വാഹന യാത്രികര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഒരുപോലെ ശല്യമായി മാറുകയാണ് നിരത്തുകളിലൂടെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന കന്നുകാലികള്‍. ഉത്തരേന്ത്യയിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. ദേശീയ പാതകളിലും ഗ്രാമീണ റോഡുകളിലും ഒരുപോലെ പ്രത്യക്ഷപ്പെടുന്ന കന്നുകാലികള്‍ പലപ്പോഴും ഗതാഗത തടസ്സവും ഗുരുതരമായ അപകടങ്ങളും സൃഷ്ടിക്കുന്നു. അതിനേക്കാള്‍ ഗുരുതരമായ സാമൂഹിക പ്രശ്‌നമാണ് അബദ്ധത്തില്‍ പശുക്കളെ വാഹനമിടിക്കുമ്പോള്‍ ഉടലെടുക്കുന്ന സംഘര്‍ഷം. പശുസംരക്ഷണ ഗുണ്ടകള്‍ വാഹന ഉടമയെയും ഡ്രൈവറെയും വളഞ്ഞിട്ട് ആക്രമിക്കുകയും വാഹനം തകര്‍ക്കുകയും നിയമം കൈയിലെടുക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് പലപ്പോഴും റിപോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഉത്തര്‍പ്രദേശിലെ ബിച്ച്പൂരില്‍ കഴിഞ്ഞ ദിവസമുണ്ടായത്. പശുവിനെ ഇടിച്ചെന്ന പേരില്‍ ആള്‍ക്കൂട്ടം സര്‍ക്കാര്‍ ആശുപത്രിയിലെ യുവഡോക്ടറെ വാഹനത്തില്‍ നിന്ന് വലിച്ചിറക്കി ക്രൂരമായി മര്‍ദിക്കുകയും വാഹനം തകര്‍ക്കുകയും ചെയ്തു.ഡോക്ടറുടെ ഭാഗത്ത് അപാകതയില്ല, പശു അവിചാരിതമായി റോഡിലേക്ക് കടന്നുവന്നതാണ് അപകട കാരണമെന്നാണ് റിപോര്‍ട്ട്. അതേസമയം മനപ്പൂര്‍വമാണെന്നാണ് പശുസംരക്ഷണ ഗുണ്ടകളുടെ പക്ഷം. എന്നാല്‍ അപകടം മനപ്പൂര്‍വമാണോ അല്ലയോ എന്ന് അന്വേഷിക്കേണ്ടതും പരിശോധിക്കേണ്ടതും പോലീസും നിയമ സംവിധാനവുമാണ്. മനപ്പൂര്‍വമാണെങ്കില്‍ നിയമ നടപടികള്‍ എടുക്കേണ്ടതും ഇതേ സംവിധാനം തന്നെ. അപകടത്തെ നിയമപരമായി പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യുന്നതിനു പകരം വഴിയില്‍ വെച്ച് ശിക്ഷ നടപ്പാക്കുന്നത് നിയമവാഴ്ചയല്ല, ആള്‍ക്കൂട്ടാധിപത്യവും ഗുണ്ടായിസവുമാണ്. പശുവിന്റെ ജീവന് വിലയുണ്ടെന്നത് ശരി. അതിനേക്കാള്‍ വിലയുണ്ട് മനുഷ്യജീവന്. ഒരു ജീവിയെ സംരക്ഷിക്കാനുള്ള വികാരം ഒരു മനുഷ്യന്റെ ജീവിതവും സ്വാതന്ത്ര്യവും കവര്‍ന്നെടുക്കാനുള്ള അവകാശമായി കാണുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്.അപകടങ്ങള്‍ക്ക് പുറമെ പൊതുയിടങ്ങളില്‍ ശുചിത്വവും ആരോഗ്യകരമായ അന്തരീക്ഷവും ഉറപ്പാക്കുന്നതിനും തടസ്സമാണ് അലഞ്ഞുതിരിയുന്ന കന്നുകാലികള്‍. പൊതുനിരത്തുകളിലും ചന്തകളിലും കുന്നുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷ്യവസ്തുക്കളും തിന്ന് ജീവിക്കുന്ന ഇവ അസുഖബാധിതരാകുന്നതിനൊപ്പം പൊതുസ്ഥലങ്ങളെ മലിനമാക്കുകയും ചെയ്യുന്നു. മാലിന്യങ്ങള്‍ ഭക്ഷിച്ച് ആമാശയത്തില്‍ പ്ലാസ്റ്റിക് അടിഞ്ഞുകൂടി കന്നുകാലികള്‍ ദാരുണമായി ചാവുന്ന കാഴ്ച മൃഗസ്‌നേഹത്തിന്റെ ഏത് അളവുകോലിലാണ് ന്യായീകരിക്കാനാകുക?പ്രശ്‌നത്തിന്റെ അടിസ്ഥാന കാരണം പശുക്കളെയും മറ്റു കന്നുകാലികളെയും തെരുവില്‍ ഉപേക്ഷിക്കുന്നതാണ്. ഇതിനാരാണ് ഉത്തരവാദി? മുന്‍കാലങ്ങളില്‍ കറവ വറ്റിയ പശുക്കളെ അറുത്തു ഭക്ഷണമാക്കുകയായിരുന്നു പതിവ്. പശുമാഹാത്മ്യത്തിന്റ പേരില്‍ അറവ് നിരോധിച്ചതാണ് പശുക്കളെ തെരുവിലേക്ക് അഴിച്ചുവിടുന്ന സാഹചര്യമൊരുക്കിയത്. കറവ വറ്റിയ പശുക്കളുടെ സംരക്ഷണം സാധാരണക്കാരായ കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയാണ്.തീറ്റ ഉത്പന്നങ്ങളുടെ വില അടിക്കടി ഉയരുന്നു. ചികിത്സാ ചെലവും വര്‍ധിക്കുന്നു. ഈ സാമ്പത്തിക ഭാരം സഹിക്കാനാകാതെ കര്‍ഷകര്‍ പശുക്കളെ തെരുവിലേക്ക് തുറന്നുവിടാന്‍ നിര്‍ബന്ധിതരാകുകയാണ്. പശുക്കളെ കശാപ്പ് ചെയ്യുന്നതിനു വിലക്കേര്‍പ്പെടുത്തിയ സര്‍ക്കാറുകള്‍ കറവ വറ്റിയ പശുക്കളുടെ സംരക്ഷണത്തിന് മതിയായ നിയമങ്ങള്‍ ആവിഷ്‌കരിക്കുകയും കര്‍ഷകര്‍ക്ക് സാമ്പത്തികവും സ്ഥാപനപരവുമായ സംവിധാനം ഒരുക്കുകയും വേണ്ടിയിരുന്നു.പ്രശ്‌നത്തിനു പരിഹാരമായി ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഗോശാലകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവിടെയും പശുക്കള്‍ സുരക്ഷിതമല്ല. ആവശ്യമായ തീറ്റയും പരിചരണവും ചികിത്സയും ലഭിക്കാതെ ഗോശാലകളില്‍ പശുക്കള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്ന സംഭവങ്ങള്‍ അടിക്കടി റിപോര്‍ട്ട് ചെയ്യപ്പെടുന്നു. ഉത്തര്‍പ്രദേശിലെ കാസ്തഞ്ച് ജില്ലയില്‍ തീറ്റയും ചികിത്സയും ലഭിക്കാതെ പശുക്കള്‍ ചത്തൊടുങ്ങിയതിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുവരികയും ഗോശാലയില്‍ നിന്ന് പശുക്കളുടെ അസ്ഥികൂടങ്ങള്‍ കണ്ടെടുക്കുകയും ചെയ്തിരുന്നു. രാജസ്ഥാന്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗോശാലകളില്‍ നിന്നും സമാന സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തെരുവുകളില്‍ നിന്ന് കൂട്ടത്തോടെ പിടികൂടുന്ന പശുക്കളെ ആവശ്യത്തിന് സൗകര്യങ്ങളോ ഭക്ഷണ ലഭ്യതയോ ഉറപ്പാക്കാതെ ഗോശാലയിലേക്ക് തള്ളിക്കയറ്റുകയാണ്. ഇത് രോഗപ്പകര്‍ച്ചക്കും കൂട്ടമരണങ്ങള്‍ക്കും ഇടയാക്കുന്നു.വളര്‍ത്തുന്നത് സാമ്പത്തികമായി ലാഭകരമല്ലാത്ത പശുക്കളെ കര്‍ഷകര്‍ക്ക് സുരക്ഷിതമായി കൈമാറ്റം ചെയ്യാനോ അറവ് നടത്തുന്നതിന് അനുമതി നല്‍കാനോ നിയമം ആവിഷ്‌കരിക്കുകയാണ് പ്രശ്‌നത്തിന് പ്രായോഗിക പരിഹാരം. ഇത് കര്‍ഷകരുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുകയും തെരുവില്‍ ഉപേക്ഷിക്കപ്പെടുന്ന പ്രവണതക്ക് അറുതി വരുത്തുകയും ചെയ്യും. റോഡില്‍ അലഞ്ഞുതിരിയുന്ന പശുക്കളുടെ സംരക്ഷണത്തിനുള്ള സര്‍ക്കാറിന്റെ സാമ്പത്തിക ബാധ്യതയും ഒഴിവാകും. ഇതോടെ പശുക്കളെ ഒരു പ്രദേശത്ത് നിന്ന് മറ്റൊരു പ്രദേശത്തേക്ക് കടത്തിക്കൊണ്ടു പോകുന്ന പ്രവണതയും അതുമായി ബന്ധപ്പെട്ട ആള്‍ക്കൂട്ട ആക്രമണങ്ങളും ഇല്ലാതാകും.പശുവിനെ പവിത്രമായി കാണുകയും മാഹാത്മ്യം കല്‍പ്പിക്കുകയും ചെയ്യുന്നവര്‍ അവരുടെ വിശ്വാസം കാത്തുസൂക്ഷിക്കട്ടെ. പശുവിനെ സാമ്പത്തിക സ്രോതസ്സായോ മറ്റോ കാണുന്നവര്‍ അവരുടെ രീതികള്‍ തുടരുകയും ചെയ്യട്ടെ. അതാണല്ലോ രാജ്യത്തിന്റെ പാരമ്പര്യം. ഒരു വിഭാഗം തങ്ങളുടെ വിശ്വാസവും സംസ്‌കാരവും മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുമ്പോഴാണ് വിഷയം സങ്കീര്‍ണവും സംഘര്‍ഷഭരിതവുമാകുന്നത്. കര്‍ഷകരുടെ സാമ്പത്തിക താത്പര്യങ്ങള്‍ക്കും വ്യക്തിസ്വാതന്ത്ര്യത്തിനും പ്രാമുഖ്യം കല്‍പ്പിക്കുന്ന ഭരണഘടനാപരമായ സമീപനമാണ് ആവശ്യം. Content Highlights:Stray cattle on North Indian roads cause severe traffic hazards and incite mob violence against drivers, as seen in Uttar Pradesh. The financial strain on farmers due to cow slaughter bans forces them to abandon non-lactating cows. Unequipped gaushalas and ineffective laws worsen the crisis.