സജീവമായ വിയോജിപ്പുകളും സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങളുമാണ് ഒരു ജനാധിപത്യ രാജ്യത്തെ ജീവസ്സുറ്റതാക്കി നിര്‍ത്തുന്നത്. പൗരന്മാരുടെ ഈ അവകാശങ്ങളെ അടിച്ചമര്‍ത്താനുള്ള ഏതൊരു ശ്രമവും ജനാധിപത്യ രാജ്യത്തിന്റെ ശോഭക്ക് മങ്ങലേല്‍പ്പിക്കുകയും വലിയ ആശങ്കകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതാണ്. ഈ മാസം 13ന് രാവിലെ ഉത്തരവിടുകയും അന്ന് തന്നെ വൈകിട്ട് പിന്‍വലിക്കുകയും ചെയ്ത, അധികമാരും ചര്‍ച്ച ചെയ്യാതെ പോകുകയും ശ്രദ്ധ ആവശ്യമുള്ളതുമായ ബി സി ഐ (ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ)യുടെ ഉത്തരവിനെ കുറിച്ചാണ് സൂചിപ്പിക്കുന്നത്. ഹൈദരാബാദിലെ “നല്‍സാര്‍’ ലോ യൂനിവേഴ്‌സിറ്റി ബിരുദദാന ചടങ്ങുമായി ബന്ധപ്പെട്ട് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ എടുത്ത എൻറോള്‍മെന്റ് വിലക്കും തുടര്‍ന്നുള്ള സംഭവവികാസങ്ങളും ജനാധിപത്യ തത്ത്വങ്ങളെയും ബി സി ഐയുടെ നിയമപരമായ അധികാരാതിര്‍ത്തികളെയും ഗൗരവമേറിയ ചര്‍ച്ചകളിലേക്ക് എത്തിച്ചിരിക്കുകയാണ്.നീറ്റ്- യു ജി ചോര്‍ച്ചയുമായി ബന്ധപ്പെട്ട് 2026 ജൂലൈ 20ന് ന്യൂഡല്‍ഹിയില്‍ നടന്ന “ചലോ സന്‍സദ്’ പ്രക്ഷോഭത്തില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ പോലീസ് അതിക്രമം ഉണ്ടായെന്നാരോപിച്ചുള്ള ഹരജികള്‍ പരിഗണിക്കുന്നതിനിടെ സുപ്രീം കോടതി നടത്തിയ ചില പരാമര്‍ശങ്ങളിലും നിലപാടുകളിലും നല്‍സാര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ തുടര്‍ നടപടിയായി, ജൂലൈ 23ന് നല്‍സാര്‍ യൂനിവേഴ്‌സിറ്റിയിലേക്ക് ബിരുദദാന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ മുഖ്യാതിഥിയായി ക്ഷണിച്ച നടപടി പുനഃപരിശോധിക്കണമെന്നും ബിരുദ ബാച്ചിലെ വിദ്യാര്‍ഥികളോട് ആലോചിച്ച ശേഷം അന്തിമ തീരുമാനമെടുക്കണമെന്നും ആവശ്യപ്പെട്ട് 450ഓളം വിദ്യാര്‍ഥികള്‍ വൈസ് ചാന്‍സലര്‍ക്ക് ഇ-മെയില്‍ അയച്ചു.ഈ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍, നല്‍സാറിലെ 2026 ബിരുദ ബാച്ചിലെ വിദ്യാര്‍ഥികളെ അഭിഭാഷകരായി എൻറോള്‍ ചെയ്യരുതെന്ന് ബി സി ഐ ചെയര്‍മാന്‍ മനന്‍ കുമാര്‍ മിശ്ര ആഗസ്റ്റ് 13ന് രാവിലെ സംസ്ഥാന ബാര്‍ കൗണ്‍സിലുകള്‍ക്ക് ഉത്തരവ് നല്‍കി. എന്നാല്‍ വ്യാപകമായ എതിര്‍പ്പുകള്‍ ഉയര്‍ന്നതോടെ, ഭൂരിഭാഗം വിദ്യാര്‍ഥികളും നിരപരാധികളാണെന്ന് അവകാശപ്പെട്ട് ബി സി ഐ തങ്ങളുടെ ഉത്തരവ് അന്ന് തന്നെ പിന്‍വലിക്കുകയും പിന്നീട് ചെയര്‍മാന്‍ മാപ്പ് പറയുകയും ചെയ്തു. എങ്കിലും, ബി സി ഐ നടത്തിയ ഈ എൻറോള്‍മെന്റ് തടയാനുള്ള ശ്രമം അധികാരപരിധി മറികടക്കുന്നതും തെറ്റായ കീഴ്്വഴക്കം സൃഷ്ടിക്കുന്നതുമാണ്.ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1)(എ) പ്രകാരം ഓരോ പൗരനും ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യവും സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശവും നിരുപാധികമല്ല എന്നത് വസ്തുതയാണ്; ന്യായമായ നിയന്ത്രണങ്ങള്‍ ഇവക്ക് മേല്‍ ഏര്‍പ്പെടുത്താന്‍ നിയമപരമായി വ്യവസ്ഥയുമുണ്ട്. എന്നാല്‍, നല്‍സാര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ നടത്തിയത് ഭരണഘടനാ വിരുദ്ധമായ പ്രവൃത്തിയല്ല. ഉന്നത നീതിപീഠത്തിന്റെ നിലപാടുകളോട് ജനാധിപത്യപരമായ രീതിയില്‍ വിയോജിപ്പ് പ്രകടിപ്പിക്കുക എന്നത് പൗരന്റെ മൗലികാവകാശങ്ങളില്‍ ഒന്നാണ്.ഇവിടെ മനസ്സിലാക്കേണ്ട പ്രധാന കാര്യം, ബഹുമാനം എന്നത് ആ പദവിയോട് കാണിക്കേണ്ട അന്ധമായ വിധേയത്വമല്ല എന്നതാണ്. വിയോജിപ്പ് പ്രകടിപ്പിക്കുന്നത് വ്യക്തിയോടല്ല, മറിച്ച് അദ്ദേഹത്തിന്റെ നിലപാടുകളോടാണ്. അത് ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യവുമാണ്. ഭരണഘടനയുടെ ഈ ആശയം ജനങ്ങളിലേക്ക് എത്തിക്കുകയും മാതൃക കാണിച്ചു കൊടുക്കുകയും ചെയ്യേണ്ട കേന്ദ്രങ്ങളില്‍ നിന്ന് തന്നെ ഇങ്ങനെയുള്ള വാര്‍ത്തകള്‍ വരുന്നത് ഖേദകരമാണ്.1961ലെ അഡ്വക്കറ്റ്‌സ് ആക്ട് പ്രകാരം സ്ഥാപിതമായ ബി സി ഐ, അഭിഭാഷകരുടെ തൊഴില്‍പരമായ ധാര്‍മികത ഉറപ്പുവരുത്താനും നിയമ വിദ്യാഭ്യാസത്തിന്റെ നിലവാരം നിയന്ത്രിക്കാനുമുള്ള ഒരു റെഗുലേറ്ററി ബോഡിയാണ്. അഡ്വക്കറ്റ്‌സ് ആക്ട് പ്രകാരം എൻറോള്‍മെന്റ് സംബന്ധമായ നിര്‍ണായക അധികാരം നിക്ഷിപ്തമായിരിക്കുന്നത് സംസ്ഥാന ബാര്‍ കൗണ്‍സിലുകളിലാണ്. ഓരോ സംസ്ഥാന കൗണ്‍സിലിനും നിയമപ്രകാരം വെവ്വേറെ എൻറോള്‍മെന്റ് റോള്‍ നിലവിലുണ്ട്. യോഗ്യരായ ബിരുദധാരികളെ എൻറോള്‍ ചെയ്യുന്നതില്‍ നിന്ന് സംസ്ഥാന ബാര്‍ കൗണ്‍സിലുകളെ വിലക്കിക്കൊണ്ട് ഒരു പൊതുഉത്തരവ് പുറപ്പെടുവിക്കാന്‍ ബി സി ഐക്ക് നിയമപരമായി യാതൊരു അധികാരവുമില്ല.അപ്പീലുകള്‍ പരിഗണിക്കുക എന്നതിനപ്പുറം സംസ്ഥാന കൗണ്‍സിലുകള്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തുന്നത് ഫെഡറല്‍ തത്ത്വങ്ങള്‍ക്ക് വിരുദ്ധമായ അധികാര വിനിയോഗമാണ്. നിയമത്തിലെ വകുപ്പ് 26 പ്രകാരം, ഒരു സംസ്ഥാന ബാര്‍ കൗണ്‍സിലിന്റെ എൻറോള്‍മെന്റ് കമ്മിറ്റി നിര്‍ദേശിക്കുന്ന ഏതെങ്കിലും വ്യക്തിഗത അപേക്ഷ നിരസിക്കാന്‍ തീരുമാനിക്കുമ്പോള്‍ അപ്പീല്‍ അതോറിറ്റി എന്ന നിലയില്‍ അഭിപ്രായം രേഖപ്പെടുത്താനാണ് ബി സി ഐക്ക് അധികാരമുള്ളത്. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് മുമ്പ് തന്നെ ഒരു ബാച്ചിന് മുഴുവനായി മുന്‍കൂട്ടി വിലക്ക് ഏര്‍പ്പെടുത്താന്‍ ഈ വകുപ്പ് അനുവാദം നല്‍കുന്നില്ല. വകുപ്പ് 24 എ പ്രകാരം ഗുരുതര കുറ്റകൃത്യങ്ങളില്‍ വിചാരണക്കോടതി ശിക്ഷിച്ചവര്‍ക്ക് മാത്രമേ എൻറോള്‍മെന്റ് അയോഗ്യത വരുന്നുള്ളൂ. സമാധാനപരമായ വിദ്യാര്‍ഥി പ്രക്ഷോഭം എൻറോള്‍മെന്റ് തടയാനുള്ള കുറ്റമായി നിയമത്തില്‍ എവിടെയും പറയുന്നില്ല.നല്‍സാര്‍ ആക്ട് വകുപ്പ് 17(2) പ്രകാരംപ്രോക്ടോറിയല്‍ ബോര്‍ഡിനും വൈസ് ചാന്‍സലര്‍ക്കുമാണ് ക്യാമ്പസിനകത്തെ അച്ചടക്ക വിഷയങ്ങളില്‍ നടപടിയെടുക്കാന്‍ പൂര്‍ണ അധികാരമുള്ളത്. സര്‍വകലാശാലയുടെ ഈ സ്വയംഭരണത്തെ മറികടന്ന് ബി സി ഐ നേരിട്ട് കടന്നുകയറ്റം നടത്തുന്നതിലെ വ്യഗ്രത സംശയം ഉണ്ടാക്കുന്നു. ബി സി ഐയുടെ നിയമവിരുദ്ധമായ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജി പരിഗണിക്കവേ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് തന്നെ ബാര്‍ കൗണ്‍സിലിന്റെ നടപടിയെ “തികച്ചും അനാവശ്യം’ എന്ന് വിശേഷിപ്പിക്കുകയുണ്ടായി. വിദ്യാര്‍ഥികള്‍ക്ക് സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തെ പിന്തുണച്ച അദ്ദേഹം, വിദ്യാര്‍ഥികളും താനും തമ്മിലുള്ള സംവാദത്തില്‍ ബി സി ഐ ഇടപെടേണ്ടതില്ലെന്ന് വ്യക്തമാക്കി. നല്‍സാറിലെ വിദ്യാര്‍ഥികള്‍ക്കോ അധ്യാപകര്‍ക്കോ എതിരെ യാതൊരുവിധ ശിക്ഷാ നടപടികളും പാടില്ലെന്ന് സുപ്രീം കോടതി കര്‍ശനമായി നിര്‍ദേശിക്കുകയും ചെയ്തു. ഇതിനുപുറമെ, ഇത്തരമൊരു ഗുരുതരമായ നടപടിയെടുക്കാന്‍ ബി സി ഐ ഔദ്യോഗികമായി യോഗം ചേരുകയോ പ്രമേയം പാസ്സാക്കുകയോ ചെയ്തിട്ടുണ്ടോ എന്ന് ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിയും ചോദ്യം ഉന്നയിക്കുകയുണ്ടായി.ബി സി ഐ തങ്ങളുടെ ഉത്തരവ് പിന്‍വലിക്കുകയും ചെയര്‍മാന്‍ മാപ്പ് പറയുകയും ചെയ്‌തെങ്കിലും, വളരെ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കേണ്ട ബി സി ഐയുടെ ഭാഗത്ത് നിന്ന് ഇങ്ങനെ എൻറോള്‍മെന്റ് നിഷേധിക്കാനുള്ള ശ്രമം ഉണ്ടായി എന്നത് തന്നെ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. നടപടി പിന്‍വലിക്കുകയും മാപ്പ് പറയുകയും ചെയ്തത് വളരെ ശ്ലാഘനീയമായ കാര്യമാണ്. എന്നാല്‍, അത് ഉയര്‍ത്തുന്ന ആശങ്കകള്‍ അങ്ങനെ എളുപ്പത്തില്‍ മാഞ്ഞുപോകുന്നതല്ല.വളരെ ഉത്തരവാദിത്വത്തോടെയും നിഷ്പക്ഷതയോടെയും പ്രവര്‍ത്തിക്കേണ്ട ഒരു സ്ഥാപനത്തില്‍ നിന്ന്, നാളത്തെ അഭിഭാഷകരാകേണ്ട വിദ്യാര്‍ഥികളുടെ തൊഴിലവകാശത്തെ ചോദ്യം ചെയ്യുന്ന ഒരു നീക്കം ഉണ്ടായി എന്നത് വലിയൊരു അപകട സൂചനയാണ്. നിയമ പ്രൊഫഷനെ നിയന്ത്രിക്കുക എന്നതിനപ്പുറം വിദ്യാര്‍ഥികളുടെ സ്വാതന്ത്ര്യത്തെയും സര്‍വകലാശാലാ സ്വയംഭരണത്തെയും നിയന്ത്രിക്കുന്ന പ്രവണത വിദ്യാര്‍ഥികളില്‍ ആശങ്കയുണ്ടാക്കും എന്നതും പ്രധാനമാണ്.വിയോജിപ്പുകളെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ ജനാധിപത്യ രാജ്യത്തിന്റെ അടിത്തറക്ക് വിള്ളല്‍ ഏല്‍പ്പിക്കുന്നതാണ്. നിയമപരമായി സമരം ചെയ്യുന്നവരുടെ വിയോജിപ്പിന്റെ ശബ്ദങ്ങളെ തടയാനുള്ള അധികാരം ഒരു കേന്ദ്രത്തിനും ഭരണഘടന നല്‍കിയിട്ടില്ല. അങ്ങനെയുള്ള ഉത്തരവുകള്‍ക്ക് ഭരണഘടനാ അനുഛേദം 13 അനുസരിച്ച് നിയമസാധുത ലഭിക്കുകയും ഇല്ല. വിയോജിപ്പിന്റെ ശബ്ദങ്ങള്‍ അതുകൊണ്ട് തന്നെ കേള്‍ക്കപ്പെടുക തന്നെ വേണം. കാരണം, ഭയമില്ലാതെ ചിന്തിക്കാനും സംസാരിക്കാനും പൗരന് സ്വാതന്ത്ര്യമുള്ള ജനാധിപത്യ ഇന്ത്യയാണിത്. Content Highlights:The Bar Council of India withdrew its order banning NALSAR law graduates from enrolling after facing widespread criticism. Supreme Court Chief Justice Surya Kant termed the BCI action completely unnecessary and supported students rights to peaceful dissent. The issue has raised concerns over legal jurisdiction and university autonomy.