ന്യൂഡൽഹി | ജനസംഖ്യാ കണക്കെടുപ്പ് (സെൻസസ്) പ്രക്രിയയുടെ രണ്ടാംഘട്ടത്തിൽ ജാതി ഉൾപ്പെടെ 40 ചോദ്യങ്ങൾ. സെൻസസിന്റെ ഭാഗമായി ആദ്യമായാണ് ജാതി വിവരങ്ങൾ തേടുന്നത്. പേര്, കുടുംബനാഥനുമായുള്ള ബന്ധം, ലിംഗഭേദം, ജനനതീയതി, വയസ്സ്, വൈവാഹികനില, പൗരത്വം, മതം, ജാതി, മാതൃഭാഷ, അറിയാവുന്ന മറ്റ് ഭാഷകൾ തുടങ്ങിയ അടിസ്ഥാന ജനസംഖ്യാ വിവരങ്ങളടങ്ങിയ ചോദ്യങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തു.സാക്ഷരത, ഡിജിറ്റൽ സാക്ഷരത, വിദ്യാഭ്യാസ യോഗ്യത, ജോലി, വ്യവസായ മേഖല, തൊഴിലാളി വിഭാഗം, കുടിയേറ്റ ചരിത്രം എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. പട്ടികജാതി, പട്ടികവർഗം എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങളും മാതാപിതാക്കളുടെ വിവരങ്ങൾ, ഭിന്നശേഷി, ജനനസ്ഥലം, അവസാനമായി താമസിച്ച സ്ഥലം എന്നിവയാണ് മറ്റ് പ്രധാന ചോദ്യങ്ങൾ.ബേങ്ക് അക്കൗണ്ടുകൾ, മൊബൈൽ നമ്പർ, ആധാർ നമ്പർ, വോട്ടർ ഐ ഡി നമ്പർ, പാസ്സ്പോർട്ട് നമ്പർ, ഡ്രൈവിംഗ് ലൈസൻസ് എന്നിവയുൾപ്പെടെയുള്ള ഔദ്യോഗിക രേഖകളുടെയും സേവനങ്ങളുടെയും ലഭ്യതയും വിവരങ്ങളും ചോദ്യാവലിയിൽ ഉൾപ്പെടുന്നു. കൊവിഡ്- 19 വാക്സീനേഷൻ എടുത്ത സ്ഥലത്തെക്കുറിച്ചുള്ള ചോദ്യവും ഉൾപ്പെടുത്തിയിട്ടുണ്ട്.സ്ത്രീകളെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കും. നിലവിൽ വിവാഹിതരായ, വിധവകളായ, വിവാഹമോചിതരായ, വേർപിരിഞ്ഞ സ്ത്രീകളോട് ആകെ കുട്ടികളുടെ എണ്ണം, ജീവിച്ചിരിക്കുന്ന കുട്ടികളുടെ എണ്ണം, കഴിഞ്ഞ ഒരു വർഷത്തിനിടെ ജനിച്ച, ജീവിച്ചിരിക്കുന്ന കുട്ടികളുടെ എണ്ണം എന്നിവയുൾപ്പെടെയുള്ള വിവരങ്ങളും ശേഖരിക്കും. 1948ലെ സെൻസസ് ആക്ടിലെ സെക്‌ഷൻ എട്ട്, ഉപവകുപ്പ് (ഒന്ന്) നൽകുന്ന അധികാരം വിനിയോഗിച്ചാണ് വിവരങ്ങൾ ശേഖരിക്കുന്നത്. സെൻസസ് ഉദ്യോഗസ്ഥർക്ക് ഇതുസംബന്ധിച്ച നിർദേശം നൽകിയതായി രജിസ്ട്രാർ ജനറലും സെൻസസ് കമ്മീഷണറുമായ മൃത്യുഞ്ജയ് കുമാർ നാരായൺ വ്യക്തമാക്കി.ജമ്മു കശ്മീർ, ലഡാക്ക്, ഹിമാചൽ പ്രദേശ് പോലുള്ള കടുത്ത ശൈത്യമുള്ള സംസ്ഥാനങ്ങളിൽ സെപ്തംബർ ഒന്ന് മുതലാണ് രണ്ടാംഘട്ട സെൻസസ് ആരംഭിക്കുന്നത്. ഈ മാസം 17 മുതൽ 31 വരെ അവർക്ക് സെൽഫ് എന്യൂമറേഷനും അവസരമുണ്ട്. കേരളം ഉൾപ്പെടെയുള്ള മറ്റിടങ്ങളിൽ അടുത്ത വർഷമാണ് രണ്ടാംഘട്ട സെൻസസ്. Content Highlights:The central government has notified 40 questions for the second phase of the national census. For the first time, questions regarding caste will be included alongside basic demographics and literacy data. The second phase begins on September 1 in high-altitude regions and next year elsewhere.