സംഗീതത്തിന് ഭാഷയുടെ അതിർവരമ്പുകളില്ല: സിദ് ശ്രീറാം

Wait 5 sec.

ദുബായ് തനിക്ക് ഏറെ പ്രിയപ്പെട്ട നഗരമാണെന്ന് പ്രശസ്ത ഗായകൻ സിദ് ശ്രീറാം. വിവിധ ഭാഷകൾ സംസാരിക്കുന്ന സംഗീതപ്രേമികൾ ഒത്തുചേരുന്ന നഗരമാണിത്. സംഗീതത്തിന് ഭാഷയുടെ അതിർവരമ്പുകളില്ലെന്നും അദ്ദേഹം പറഞ്ഞു. നവംബർ 22ന് കൊക്കക്കോള അറീനയിൽ നടക്കുന്ന 'സിങ് ഇന്ത്യ വിത്ത് സിദ് ശ്രീറാം' സംഗീതപരിപാടിക്കു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളത്തിൽ കെ.എസ്. ചിത്രയും ഉണ്ണിമേനോനുമാണ് ഇഷ്ടഗായകരെന്ന് സിദ് ശ്രീറാം പറഞ്ഞു. ഓരോ വാക്കും കൃത്യമായി ഉച്ചരിച്ച് പാടണമെന്ന് സംഗീതാധ്യാപിക കൂടിയായ അമ്മയ്ക്ക് നിർബന്ധമായിരുന്നു. അതിനാൽ ഗാനങ്ങളുടെ ഉച്ചാരണത്തിൽ പ്രത്യേക ശ്രദ്ധ പുലർത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലെ ഗാനങ്ങൾ ഉൾപ്പെടുത്തിയുള്ള സംഗീതപരിപാടി ഞായറാഴ്ച വൈകിട്ട് ഏഴിന് ആരംഭിക്കും. 'ശ്രീവല്ലി', 'സമാജവരഗമന', 'തള്ളി പോഗാതെ', 'മറുവാർത്തൈ പേസാതെ', 'ഇങ്കെം ഇങ്കെം ഇങ്കെം കാവാലെ', 'കലാവതി', 'പറയുവാൻ', 'മിന്നൽവള' തുടങ്ങിയ ഹിറ്റ് ഗാനങ്ങളും അവതരിപ്പിക്കും. ടിക്കറ്റുകൾ പ്ലാറ്റിനംലിസ്റ്റിലും കൊക്കക്കോള അറീന ബോക്സ് ഓഫിസിലും ലഭിക്കും.