നിറം മാറുന്നത് യമുന മാത്രമല്ല

Wait 5 sec.

മനുഷ്യജീവിതത്തിന്റെ നിലനില്‍പ്പ് നിര്‍ണയിക്കുന്ന പ്രകൃതിയുടെ ജീവനാഡികളാണ് നദികള്‍. എന്നാല്‍ ആധുനിക വികസനത്തിന്റെ കുതിപ്പില്‍ നദികള്‍ നേരിടുന്ന വലിയ ദുരന്തം അവയുടെ ഒഴുക്ക് തടസ്സപ്പെടുന്നതുപോലെ തന്നെ, ഉള്ളടക്കം വിഷലിപ്തമാകുന്നതുമാണ്. മാലിന്യങ്ങളും രാസവസ്തുക്കളും പ്ലാസ്റ്റിക്കും കലര്‍ന്ന് പല നദികളും ക്രമേണ മലിനജലച്ചാലുകളായി മാറിക്കൊണ്ടിരിക്കുന്നു. ഡല്‍ഹിയിലൂടെ ഒഴുകുന്ന യമുനയില്‍ കണ്ടെത്തിയ മൈക്രോപ്ലാസ്റ്റിക്കുകളുടെയും അപകടകരമായ രാസവസ്തുക്കളുടെയും സാന്നിധ്യം ഈ പ്രതിസന്ധിയുടെ ആഴത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്.ഡല്‍ഹി സര്‍വകലാശാലയിലെ ഗവേഷകസംഘത്തിന്റെ പഠനം യമുനയിലെ മലിനീകരണത്തിന്റെ മറ്റൊരു മുഖം പുറത്തുകൊണ്ടുവന്നിരിക്കുന്നു. നദിയുടെ ഡല്‍ഹിയിലൂടെയുള്ള 48.8 കിലോമീറ്റര്‍ ദൂരത്തിലെ എട്ട് കേന്ദ്രങ്ങളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളാണ് പഠനവിധേയമാക്കിയത്. ഇവയില്‍നിന്ന് 2,289 മൈക്രോപ്ലാസ്റ്റിക് കണങ്ങള്‍ കണ്ടെത്തി. ഇതോടൊപ്പം 321 രാസഘടനകളും തിരിച്ചറിഞ്ഞു. ഇവയില്‍ നാലോ അതിലധികമോ കേന്ദ്രങ്ങളില്‍ കണ്ടെത്തിയ 50 രാസഘടനകളില്‍ 36 എണ്ണത്തിനും അര്‍ബുദസാധ്യത, പ്രത്യുത്പാദനത്തെ ബാധിക്കാനുള്ള സാധ്യത, വിഷാംശം, ജലജീവികള്‍ക്കുള്ള അപകടം എന്നിവയുമായി ബന്ധപ്പെട്ട ഹസാര്‍ഡ് വര്‍ഗീകരണമുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. മരുന്നുകളുടെ അവശിഷ്ടങ്ങള്‍, കീടനാശിനികള്‍, വ്യാവസായിക രാസവസ്തുക്കള്‍ എന്നിവയും സാമ്പിളുകളില്‍ കണ്ടെത്തി.അഞ്ച് മില്ലിമീറ്ററില്‍ താഴെ വലിപ്പമുള്ള ചെറിയ പ്ലാസ്റ്റിക് കണങ്ങളെയാണ് മൈക്രോപ്ലാസ്റ്റിക് എന്ന് വിളിക്കുന്നത്. വലിയ പ്ലാസ്റ്റിക് വസ്തുക്കള്‍ സൂര്യപ്രകാശം, ചൂട്, തിരമാലകള്‍, കാലാവസ്ഥാ വ്യതിയാനങ്ങള്‍ എന്നിവയുടെ സ്വാധീനത്തില്‍ ചെറുകണങ്ങളായി വിഘടിച്ചുണ്ടാകുന്നതാണ് ഇവയില്‍ ഭൂരിഭാഗവും. പ്ലാസ്റ്റിക് കുപ്പികള്‍, ഭക്ഷണപ്പൊതികള്‍, സിന്തറ്റിക് തുണിത്തരങ്ങള്‍, വ്യാവസായിക ഉത്പന്നങ്ങള്‍ എന്നിവയെല്ലാം ഇവയുടെ ഉറവിടങ്ങളാണ്. സൂക്ഷ്മമായ വലിപ്പം കാരണം സാധാരണ മാലിന്യശേഖരണ സംവിധാനങ്ങളിലൂടെ ഇവയെ പൂര്‍ണമായി നീക്കം ചെയ്യുക പ്രയാസമാണ്. ജലത്തിലൂടെ ഒഴുകുന്ന ഈ കണങ്ങള്‍ ജലജീവികളുടെ ശരീരത്തിലെത്തുകയും അതുവഴി ഭക്ഷ്യശൃംഖലയുടെ വിവിധ തലങ്ങളിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു.ഇന്ത്യയിലെ നദികളുടെ അവസ്ഥ പരിശോധിക്കുമ്പോള്‍ യമുന ഒരു ഒറ്റപ്പെട്ട ഉദാഹരണമല്ല. നഗരവത്കരണവും വ്യവസായ വികസനവും സൃഷ്ടിക്കുന്ന മാലിന്യങ്ങള്‍ രാജ്യത്തെ മിക്ക ജലസ്രോതസ്സുകളിലേക്കും ഒഴുകിയെത്തുന്നുണ്ട്. മലിനീകരണത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് മലിനജലം ശുദ്ധീകരിക്കാനുള്ള സംവിധാനങ്ങളുടെ അപര്യാപ്തതയും നിലവിലുള്ള സംവിധാനങ്ങളുടെ കാര്യക്ഷമതയില്ലായ്മയുമാണ് നദീതീരങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുമ്പോഴും മലിനീകരണത്തിന്റെ ഉറവിടങ്ങള്‍ അടയ്ക്കുന്നതില്‍ ആവശ്യമായ പുരോഗതിയുണ്ടാകുന്നില്ല. മലിനജലം നദിയിലേക്ക് ഒഴുക്കിവിട്ട ശേഷം നദി ശുദ്ധീകരിക്കാന്‍ കോടികള്‍ ചെലവഴിക്കുന്ന വികസന സമീപനം അടിസ്ഥാനപരമായി തിരുത്തപ്പെടേണ്ടതുണ്ട്.കേരളത്തിലും ഈ മുന്നറിയിപ്പിന് വലിയ പ്രസക്തിയുണ്ട്. പുഴകളും തോടുകളും കായലുകളും കിണറുകളും നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്. നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ജലസ്രോതസ്സുകളിലേക്ക് ഗാര്‍ഹിക മാലിന്യങ്ങളും പ്ലാസ്റ്റിക്കും മലിനജലവും എത്തുന്ന സാഹചര്യം നമുക്കും സുപരിചിതമാണ്. പുഴയോരങ്ങളില്‍ മാലിന്യം തള്ളുന്നതും ഓടകള്‍ ജലാശയങ്ങളിലേക്ക് തുറന്നുവിടുന്നതും വ്യാവസായിക മാലിന്യങ്ങള്‍ വേണ്ടത്ര ശുദ്ധീകരിക്കാതെ പുറന്തള്ളുന്നതും പല പ്രദേശങ്ങളിലും ആവര്‍ത്തിക്കുന്നു.കണ്ണില്‍ കാണുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതുകൊണ്ടുമാത്രം ജലത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനാകില്ല. സൂക്ഷ്മ പ്ലാസ്റ്റിക്കുകളുടെയും രാസമലിനീകരണത്തിന്റെയും സാന്നിധ്യം കണ്ടെത്താനുള്ള ശാസ്ത്രീയ പരിശോധനകളും നിരന്തര നിരീക്ഷണവും അനിവാര്യമാണ്. നദീസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ മാലിന്യം നീക്കം ചെയ്യുന്നതില്‍ മാത്രം ഒതുങ്ങരുത്. നഗരങ്ങളിലെ മലിനജലം നദികളിലെത്തുന്നതിനു മുമ്പ് ശാസ്ത്രീയമായി ശുദ്ധീകരിക്കണം. വ്യവസായ ശാലകളില്‍ നിന്നുള്ള പുറന്തള്ളലുകള്‍ കര്‍ശനമായി നിരീക്ഷിക്കുകയും നിയമലംഘനങ്ങള്‍ക്കെതിരെ നടപടിയെടുക്കുകയും വേണം.പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനൊപ്പം അവയുടെ ശേഖരണവും പുനരുപയോഗവും ശാസ്ത്രീയമായ മാലിന്യസംസ്‌കരണവും ശക്തിപ്പെടുത്തണം. നദികളുടെ നിറം മാറുമ്പോഴും ഒഴുക്കില്‍ പതയുയരുമ്പോഴും ജലജീവികള്‍ ചത്തുപൊങ്ങുമ്പോഴും മാത്രമാണ് പലപ്പോഴും ഈ ദുരവസ്ഥ ശ്രദ്ധിക്കപ്പെടുന്നത്. എന്നാല്‍ നഗ്‌ന നേത്രങ്ങള്‍കൊണ്ട് കാണാനാകാത്ത മലിനീകരണങ്ങള്‍ അതിലും വലിയ അപകടസാധ്യതകള്‍ സൃഷ്ടിക്കുന്നുണ്ട്. യമുനയിലെ പുതിയ പഠനം നല്‍കുന്ന പ്രധാന മുന്നറിയിപ്പും അതുതന്നെയാണ്.Content Highlights: A Delhi University study detected 2,289 microplastic particles and hazardous chemicals along a 48.8-km stretch of the Yamuna. Findings highlight cancer and toxicity risks while underscoring the urgent need for source control and wastewater treatment across India and Kerala.