കോടതികൾ ഇങ്ങനെ നിറംമാറുമോ?

Wait 5 sec.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 28ന് സുപ്രീം കോടതി നടത്തിയ ഒരു വിധി നമ്മള്‍ അറിഞ്ഞത് തന്നെ വളരെ ദിവസങ്ങള്‍ക്കു ശേഷമാണ്. ആരെയും ഞെട്ടിക്കുന്ന ഈ വിധി എന്തുകൊണ്ട് മാധ്യമങ്ങള്‍ കാര്യമായി റിപോര്‍ട്ട് ചെയ്തില്ല എന്നത് തന്നെ പഠിക്കപ്പെടേണ്ട ഒരു വിഷയമാണ്.ബില്‍ക്കീസ് ബാനു എന്ന പേര് നമുക്കൊന്നും അത്ര വേഗം മറക്കാന്‍ കഴിയില്ലല്ലോ. 2002ല്‍ മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലത്ത് നടന്ന അക്രമങ്ങള്‍ എല്ലാ മനുഷ്യരെയും ഞെട്ടിച്ചതാണല്ലോ. അതില്‍ ഏറ്റവുമധികം ചര്‍ച്ചയായ കേസുകള്‍ ബെസ്റ്റ് ബേക്കറിയും ബില്‍ക്കീസ് ബാനുവുമാണ്. അഞ്ച് മാസം ഗര്‍ഭിണിയായിരുന്ന ബില്‍ക്കീസ് ബാനുവിനെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും വീട്ടിലെ മറ്റെല്ലാവരെയും കൊല്ലുകയും ചെയ്ത ആ കേസ് ഏറെക്കാലം മുന്നോട്ടു പോകാതെയിരുന്നു. 2004ല്‍ കേന്ദ്രത്തില്‍ യു പി എ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചത്. വിചാരണക്കു ശേഷം 11 പ്രതികളെയാണ് ജീവപര്യന്തം തടവ് ശിക്ഷക്ക് വിധിച്ചത്. ആ തടവുകാരില്‍ രണ്ട് പേരെ (ബിബിന്‍ ചന്ദ്ര ജോഷി, രമണ്‍ലാല്‍ മോദി) ഈ വിധിയിലൂടെ കോടതി മോചിപ്പിച്ചിരിക്കുകയാണ്. ജസ്റ്റിസ് എം എം സുന്ദരേഷും പ്രസന്ന ബി വരാലെയും അടങ്ങിയ ബഞ്ചിന്റേതാണ് ഈ വിധി. ഈ പ്രതികള്‍ കഴിഞ്ഞ 17 വര്‍ഷങ്ങളായി തടവില്‍ കിടന്നവരാണെന്നും കാലിന് ശസ്ത്രക്രിയ നടത്തിയത് മൂലം ഭിന്നശേഷിക്കാരനായ ആളാണ് ജോഷി എന്നതുമാണ് അവരെ വിടാനുള്ള കാരണങ്ങളായി കോടതി പറയുന്നത്.2017ല്‍ ബോംബെ ഹൈക്കോടതി പ്രസ്താവിച്ച വിധിയനുസരിച്ച് ജീവിതാവസാനം വരെ ഇവര്‍ തടവുശിക്ഷ അനുഭവിക്കേണ്ടതായിരുന്നു. ആ വിധിയാണ് ഇപ്പോള്‍ കോടതി റദ്ദാക്കിയിരിക്കുന്നത്. “പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ (സിദ്ധാര്‍ഥ് ലുത്ര) പറഞ്ഞു, 17 വര്‍ഷമായി ഇവര്‍ തടവില്‍ കിടക്കുകയാണ്. ഇതിലെ ഒരു പ്രതിയുടെ പേര് ആദ്യ എഫ് ഐ ആറില്‍ ഇല്ലായിരുന്നു എന്നും മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം ചേര്‍ത്തതാണെന്നും കാണുന്നു. ഒരാള്‍ ഗുരുതരമായി അംഗവൈകല്യം സംഭവിച്ച ആളാണെന്നും കാണുന്നു. മേല്‍പ്പറഞ്ഞ സാഹചര്യത്തില്‍ പ്രതികളുടെ അപ്പീല്‍ അനുവദിച്ചു കൊണ്ട് അവരുടെ ശിക്ഷ റദ്ദാക്കുന്നു’ എന്നാണ് കോടതി പറയുന്നത്. ഇതാണ് കോടതിയുടെ കണ്ടെത്തല്‍.കേസിനടിസ്ഥാനമായ സംഭവം നടന്നത് 2002ല്‍ ആണ്. 19 വയസ്സുണ്ടായിരുന്ന, അഞ്ച് മാസം ഗര്‍ഭിണിയായിരുന്ന ബില്‍ക്കീസ് ബാനുവിനെ ഗുജറാത്ത് വംശഹത്യയുടെ ഭാഗമായി, കൂട്ടബലാത്സംഗം ചെയ്യുകയും അവരുടെ കുടുംബത്തിലെ മൂന്ന് വയസ്സുള്ള കുഞ്ഞടക്കം 14 പേരെ കൊലചെയ്യുകയും ചെയ്ത കേസാണിത്. 2008ല്‍ സി ബി ഐ കോടതി ആ പ്രതികളില്‍ 11 പേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. എല്ലാം സംഘ്പരിവാര്‍ ഗുണ്ടകളായിരുന്നു. ഇതിനെതിരെ പ്രതികള്‍ നല്‍കിയ അപ്പീലുകള്‍ ബോംബെ ഹൈക്കോടതി 2017ല്‍ തള്ളുകയും വിധി ശരിവെക്കുകയും ചെയ്തിരുന്നു.ഈ പ്രതികളുടെ ശിക്ഷ റദ്ദാക്കിക്കൊണ്ട് 2022 ആഗസ്റ്റില്‍ (സ്വാതന്ത്ര്യദിനം പ്രമാണിച്ച്) ബി ജെ പിയുടെ ഗുജറാത്ത് സര്‍ക്കാര്‍ എടുത്ത തീരുമാനം ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഗോദ്ര ജയിലില്‍ നിന്ന് പുറത്തിറങ്ങിയ പ്രതികളെ സംഘ്പരിവാര്‍ അണികള്‍ മാലയിട്ടു സ്വീകരിച്ചു. ഇതിനെതിരെ ശക്തമായ ജനവികാരം ഉണര്‍ന്നിരുന്നു. ഈ വിധിക്കെതിരെ ബില്‍ക്കീസ് ബാനു കോടതിയെ സമീപിച്ചു. മുന്‍ ഐ എ എസ് ഓഫീസറായിരുന്ന മീരാന്‍ ചന്ദ ബോര്‍വാക്കറും തൃണമൂല്‍ എം പി മഹുവ മൊയ്ത്രയും സി പി എം നേതാവ് സുഭാഷിണി അലിയും മറ്റു ചില വനിതാ സംഘടനകളും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. തുടര്‍ന്ന് 2024 ജനുവരി എട്ടിന് സുപ്രീം കോടതി ഇത് റദ്ദാക്കുകയും പ്രതികളുടെ ശിക്ഷ തുടരണം എന്ന് വിധിക്കുകയും ചെയ്തതാണ്. ഈ കേസില്‍ സുപ്രീം കോടതിയുടെ വിധിന്യായം ഏറെ ശ്രദ്ധേയമായിരുന്നു.കേസിന്റെ വിചാരണ നടന്നത് മഹാരാഷ്ട്രയിലായിരുന്നു. ഇതും ബില്‍ക്കീസ് ബാനു ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു. ഗുജറാത്തില്‍ വിചാരണ നടന്നാല്‍ നീതി കിട്ടില്ല എന്ന് അവര്‍ക്ക് ഉറപ്പായിരുന്നു. അതുകൊണ്ട് ഗുജറാത്ത് സര്‍ക്കാറിന് ശിക്ഷ റദ്ദാക്കാന്‍ അധികാരമില്ലെന്നായിരുന്നു: ജസ്റ്റിസുമാരായ ബി വി നഗരത്‌നമ്മയും ഉജ്വല്‍ ഭുയാനുമടങ്ങിയ ബഞ്ചിന്റെ വിലയിരുത്തല്‍. സര്‍ക്കാറിന്റെ തീരുമാനം നിയമലംഘനവും കൃത്രിമവും ആണെന്നും കോടതി വിലയിരുത്തി.251 പേജുള്ള ഈ വിധിന്യായത്തില്‍ കോടതി പറയുന്നു: സംസ്ഥാന സര്‍ക്കാറിന്റെ ഈ അധികാരം (പ്രതികളെ വെറുതെ വിട്ടത്) നീതിപീഠത്തിന്റെ പരിശോധനക്ക് വിധേയമായിരിക്കണം. ഏത് തീരുമാനവും നിയമവാഴ്ച എന്നതിനെ അടിസ്ഥാനമാക്കിയും ആയിരിക്കണം. ഏതെങ്കിലുമൊരു രാഷ്ട്രീയാവശ്യത്തിനു വേണ്ടി നിയമവാഴ്ച എന്ന തത്ത്വത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ പാടില്ല. നിയമവാഴ്ച തത്ത്വം അതിലംഘിക്കുന്ന തീരുമാനങ്ങള്‍ അപകടകരമായ കീഴ് വഴക്കങ്ങള്‍ സൃഷ്ടിക്കും. നിയമവാഴ്ചയുടെ തകര്‍ച്ച ഒരു തരത്തിലും അംഗീകരിക്കാനാകില്ല. ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്ന കേന്ദ്രങ്ങള്‍ (എക്‌സിക്യൂട്ടീവ്) അവരുടെ അധികാരപരിധി ലംഘിച്ചുവോ എന്ന് പരിശോധിക്കപ്പെടണം…. ഇതിനെതിരെ ഗുജറാത്ത് സര്‍ക്കാര്‍ നല്‍കിയ റിവ്യൂ ഹരജിയും സുപ്രീം കോടതി തള്ളിയതാണ്.ഈ സാഹചര്യത്തില്‍ വിലയിരുത്തുമ്പോള്‍ പുതിയ വിധി ബില്‍ക്കീസ് ബാനുവിനെ മാത്രമല്ല നിയമവാഴ്ച ആഗ്രഹിക്കുന്ന എല്ലാവരെയും ഞെട്ടിച്ചു എന്ന് പറയാം. തന്റെ പോരാട്ടം തുടരും എന്ന് ബില്‍ക്കീസ് ബാനു ആവര്‍ത്തിച്ചു പറയുന്നുണ്ട്. മതേതര സമൂഹം, ബില്‍ക്കീസിനു ശക്തമായ പിന്തുണ നല്‍കുമെന്നും ഉറപ്പാണ്. പക്ഷേ ചോദ്യം മറ്റൊന്നാണ്. രണ്ട് വര്‍ഷം മുമ്പ് ഇതേ കോടതി തന്നെ നടത്തിയ വിധിയുടെ അന്തസ്സത്ത പൂര്‍ണമായി ഇല്ലാതാക്കുന്ന ഒരു വിധി ഇപ്പോള്‍ എങ്ങനെ ഉണ്ടായി? കേവലം ജഡ്ജിമാര്‍ മാറി എന്നതുകൊണ്ട് നിയമവാഴ്ച പോലുള്ള അടിസ്ഥാന തത്ത്വങ്ങളില്‍ ഇത്ര മാറ്റം ഉണ്ടാകുമോ?Content Highlights: The Supreme Court released two convicts in the 2002 Bilkis Bano gang-rape and murder case, overturning their 2017 Bombay High Court life sentence. The ruling sparks concern over judicial consistency, contrasting sharply with the top court’s landmark 2024 verdict upholding the rule of law.