വിദഗ്ധ ചികിത്സ: ആനക്കുട്ടി രാജ, അനന്ത് അംബാനിയുടെ വൻതാരയിലേക്ക്

Wait 5 sec.

ജാംനഗർ / ഗുവാഹത്തി | പിറന്നു വീണ നാൾ മുതൽ ജീവനുവേണ്ടി പോരാടുന്ന ആനക്കുട്ടി രാജയെ അടിയന്തര ചികിത്സക്കായി അസമിലെ പോഹുമരയിൽ നിന്ന് ഗുജറാത്തിലെ ജാംനഗറിലുള്ള അനന്ത് അംബാനിയുടെ വൻതാരയിലേക്ക് വിമാനമാർഗം മാറ്റുന്നു. ഏഴാഴ്ചയായി വൻതാര വെറ്ററിനറി സംഘം ഉടമയുടെ വസതിയിൽ ചികിത്സിച്ചു വരികയായിരുന്നു. ആരോഗ്യനില അതീവ ഗുരുതരമായതിനാൽ പൂർണസജ്ജമായ ആന ആശുപത്രിയിൽ വിദഗ്ധ ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം. 2,500 കിലോമീറ്ററിലധികം റോഡ് യാത്ര രാജയുടെ ആരോഗ്യത്തിന് അപകടകരമായതിനാലാണ് എയർലിഫ്റ്റ് ചെയ്യുന്നത്.അനന്ത് അംബാനിയുടെ പിന്തുണയോടെ ഇന്ത്യയിൽ നടക്കുന്ന ഇത്തരത്തിലുള്ള മൂന്നാമത്തെ എയർലിഫ്റ്റാണിത്. രാജക്ക് വേഗത്തിലും സുരക്ഷിതമായും വിദഗ്ധ ചികിത്സ ലഭ്യമാക്കുകയാണ് ദൗത്യം. “ഒടിഞ്ഞ കാലുമായാണ് രാജ ഈ ലോകത്തേക്ക് വന്നത്. പക്ഷേ, ഒരിക്കലും തളരാത്ത മനസ്സായിരുന്നു അവന്റേത്. ഏഴാഴ്ചയായി കൊച്ചുശരീരത്തിനപ്പുറമുള്ള ധൈര്യത്തോടെ അവൻ പോരാടുകയാണ്. ഇനി അവനെ ചേർത്തുപിടിക്കേണ്ടത് നമ്മുടെ ഊഴമാണ്. റോഡ് മാർഗം ദിവസങ്ങളെടുക്കുന്ന യാത്ര വിമാനത്തിൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ പൂർത്തിയാക്കാനാകും. എഴുന്നേറ്റു നിൽക്കാനും നടക്കാനും ഒരുനാൾ ഓടാനും രാജക്ക് സാധ്യമായ എല്ലാ അവസരങ്ങളും വൻതാരയിൽ ഒരുക്കും,’ വൻതാര സി ഇ ഒ വിവാൻ കരണി പറഞ്ഞു.ദുരിതപൂർണമായ തുടക്കം2026 ഒക്ടോബർ രണ്ടിന് അസമിലെ ഗോഗാമുഖിലാണ് രാജ ജനിച്ചത്. 11 വയസ്സ് മാത്രം പ്രായമുള്ള തള്ളയാനയുടെ പ്രായക്കുറവും പരിചയക്കുറവും കാരണം ആദ്യദിവസം തന്നെ ചവിട്ടേറ്റ രാജയുടെ വലതു തുടയെല്ലിന് (ഫീമർ) പൊട്ടലുണ്ടായി. ഉടമയുടെയും പരിചാരകരുടെയും അഭ്യർഥനയെ തുടർന്ന് ഒക്ടോബർ എട്ടിന് വൻതാര റാപിഡ് റെസ്പോൺസ് സംഘം രാജയെ പരിശോധിച്ചു. എക്സ്-റേയിൽ “കംപ്ലീറ്റ് ഓവർറൈഡിംഗ് ഫ്രാക്ചർ’ സ്ഥിരീകരിച്ചു. പ്ലാസ്റ്റർ കാസ്റ്റ്, സപോർട്ടീവ് ബാൻഡേജ്, സ്ലിംഗ് എന്നിവ ഉപയോഗിച്ച് പരുക്കേറ്റ കാൽ ഉറപ്പിച്ചു.പത്തിന് രാജയെ പോഹുമരയിലെ ഉടമയുടെ വസതിയിലേക്ക് മാറ്റി. തുടർന്ന് 24 മണിക്കൂർ വെറ്ററിനറി നിരീക്ഷണവും നഴ്സിംഗും തുടർന്നു. കാലിൽ ഭാരം നൽകാതെ ശരീരം ചലിപ്പിക്കാനും പേശീബലം വർധിപ്പിക്കാനും സമീപത്ത് ഹൈഡ്രോതെറാപ്പി കുളവും ഒരുക്കി.ആരോഗ്യനില ഗുരുതരം; ആശുപത്രി ചികിത്സ അനിവാര്യംമാതാവിന്റെ പാൽ ലഭിക്കാത്തതും ചലനപരിമിതിയും രാജക്ക് നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടാക്കി. വയറിളക്കത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ക്ലെബ്സിയല്ല ന്യുമോണിയ (Klebsiella pneumoniae) ബാക്ടീരിയ അണുബാധയും കണ്ടെത്തി. ആരോഗ്യനില ഗുരുതരമായി തുടരുന്നതിനാൽ വിപുലമായ രോഗനിർണയ സംവിധാനങ്ങളും വിദഗ്ധ ഓർത്തോപീഡിക് പരിചരണവും നിരന്തര നിരീക്ഷണവും ലഭ്യമാകുന്ന ആശുപത്രിയിലേക്ക് മാറ്റേണ്ടത് അനിവാര്യമായി.പ്രത്യേക വിമാനത്തിൽ നാല് മണിക്കൂർ യാത്രഇന്ന് ഗുവാഹത്തിയിൽ നിന്ന് പ്രത്യേകം ക്രമീകരിച്ച വിമാനത്തിൽ രാജ ജാംനഗറിലേക്ക് പുറപ്പെടും. ശരീരത്തിന് അനുയോജ്യമായി രൂപകൽപ്പന ചെയ്ത പ്രത്യേക കൂട്ടിലാണ് യാത്ര. ഒടിഞ്ഞ കാലിന് താങ്ങും സ്ഥിരതയും നൽകുന്നതിനൊപ്പം തലയുടെ പ്രഷർ സോറുകൾ സംരക്ഷിക്കാൻ കട്ടിയുള്ള മൃദുവായ മെത്തയും ഒരുക്കിയിട്ടുണ്ട്.വൻതാരയിലെ വെറ്ററിനറി ഡോക്ടർമാരും പാരാവെറ്റുകളും പരിചാരകരും യാത്രയിൽ ഒപ്പമുണ്ടാകും. ഹൃദയമിടിപ്പ്, ശ്വാസോച്ഛ്വാസം, ശരീരതാപനില, ജലാംശം, രക്തത്തിലെ ഗ്ലൂക്കോസ് എന്നിവ നിരന്തരം നിരീക്ഷിക്കും. ആവശ്യമായ മരുന്നുകൾ, ഫ്ലൂയിഡുകൾ, പാൽ ഭക്ഷണം എന്നിവയും വിമാനത്തിൽ കരുതും. ദിവസങ്ങൾ നീളുന്ന റോഡ് യാത്രക്കു പകരം മണിക്കൂറുകൾക്കുള്ളിൽ ലക്ഷ്യസ്ഥാനത്തെത്തുന്നത് രാജയുടെ സമ്മർദവും അപകടസാധ്യതയും കുറയ്ക്കും.വൻതാരയിൽ ആജീവനാന്ത പരിചരണംജാംനഗറിലെത്തിയാലുടൻ രാജയെ വൻതാരയുടെ ആന ആശുപത്രിയിൽ പ്രവേശിപ്പിക്കും. സമഗ്രമായ രോഗനിർണയ പരിശോധനകൾക്കൊപ്പം വേദന നിയന്ത്രണം, മരുന്നുകൾ, ചലന തെറാപ്പി, പോഷകാഹാര പുനരധിവാസം എന്നിവ തുടരും. പരുക്കിന്റെ സ്വഭാവം കണക്കിലെടുത്ത് ആജീവനാന്ത വെറ്ററിനറി പരിചരണവും നിരീക്ഷണവും ആവശ്യമായി വരുമെന്നാണ് വിലയിരുത്തൽ. അതിനുള്ള എല്ലാ പിന്തുണയും നൽകാൻ വൻതാര പ്രതിജ്ഞാബദ്ധമാണ്.വന്യജീവി സംരക്ഷണത്തിന്റെ ആഗോള കേന്ദ്രം“വനത്തിന്റെ നക്ഷത്രം’ എന്നർഥമുള്ള വൻതാര ഗുജറാത്തിലെ ജാംനഗർ ആസ്ഥാനമായുള്ള ആഗോള വന്യജീവിരക്ഷാ, പരിചരണ, ക്ഷേമ, സംരക്ഷണ സംരംഭമാണ്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ അനന്ത് അംബാനിയാണ് സ്ഥാപകൻ.ആധുനിക വെറ്ററിനറി വൈദ്യശാസ്ത്രവും പ്രത്യേക അടിസ്ഥാന സൗകര്യങ്ങളും വിദഗ്ധ സേവനങ്ങളും ഉപയോഗിച്ച് വന്യജീവികളുടെ രക്ഷ, ചികിത്സ, പുനരധിവാസം, ആജീവനാന്ത പരിചരണം എന്നിവ വൻതാര ഉറപ്പാക്കുന്നു. സർക്കാർ അധികാരികളുമായും സംരക്ഷണ പങ്കാളികളുമായും ഇന്ത്യയിലും അന്താരാഷ്ട്രതലത്തിലും സഹകരിച്ച് പ്രവർത്തിക്കുന്നു. എക്സ്-സിറ്റു സംരക്ഷണത്തിനൊപ്പം അനുയോജ്യമായ മൃഗങ്ങളെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തിരിച്ചയക്കുന്നതിനും തദ്ദേശീയ ജീവിവർഗങ്ങളുടെ വീണ്ടെടുക്കൽ, ആവാസവ്യവസ്ഥ പുനരുദ്ധാരണം, മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കൽ എന്നിവ ലക്ഷ്യമിട്ടുള്ള ഇൻ-സിറ്റു സംരക്ഷണ പ്രവർത്തനങ്ങൾക്കും വൻതാര നേതൃത്വം നൽകുന്നു.ജീവിതത്തിലേക്ക് തിരിച്ചുനടക്കാൻ ഒരു കൊച്ചുജീവന് അവസരം. രാജയുടെ അതിജീവനപ്പോരാട്ടത്തിന് ഇനി വൻതാരയുടെ കരുതലും വിദഗ്ധ ചികിത്സയും തുണയാകും.