ന്യൂഡല്‍ഹി | കര്‍ണാടകയില്‍ ബൈക്ക് ടാക്സികള്‍ക്കുള്ള നിരോധനം നീക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ബൈക്ക് ടാക്സികള്‍ നിരോധിക്കുന്നതിനേക്കാള്‍ നല്ലത് അവ നിയന്ത്രിക്കലാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കര്‍ണാടക ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ് ശരിവെച്ചുകൊണ്ട് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ, ജസ്റ്റിസ് എന്‍ കോടീശ്വര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് സര്‍ക്കാരിന്റെ പ്രത്യേകാനുമതി ഹര്‍ജി തള്ളിയത്.ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് ശര്‍മ സുപ്രധാനമായ ചില നിരീക്ഷണങ്ങള്‍ നടത്തി. ജി പി എസ് സംവിധാനമുള്ളതിനാല്‍ യുവതികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ബൈക്ക് ടാക്സി കൂടുതല്‍ സുരക്ഷിതമാണെന്ന് നിരീക്ഷിച്ചു. രാജ്യത്തെ 25 സംസ്ഥാനങ്ങളില്‍ ഇതിനകം തന്നെ ബൈക്ക് ടാക്സി സര്‍വീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. തന്റെ ഓഫീസിലെ ജീവനക്കാരായ പെണ്‍കുട്ടികളോട് ചോദിച്ചപ്പോള്‍ അവര്‍ ഓഫീസിലേക്ക് വരുന്നത് ബൈക്ക് ടാക്സിയിലാണെന്നും, ഓട്ടോറിക്ഷകള്‍ക്ക് ഇതിന്റെ അഞ്ചിരട്ടി നിരക്കാണെന്നും, ‘നമ്മ ഓട്ടോ’ ഒഴികെ മറ്റാരെയും ഓട്ടോ യൂണിയനുകള്‍ അനുവദിക്കാറില്ലെന്നും അവര്‍ പറഞ്ഞതായി ജസ്റ്റിസ് ശര്‍മ പരാമര്‍ശിച്ചു.മോട്ടോര്‍ വാഹന നിയമപ്രകാരം സംസ്ഥാന സര്‍ക്കാര്‍ കൃത്യമായ ചട്ടങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പുറപ്പെടുവിക്കാതെ ബൈക്ക് ടാക്സികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ റാപ്പിഡോ, ഊബര്‍, ഓല തുടങ്ങിയ അഗ്രഗേറ്റര്മാരാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ചിനെ സമീപിച്ചത്. തുടര്‍ന്ന് ചീഫ് ജസ്റ്റിസ് വിഭു ബാഖ്രു, ജസ്റ്റിസ് സി എം ജോഷി എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് സിംഗിള്‍ ബെഞ്ചിന്റെ നിരോധന ഉത്തരവ് റദ്ദാക്കി. മോട്ടോര്‍ സൈക്കിളുകള്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളായോ കോണ്‍ട്രാക്ട് കാര്യേജുകളായോ രജിസ്റ്റര്‍ ചെയ്യാന്‍ ഉടമകള്‍ക്ക് അപേക്ഷ നല്‍കാമെന്നും, ഇരുചക്ര വാഹനങ്ങള്‍ ട്രാന്‍സ്പോര്‍ട്ട് വാഹനമായി ഉപയോഗിക്കാന്‍ കഴിയില്ലെന്ന കാരണം പറഞ്ഞ് അപേക്ഷകള്‍ നിരസിക്കരുതെന്നും ഹൈക്കോടതി ഡിവിഷന് ബെഞ്ച് നിര്‍ദ്ദേശിച്ചിരുന്നു.ഭരണഘടനയുടെ അനുച്ഛേദം 19(1)(ജി) പ്രകാരമുള്ള തങ്ങളുടെ തൊഴില്‍ ചെയ്യാനുള്ള മൗലികാവകാശത്തെ നിരോധനം ലംഘിക്കുന്നുവെന്നായിരുന്നു കമ്പനികളുടെ പ്രധാന വാദം. അതേസമയം, മോട്ടോര്‍ സൈക്കിളുകള്‍ യാത്രക്കാരെ കയറ്റുന്ന ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളുടെ പരിധിയില്‍ വരില്ലെന്ന നിലപാടിലായിരുന്നു കര്‍ണാടക സര്‍ക്കാര്‍. എന്നാല്‍ സര്‍ക്കാരിന്റെ ഈ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ വിധിയില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചത്. Content Highlights: The Supreme Court rejected the Karnataka government’s plea to reinstate the bike taxi ban, upholding the High Court verdict. The bench noted that regulating bike taxis is better than banning them and highlighted GPS-enabled safety and affordability for women commuters over high auto fares.