ഐ സി ജെയുടെ ചരിത്രവിധി

Wait 5 sec.

റോഹിംഗ്യന്‍ വംശഹത്യയുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ സി ജെ)യില്‍ നിന്നുണ്ടായത് ചരിത്രവിധിയാണ്. വംശഹത്യ ലക്ഷ്യം വെച്ചാണ് മ്യാന്മര്‍ സൈന്യം റോഹിംഗ്യന്‍ മുസ്‌ലിംകളെ വേട്ടയാടിയതും റോഹിംഗ്യന്‍ ഗ്രാമങ്ങള്‍ നശിപ്പിച്ചതുമെന്ന് കോടതി നിരീക്ഷിച്ചു. റോഹിംഗ്യകളെ ഉന്മൂലനം ചെയ്ത് അവിടെ ഇതര വിഭാഗക്കാരെ കുടിയിരുത്തുകയായിരുന്നു മ്യാന്മര്‍ ഭരണകൂടത്തിന്റെയും സൈന്യത്തിന്റെയും ലക്ഷ്യമെന്നും കോടതി വിലയിരുത്തി. റോഹിംഗ്യന്‍ പൗരന്മാരെ സ്വമേധയാ അവരുടെ താമസ സ്ഥലങ്ങളിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും മ്യാന്മര്‍ ഭരണകൂടത്തോട് കോടതി ആവശ്യപ്പെടുകയും ചെയ്തു. 1945ല്‍ ഐ സി ജെ സ്ഥാപിതമായതിനു ശേഷം ആദ്യമായാണ് വംശഹത്യാ കേസില്‍ ഒരു രാഷ്ട്രത്തെ പ്രതിക്കൂട്ടിലാക്കി വിധി പ്രസ്താവിക്കുന്നത്.വംശഹത്യയുടെ നിരവധി കറുത്ത അധ്യായങ്ങളുണ്ട് ചരിത്രത്തില്‍. അധികാരത്തിന്റെയും വംശീയതയുടെയും മതവിദ്വേഷത്തിന്റെയും പേരില്‍ ഭരണകൂടങ്ങള്‍ തന്നെ മനുഷ്യരെ കൂട്ടക്കൊല ചെയ്തതിന്റെ ഭീകരമായ അനുഭവങ്ങള്‍ ലോകം പലതവണ കണ്ടു. 2002ല്‍ ഇന്ത്യയില്‍ ഗുജറാത്തും വംശഹത്യക്ക് സാക്ഷ്യം വഹിച്ചു. വംശഹത്യയുടെ ഏറ്റവും ഭീകരവും ദാരുണവുമായ ഉദാഹരണമാണ് റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരെ നടന്ന സൈനിക അതിക്രമങ്ങള്‍.“ക്ലിയറന്‍സ് ഓപറേഷന്‍’ എന്ന പേരില്‍ 2017ല്‍ മ്യാന്മര്‍ സൈന്യം രാഖൈൻ പ്രവിശ്യയിൽ ആരംഭിച്ച സൈനിക നടപടികള്‍ സൃഷ്ടിച്ച ദുരന്തം ലോകമനസ്സാക്ഷിയെ നടുക്കിയതാണ്. നിരപരാധികളെ കൂട്ടക്കൊല ചെയ്തും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അതിക്രമങ്ങള്‍ അഴിച്ചുവിട്ടും ഗ്രാമങ്ങള്‍ അഗ്‌നിക്കിരയാക്കിയും സൈന്യം നടത്തിയ നരനായാട്ടില്‍ പതിനായിരത്തിൽപ്പരം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. പ്രാണരക്ഷാര്‍ഥം ഏഴ് ലക്ഷത്തിലധികം റോഹിംഗ്യകള്‍ അതിര്‍ത്തി കടന്ന് ബംഗ്ലാദേശിലെത്തുകയും ചെയ്തു.റോഹിംഗ്യന്‍ വംശഹത്യയുടെ വേരുകള്‍ 2017ലെ സൈനിക നടപടിയില്‍ മാത്രം പരതിയാല്‍ പോരാ. അതിനു മുമ്പുതന്നെ മ്യാന്മര്‍ ഭരണകൂടം വ്യവസ്ഥാപിതമായ വിവേചനവും പൗരത്വ നിഷേധവും നടപ്പില്‍ വരുത്തിത്തുടങ്ങിയിരുന്നു. വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യപരിരക്ഷ, സഞ്ചാരസ്വാതന്ത്ര്യം തുടങ്ങിയ അടിസ്ഥാനപരമായ അവകാശങ്ങളില്‍ നിന്ന് റോഹിംഗ്യകള്‍ അകറ്റപ്പെട്ടു. പൗരത്വമില്ലാത്തവരായി മുദ്രകുത്തപ്പെട്ട ഒരു വിഭാഗത്തെ വേട്ടയാടാനും നാടുകടത്താനും എളുപ്പമാണെന്ന കാഴ്ചപ്പാടിലായിരുന്നു ഭരണകൂടത്തിന്റെ ഈ നീക്കങ്ങള്‍. ഇന്ത്യയിലും ചില സംസ്ഥാന ഭരണകൂടങ്ങള്‍ ഈ മ്യാന്മര്‍ മാതൃക കടമെടുക്കാന്‍ തുടങ്ങിയിട്ടുണ്ട്.ഈ നിയമപോരാട്ടത്തില്‍ പശ്ചിമാഫ്രിക്കന്‍ രാജ്യമായ ഗാംബിയ വഹിച്ച പങ്ക് പ്രത്യേകം പ്രസ്താവ്യമാണ്. റോഹിംഗ്യന്‍ പ്രശ്നത്തില്‍ ശാക്തിക രാജ്യങ്ങളും പ്രാദേശിക ശക്തികളും നിസ്സംഗത പാലിച്ചപ്പോള്‍, 2019ല്‍ ഗാംബിയയാണ് മ്യാന്മറിനെതിരെ ഐ സി ജെയില്‍ കേസ് ഫയല്‍ ചെയ്തത്. മ്യാന്മറുമായി നേരിട്ടോ ഭൂമിശാസ്ത്രപരമായോ യാതൊരു ബന്ധവുമില്ലെന്നിരിക്കെ മാനവികതയുടെ പേരിലാണ് ഗാംബിയ പ്രശ്നത്തില്‍ ഇടപെട്ടത്. ഇതുവഴി ചെറുരാഷ്ട്രങ്ങള്‍ക്കും ആഗോള നീതിന്യായ വ്യവസ്ഥയെ കണ്ണുതുറപ്പിക്കാനാകുമെന്ന് ഗാംബിയ തെളിയിച്ചു. റോഹിംഗ്യൻ മുസ്്ലിംകൾക്ക് ജന്മനാട്ടില്‍ പൂര്‍ണ പൗരത്വം, സുരക്ഷിതവും മാന്യവുമായ മടക്കയാത്ര, ഇരകള്‍ക്ക് നഷ്ടപരിഹാരം എന്നിവയായിരുന്നു ഹരജിയില്‍ ഗാംബിയ ഉന്നയിച്ച പ്രധാന ആവശ്യങ്ങള്‍. ഇതിനെല്ലാം അന്താരാഷ്ട്ര നിയമവ്യവസ്ഥയുടെ പൂര്‍ണ പിന്തുണ ലഭിച്ചിരിക്കുകയാണിപ്പോള്‍.ഐ സി ജെയുടെ ഈ വിധിപ്രസ്താവം ഫലസ്തീന്‍ ജനത പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. ഗസ്സയില്‍ ഇസ്റാഈല്‍ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യക്കെതിരെ ദക്ഷിണാഫ്രിക്ക നല്‍കിയ ഹരജി കോടതിയുടെ പരിഗണനയിലുണ്ട്. അതേസമയം, “വംശഹത്യാ ഉദ്ദേശ്യം’ തെളിയിക്കുക അന്താരാഷ്ട്ര നിയമത്തില്‍ അതിസങ്കീര്‍ണമായ പ്രക്രിയയാണ്. എങ്കിലും റോഹിംഗ്യന്‍ കേസില്‍ കോടതി സ്വീകരിച്ച തെളിവുശേഖരണ രീതികളും നിയമപരമായ വ്യാഖ്യാനങ്ങളും വരുംകാല കേസുകളില്‍ നിര്‍ണായക കീഴ്്വഴക്കങ്ങളായി മാറുമെന്നാണ് നിയമ വിദഗ്ധരുടെ വിലയിരുത്തല്‍.ഐ സി ജെയുടെ വിധിപ്രസ്താവം കൊണ്ടുമാത്രം റോഹിംഗ്യന്‍ ജനതയുടെ ദുരിതം അവസാനിക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. വിധി നടപ്പാക്കാന്‍ അന്താരാഷ്ട്ര കോടതിക്ക് സ്വന്തമായി പോലീസ് സംവിധാനമോ സൈനിക ശേഷിയോ ഇല്ല. തങ്ങളുടെ വിധി ഒരു രാഷ്ട്രം പാലിക്കാന്‍ വിസമ്മതിച്ചാല്‍ വിവരം ഐക്യരാഷ്ട്ര രക്ഷാ സമിതിയെ അറിയിക്കുക മാത്രമാണ് കോടതിയുടെ മുമ്പിലുള്ള മാര്‍ഗം. രക്ഷാ സമിതിയിലാണെങ്കില്‍ വീറ്റോ അധികാരമുള്ള വന്‍ശക്തികളുടെ രാഷ്ട്രീയ താത്പര്യങ്ങളും ഭൗമരാഷ്ട്രീയ സമവാക്യങ്ങളും പലപ്പോഴും നിര്‍ണായക തീരുമാനങ്ങള്‍ക്ക് തടസ്സം നില്‍ക്കാറുണ്ട്. മ്യാന്മറിലെ ആഭ്യന്തര രാഷ്ട്രീയ സാഹചര്യങ്ങളും സൈനിക ഭരണകൂടത്തിന്റെ കടുംപിടിത്തവും വിധി നടപ്പാക്കുന്നതില്‍ വെല്ലുവിളിയാണ്.ഈ സാഹചര്യത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന്, വിശേഷിച്ചും ഇന്ത്യയടക്കമുള്ള മ്യാന്മറിന്റെ അയല്‍രാജ്യങ്ങള്‍ക്ക് പ്രത്യേക ഉത്തരവാദിത്വമുണ്ട്. ബംഗ്ലാദേശില്‍ അഭയാര്‍ഥി ജീവിതം നയിക്കുന്ന റോഹിംഗ്യന്‍ പൗരന്മാരുടെ കാര്യത്തില്‍ വിശേഷിച്ചും. വിദ്യാഭ്യാസവും തൊഴിലും ലഭിക്കാതെ സ്വതന്ത്രമായ ജീവിതം നഷ്ടപ്പെട്ടാണ് ബംഗ്ലാദേശിലെ ക്യാമ്പുകളില്‍ അഭയാര്‍ഥികള്‍ കഴിഞ്ഞുകൂടുന്നത്. ക്യാമ്പുകളിലെ അന്തേവാസികളുടെ ജീവിതം മെച്ചപ്പെടുത്താനും ലക്ഷക്കണക്കിന് അഭയാര്‍ഥികളെ താങ്ങുന്നതില്‍ ബംഗ്ലാദേശ് അനുഭവിക്കുന്ന സാമ്പത്തികവും സാമൂഹികവുമായ പ്രയാസങ്ങള്‍ ലഘൂകരിക്കാനും അന്താരാഷ്ട്ര സമൂഹം മുന്നോട്ടുവരേണ്ടതാണ്. മ്യാന്മറിലെ സൈനിക ഭരണകൂടത്തിനെതിരായ ആയുധ, സാമ്പത്തിക ഉപരോധങ്ങള്‍ കര്‍ശനമാക്കാന്‍ ലോകരാഷ്ട്രങ്ങള്‍ സന്നദ്ധമാകുകയും വേണം.Content Highlights:In a historic first, the International Court of Justice found Myanmar guilty of committing genocide against the Rohingya and ordered voluntary repatriation and compensation. The ruling, stemming from Gambia’s 2019 petition, sets a crucial legal precedent for global human rights cases, including Gaza, though enforcement remains challenging without UN Security Council backing.