ന്യൂഡല്‍ഹി | ആഗോളതലത്തില്‍ ഇന്ത്യയുടെ വളര്‍ച്ച തടയിടാന്‍ ചൈന പാകിസ്താനുമായുള്ള സൈനിക ബന്ധം ശക്തമാക്കുകയും ഇന്ത്യക്കെതിരെ സാമ്പത്തിക സമ്മര്‍ദ്ദം പ്രയോഗിക്കുകയും ചെയ്യുന്നതായി അമേരിക്കന്‍ കോണ്‍ഗ്രസിന്റെ പാനല്‍ റിപ്പോര്‍ട്ട്. യു എസ് സഖ്യങ്ങള്‍ക്ക് പുറത്ത് ചൈനയോട് മത്സരിക്കാന്‍ ശേഷിയുള്ള ചുരുക്കം ചില ശക്തികളില്‍ ഒന്നാണ് ഇന്ത്യയെന്നും, ഏഷ്യയിലെ അധികാര സന്തുലിതാവസ്ഥയ്ക്കും ചൈനീസ് വിതരണ ശൃംഖലകള്‍ക്ക് ബദലാകാനും ശക്തമായ ഇന്ത്യ അനിവാര്യമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇത് തിരിച്ചറിയുന്ന ചൈന, വിവിധ മേഖലകളിലൂടെ ഇന്ത്യയുടെ വളര്‍ച്ച തടയാന്‍ നിരന്തരം ശ്രമിക്കുകയാണെന്ന് യു എസ്-ചൈന ഇക്കണോമിക് ആന്‍ഡ് സെക്യൂരിറ്റി റിവ്യൂ കമ്മീഷന്റെ 2026-ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.കഴിഞ്ഞ വര്‍ഷം നടന്ന ഓപ്പറേഷന് സിന്ദൂര്‍ സൈനിക നീക്കത്തിന് പിന്നാലെയുണ്ടായ ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ ചൈന പാകിസ്താന് നിര്‍ണായക പിന്തുണ നല്‍കിയതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ജമ്മു കശ്മീരില്‍ പാക് പിന്തുണയുള്ള ഭീകരര്‍ 26 സാധാരണക്കാരെ കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇന്ത്യ ഓപ്പറേഷന് സിന്ദൂര്‍ നടത്തിയത്. 2025 മെയിലെ സംഘര്‍ഷത്തില്‍ നേരിട്ട് പങ്കെടുക്കാതെ തന്നെ പ്രതിസന്ധി ഘട്ടത്തില്‍ പാകിസ്താനെ ശക്തിപ്പെടുത്താന്‍ ചൈനയ്ക്ക് സാധിച്ചുവെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ഓപ്പറേഷന് സിന്ദൂര്‍ വേളയില്‍ പാകിസ്താന് നേരിട്ട് സാങ്കേതിക സഹായം നല്‍കിയിരുന്നതായി ഈ വര്‍ഷം ആദ്യത്തില്‍ ചൈന തന്നെ തുറന്നുസമ്മതിച്ചിരുന്നു. പാകിസ്താനുമായുള്ള ചൈനയുടെ ദീര്‍ഘകാല കൂട്ടുകെട്ട് ഇന്ത്യയ്ക്ക് ഒരേസമയം ഇരുമുഖങ്ങളില് നിന്നുമുള്ള ഭീഷണി വര്‍ധിപ്പിക്കുന്നുണ്ട്.ഇന്ത്യയെ തളര്‍ത്താന്‍ ചൈന ഉപയോഗിക്കുന്ന ഏറ്റവും മൂര്‍ച്ചയേറിയ ആയുധം സാമ്പത്തിക നിയന്ത്രണങ്ങളാണ്. നിര്‍ണായകമായ വ്യാവസായിക അസംസ്കൃത വസ്തുക്കള്‍, സാങ്കേതികവിദ്യ, വൈദഗ്ധ്യം എന്നിവയിലെ മേല്‍ക്കോയ്മ ഉപയോഗിച്ച് ഇന്ത്യയില്‍ സ്വന്തമായ ഉല്‍പ്പാദന ശേഷി വികസിക്കുന്നത് തടസ്സപ്പെടുത്താനാണ് ബീജിംഗ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യയിലേക്കുള്ള പ്രധാന വ്യാവസായിക ഉല്പന്നങ്ങളുടെ കയറ്റുമതിയില്‍ ചൈന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഇന്ത്യന്‍ മഹാസമുദ്രത്തിലെ സമുദ്ര പാതകളെയും തന്ത്രപ്രധാന കേന്ദ്രങ്ങളെയും തടസ്സപ്പെടുത്താനും മേഖലയിലെ ഇന്ത്യയുടെ മേല്‍ക്കൈ ഇല്ലാതാക്കാനും ചൈന തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുന്നുണ്ട്. ബദലുകളുടെ അഭാവം മുതലെടുത്ത് സാമ്പത്തിക, അടിസ്ഥാന സൗകര്യ സഹായങ്ങളിലൂടെ ദക്ഷിണേഷ്യന്‍ രാജ്യങ്ങളെ സ്വാധീനിക്കാനും ചൈന ശ്രമിക്കുന്നു.ഇതിനെ പ്രതിരോധിക്കാന്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സമുദ്ര സുരക്ഷാ ഏകോപനം കൂടുതല്‍ ശക്തമാക്കണമെന്ന് പാനല്‍ ശുപാര്‍ശ ചെയ്തു. രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കുവെക്കല്‍, ചൈനീസ് നാവിക-അന്തര്‍വാഹിനി നീക്കങ്ങള്‍ സംയുക്തമായി നിരീക്ഷിക്കല്‍ എന്നിവയ്ക്കായി യു എസ് പ്രതിരോധ വിഭാഗം ഇന്ത്യന്‍ അധികൃതരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണം. കൂടാതെ ഇരുരാജ്യങ്ങളിലെയും പ്രതിരോധ, ഭരണ, ബിസിനസ്, അക്കാദമിക് രംഗത്തെ വളര്‍ന്നുവരുന്ന പ്രതിഭകളെ ഉള്‍പ്പെടുത്തി ഇന്‍ഡോ-അമേരിക്കന്‍ സ്ട്രാറ്റജിക് ലീഡര്‍ഷിപ്പ് എക്സ്ചേഞ്ച് പ്രോഗ്രാം രൂപീകരിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.Content Highlights: A 2026 US congressional panel report states China strengthens military ties with Pakistan and uses export controls to curb India’s growth and manufacturing. It cites Chinese support to Pakistan during Operation Sindoor and urges stronger US-India maritime coordination in the Indian Ocean.