മുഖ്യമന്ത്രിയുടെ ഏകാധിപത്യ പ്രവണത; വിമര്‍ശനം ഉന്നയിച്ച മന്ത്രി എ പി അനില്‍കുമാറിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം

Wait 5 sec.

തിരുവനന്തപുരം | മന്ത്രിസഭാ യോഗത്തില്‍ നടന്നത് ജനാധിപത്യ പരമായ ചര്‍ച്ചയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ അവകാശപ്പെട്ടെങ്കിലും മുഖ്യമന്ത്രിയുടെ ഏതാധിപത്യ പ്രവണതയെ വിമര്‍ശിച്ച മന്ത്രി എ പി അനില്‍കുമാറിനെതിരെ വി ഡി സതീശന്‍ പക്ഷത്തിന്റെ ശക്തമായ സൈബര്‍ ആക്രമണം.മന്ത്രിസഭയിലെ തര്‍ക്കങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന് ആരോപിച്ചുകൊണ്ടാണ് അധിക്ഷേപ പോസ്റ്റുകള്‍. ഇന്നലെ മന്ത്രിസഭാ യോഗത്തിലെ തര്‍ക്കങ്ങള്‍ വാര്‍ത്തയായതിന് പിന്നാലെയാണ് വി ഡി സതീശന്‍ അനുകൂല പേജുകളില്‍ നിന്ന് അനില്‍ കുമാറിനെ അധിക്ഷേപിക്കുന്ന പോസ്റ്റുകള്‍ വന്നത്. മന്ത്രിസഭയിലെ രഹസ്യങ്ങള്‍ ചോര്‍ത്തിയതാര് എന്ന് ചോദിച്ചുകൊണ്ട് വി ഡി എസ് ബ്രിഗേഡ് പേജില്‍ പ്രത്യക്ഷപ്പെട്ട കാര്‍ഡിനു കീഴില്‍ എ പി അനില്‍ കുമാറിനെ രൂക്ഷമായി അധിക്ഷേപിച്ച് നിരവധി കമന്റുകള്‍ പ്രത്യക്ഷപ്പെട്ടു. മറ്റ് ചില പേജുകളിലും സമാനമായ ആക്ഷേപങ്ങള്‍ തുടരുകയാണ്. വി ഡി സതീശന്‍ അനുകൂല പേജുകളില്‍ കെ സി വേണുഗോപാലിനെ ലക്ഷ്യമിട്ടും അധിക്ഷേപനങ്ങള്‍ രൂക്ഷമാണ്. കെ സി പക്ഷത്തെ ഒറ്റുകാര്‍ എന്നാണ് അധിക്ഷേപിക്കുന്നത്.കെ സി വിഭാഗത്തിന്റെ ഏറ്റവും പ്രധാനികളില്‍ ഒരാളാണ് മുതിര്‍ന്ന നേതാവായ എ പി അനില്‍ കുമാര്‍. മുന്നണിക്കുള്ളിലേയും മന്ത്രിസഭയിലേയും അഭിപ്രായ ഭിന്നതകള്‍ മറനീക്കി പുറത്തുവരുന്നതിനോടൊപ്പം സൈബര്‍ ഇടങ്ങളിലും ആക്രമണം രൂക്ഷമായി. യു ഡി എഫ് സര്‍ക്കാര്‍ ആറാം മാസത്തിലേക്ക് കടക്കുമ്പോള്‍ തന്നെ കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് വീണ്ടും പരസ്യമായ തര്‍ക്കങ്ങളിലേക്കു നീങ്ങുന്നതിന്റെ സൂചനകളാണ് പുറത്തു വരുന്നത്. മന്ത്രിസഭാ യോഗത്തില്‍ പി എസ് സി അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ടു തുടങ്ങിയ തര്‍ക്കം മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനശൈലിയിലേക്കും പാര്‍ട്ടിയുമായി കൂടിയാലോചന നടത്താത്തതിലേക്കും നീളുകയായിരുന്നു.ഇതുവരെ മന്ത്രിസഭയ്ക്കുള്ളില്‍ പല വിഷയങ്ങളിലും അഭിപ്രായവ്യത്യാസങ്ങള്‍ തുറന്നുപറയാന്‍ കെ.സി. പക്ഷത്തെ മന്ത്രിമാര്‍ തയ്യാറാകുന്നില്ലെന്ന ആഭ്യന്തര വിമര്‍ശനം ഗ്രൂപ്പിനുള്ളില്‍ ശക്തമായിരുന്നു. പിഎസ്സി അംഗങ്ങളുടെ നിയമനവും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് വിഷയവും വന്നതോടെ വിയോജിപ്പ് പരസ്യമായി ഉന്നയിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് സൂചന. വരാനിരിക്കുന്ന ബോര്‍ഡ്, കോര്‍പ്പറേഷന്‍ നിയമനങ്ങളിലും അഭിപ്രായവ്യത്യാസം അറിയിക്കാനാണ് നീക്കമെന്നും റിപ്പോര്‍ട്ടുകളുണ്ട്.പി എസ്സി അംഗങ്ങളുടെ പേരുകള്‍ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട കൂടിയാലോചനകള്‍ നടന്നില്ലെന്നതാണ് പ്രധാന പരാതി. സാധാരണയായി കെ പി സി സി അധ്യക്ഷനുമായും മുതിര്‍ന്ന നേതാക്കളുമായും ചര്‍ച്ച നടത്തിയ ശേഷമാണ് ഇത്തരം പേരുകള്‍ മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തിക്കാറുള്ളത്. എന്നാല്‍ ഇത്തവണ അന്തിമ തീരുമാനമെടുക്കുന്ന ഘട്ടത്തില്‍ കൂടിയാലോചന ഉണ്ടായില്ലെന്നാണ് കെ സി പക്ഷത്തിന്റെ ആരോപണം. കെ സി വേണുഗോപാല്‍ നിര്‍ദേശിച്ച സുധാ മേനോന്റെ പേര് വീണ്ടും പരിഗണിക്കപ്പെടാതെ പോയതും തര്‍ക്കത്തിന് കാരണമായെന്നാണ് വിവരം. ഇതിന് പകരം മറ്റൊരു പേര് മുന്നോട്ടുവെച്ചതും ഗ്രൂപ്പിനുള്ളിലെ അതൃപ്തി വര്‍ധിപ്പിച്ചു.ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട തീരുമാനങ്ങളിലും വേണ്ടത്ര ചര്‍ച്ച നടന്നില്ലെന്ന പരാതി ചില മന്ത്രിമാര്‍ക്കുണ്ട്. ബന്ധപ്പെട്ട മന്ത്രിമാരിലേക്ക് ഫയലുകള്‍ എത്തുന്നത് അവസാന ഘട്ടത്തിലാണെന്നും തീരുമാനങ്ങള്‍ വേഗത്തില്‍ കൈക്കൊള്ളുകയാണെന്നുമുള്ള വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് പി എസ് സി നിയമനവുമായി ബന്ധപ്പെട്ട അതൃപ്തി മന്ത്രിസഭയ്ക്കുള്ളില്‍ തുറന്നുപറഞ്ഞത്. വൈദ്യുതി കരാര്‍, മദ്യനയം തുടങ്ങിയ വിഷയങ്ങളിലും മന്ത്രിമാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു.Content Highlights: Pro-CM VD Satheesan social media handles launched intense cyber attacks against Minister AP Anilkumar and KC Venugopal after details of a heated cabinet dispute leaked. The internal Congress rift centers on unilateral decisions regarding Kerala PSC member appointments, the exclusion of Sudha Menon, and Guruvayur Devaswom Board matters