് അപ്രഖ്യാപിത വിലക്കുണ്ടായി.അന്ന് പ്രതികരിക്കാതിരുന്ന ലീഗിനെ പിന്നീട് ദേശീയ തലത്തില്‍ തുടര്‍ച്ചയായി അകറ്റി നിര്‍ത്തുന്ന കാഴ്ചയാണു കണ്ടത്. കേരളത്തില്‍ മുഖ്യമന്ത്രി തിരഞ്ഞെടുപ്പിനു ശേഷം ഈ അവഗണ രൂക്ഷമായെന്നാണ് കരുതുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണ നല്‍കാത്തതിന്റെ പേരില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പ്രതികാരം ചെയ്യുകയാണെന്നും ലീഗിലെ ഒരു വിഭാഗം നേതാക്കള്‍ ആരോപിക്കുന്നുണ്ട്. ലീഗിന്റെ അതൃപ്തി ദേശീയതലത്തില്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി വിഷയത്തില്‍ വിവരങ്ങള്‍ തേടിയത്.കഴിഞ്ഞ ദിവസം നടന്ന സോണിയ ഗാന്ധിയുടെ പുസ്തകപ്രകാശന ചടങ്ങിലേക്ക് പോലും ലീഗ് നേതാക്കളെ ക്ഷണിക്കാതിരുന്നതാണ് ലീഗിന്റെ രോഷം അണപൊട്ടാന്‍ കാരണം. നവംബര്‍ 16ന് ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, എന്‍ സി പി, നാഷണല്‍ കോണ്‍ഫറന്‍സ് തുടങ്ങിയ പാര്‍ട്ടികളുടെ നേതാക്കള്‍ പങ്കെടുത്തിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രത്യേക പരിഗണനയും ലഭിച്ചു. മുന്‍ കോണ്‍ഗ്രസ് നേതാവും ബി ജെ പി അംഗവുമായ അമരീന്ദര്‍ സിങ്ങും ചടങ്ങില്‍ പങ്കെടുത്തിരുന്നു. സി പി എം, സി പി ഐ ഉള്‍പ്പെടെയുള്ള ഇടതുപാര്‍ട്ടികളെ ക്ഷണിച്ചിരുന്നില്ല. ഈ കൂട്ടത്തിലാണ് മുസ്ലിം ലീഗിനെയും ക്ഷണിക്കാതിരുന്നത്. ഇത് ലീഗിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതായി.നേരത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാ സഖ്യം രാംലീല മൈതാനത്ത് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലും ലീഗിന് അര്‍ഹമായ പരിഗണന ലഭിച്ചിരുന്നില്ല. പി കെ കുഞ്ഞാലിക്കുട്ടി പ്രതിഷേധ റാലിയില്‍ പങ്കെടുത്തെങ്കിലും പ്രസംഗിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. ഇത് ലീഗിനുള്ളില്‍ വലിയ പ്രതിഷേധത്തിനു കാരണമായിരുന്നു.കേരളത്തില്‍ കോണ്‍ഗ്രസ്സിനെ അധികാരത്തിലെത്തിക്കുന്നതില്‍ മുസ്്ലിം ലീഗിന്റെ പങ്ക് സുപ്രധാനമാണ്. ലീഗില്ലെങ്കില്‍ യു ഡി എഫ് ഇല്ല എന്നതാണ് അവസ്ഥ. കേരളത്തില്‍ അഞ്ച് മന്ത്രിമാരുള്ള പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. തുടര്‍ച്ചയായ അവഗണനയില്‍ നേതൃത്വത്തിനുള്ള അതൃപ്തി അറിയിച്ച പശ്ചാത്തലത്തിലാണ് ലീഗിനെ ശാന്തമാക്കാന്‍ രാഹുല്‍ രംഗത്തിറങ്ങിയത്.Content Highlights: Rahul Gandhi intervened after the Muslim League alleged continued sidelining by Congress at the national level, including missing Sonia Gandhi’s book launch. Tensions escalated following disputes over Kerala leadership choices and Ramlila Maidan rally representation. League leaders warned of the party’s pivotal role in the UDF.