ചെന്നൈ| തമിഴ്നാട്ടിലെ ക്വാറി ഉല്പന്നങ്ങള് കേരളമടക്കം അയല്‍സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് നിരോധിച്ച് വിജയ് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി. കഴിഞ്ഞ ജൂലൈയില്‍ ഭേദഗതി വരുത്തിയ 2011ലെ നിയമത്തിലെ ‘3 എ’ ചട്ടം ഭരണഘടനാ വിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിധിച്ചു. ഇത്തരത്തില്‍ താല്‍ക്കാലിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജിയോളജി വകുപ്പ് ഡയറക്ടര്‍ക്ക് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. കല്ലും എം-സാന്‍ഡും ജെല്ലിയും അടക്കം നിര്‍മാണ സാമഗ്രികളുടെ നീക്കം തടഞ്ഞ ചട്ടം ഭരണഘടനാ വിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് ബെഞ്ച് ഉത്തരവിട്ടു.2027 ജനുവരി 25 വരെ നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടായിരുന്നു തമിഴ്നാട് സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയത്. ഈ നിരോധനം കേരളത്തിലെ നിര്‍മാണ മേഖലയെയും ദേശീയപാതാ നിര്‍മാണത്തെയും സാരമായി ബാധിച്ചിരുന്നു. ഇടപ്പള്ളി-മൂത്തകുന്നം റീച്ചില്‍ ക്വാറി ഉല്‍പ്പന്നങ്ങള്‍ ലഭിക്കാത്തത് വലിയ പ്രതിസന്ധിയായി തുടരുകയാണ്. നിര്‍മാണ സാമഗ്രികളുടെ നിയന്ത്രണത്തില്‍ ഇളവ് വേണമെന്ന് കേരളം ആവശ്യപ്പെടുകയും വിഷയത്തില്‍ കേരള മുഖ്യമന്ത്രി വിഡി സതീശന് വിജയ്ക്ക് കത്തയക്കുകയും ചെയ്തിരുന്നു. എന്നാല്‍ തമിഴ്നാട് സര്‍ക്കാര്‍ അനുകൂലമായി പ്രതികരിച്ചിരുന്നില്ല. ദേശീയപാതാ നിര്‍മാണം അടക്കം കേരളത്തിന്റെ ആവശ്യത്തിനുള്ള 40 ശതമാനം കരിങ്കല്ലും തമിഴ്നാട്ടില്‍ നിന്നാണ് ലഭിച്ചിരുന്നത്. ഇപ്പോള്‍ വന്ന ഉത്തരവ് കേരളത്തിലെ നിര്‍മാണ മേഖലയ്ക്ക് വന്‍ ആശ്വാസമാകും.Content Highlights: Madras High Court quashed Tamil Nadu’s ban on transporting quarry products to neighboring states like Kerala, declaring Rule 3A unconstitutional. The decision brings major relief to Kerala’s construction sector and stalled national highway projects that rely heavily on Tamil Nadu for granite and M-sand.