പതിമൂന്നുകാരിയുടെ “ക്വട്ടേഷന്‍’ സമൂഹത്തെ ഉണര്‍ത്തുന്നത്

Wait 5 sec.

മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുന്നതാണ് മുത്തച്ഛനെ കൊല്ലാന്‍ പതിമൂന്നുകാരി ക്വട്ടേഷന്‍ നല്‍കിയ സംഭവം. മാത്രമല്ല കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് മുത്തച്ഛനെ വധിക്കുന്ന രംഗം വാട്ട്‌സ്ആപ്പ് വീഡിയോയിലൂടെ കണ്ടാസ്വദിക്കുകയും ചെയ്തു ഈ കൗമാരക്കാരി. ആലപ്പുഴ കരുവാറ്റയില്‍ ശിവന്‍കുട്ടി ചെട്ടിയാര്‍ എന്ന അറുപത്തഞ്ചുകാരനാണ് ഇവരുടെ കൊലക്കത്തിക്ക് ഇരയായത്. പെണ്‍കുട്ടിയുടെ അമിതമായ ഫോണ്‍ ഉപയോഗത്തിലും രാത്രി വൈകി വീട്ടിലെത്തുന്നതിലും മുത്തച്ഛന്‍ പെണ്‍കുട്ടിയെ ശാസിച്ചിരുന്നുവത്രെ. ഇതോടൊപ്പം മുത്തച്ഛന്റെ പക്കലുള്ള സ്വര്‍ണം കവര്‍ന്ന് ഐ ഫോണ്‍ വാങ്ങാനും ആണ്‍സുഹൃത്തിന് പുതിയ ബൈക്ക് വാങ്ങിക്കൊടുക്കാനുമുള്ള ആഗ്രഹം കൂടിയാണ് ഈ കൊടും ക്രൂരതക്ക് പിന്നില്‍.ആലപ്പുഴയിലെ പതിമൂന്നുകാരിയുടെ മാത്രം കഥയല്ല ഇത്. ഇടുക്കി ഉപ്പുതറയില്‍ കൗമാരക്കാരിയായ മകളുടെ വ്യാജ ലൈംഗിക പീഡന പരാതിയില്‍ 45കാരനായ സ്വന്തം പിതാവിന് ജയിലില്‍ കഴിയേണ്ടി വന്നത് 18 മാസമാണ്. കൗമാര പ്രണയത്തെ എതിര്‍ത്തതിനായിരുന്നു പിതാവിനു നേരെ ഈ ക്രൂരത. പരാതി വ്യാജമാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് കോടതി ഈ വയോധികനെ വെറുതെ വിട്ടത് നാല് ദിവസം മുമ്പാണ്. രണ്ടാഴ്ച മുമ്പ് കോട്ടയം പേരൂരില്‍ അതിഥി തൊഴിലാളികളുടെ ക്യാമ്പില്‍ ക്വട്ടേഷന്‍ കവര്‍ച്ചക്ക് എത്തിയ പ്രതികളില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമുണ്ടായിരുന്നു. സംസ്ഥാനത്ത് പ്രായപൂര്‍ത്തിയാകാത്തവര്‍ പങ്കാളികളാകുന്ന കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു വരുന്നതായി പോലീസിന്റെയും വനിതാ- ശിശുക്ഷേമ വകുപ്പിന്റെയും കണക്കുകളും വ്യക്തമാക്കുന്നു.ഈ സംഭവങ്ങള്‍ സമൂഹത്തിനു മുമ്പില്‍ ഗൗരവതരമായ ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. കുട്ടികളുടെ മനസ്സില്‍ മനുഷ്യജീവന്റെ വില ഇത്രയും കുറഞ്ഞുപോകുന്നത് എന്തുകൊണ്ട്? നിസ്സാര ആഗ്രഹങ്ങള്‍ സാധിപ്പിക്കാന്‍ കൊലപാതകം പോലും മാര്‍ഗമായി കാണുന്ന മാനസികാവസ്ഥ എവിടെ നിന്നാണ് കുട്ടികളില്‍ രൂപപ്പെടുന്നത്? അവരുടെ പെരുമാറ്റത്തില്‍ സംഭവിക്കുന്ന അപകടകരമായ മാറ്റങ്ങള്‍ തിരിച്ചറിയുന്നതില്‍ മുതിര്‍ന്നവര്‍, പ്രത്യേകിച്ച് രക്ഷിതാക്കള്‍ പരാജയപ്പെടുന്നത് എന്തുകൊണ്ട്?കുറ്റവാളിയായല്ല ഒരു കുട്ടിയും ജനിക്കുന്നത്. വളരുന്ന സാഹചര്യമാണ് അവരുടെ സ്വഭാവത്തെ രൂപപ്പെടുത്തുന്നതും നല്ലവരും മോശക്കാരും കുറ്റവാളികളുമായി പരിവര്‍ത്തിപ്പിക്കുന്നതും. സ്‌നേഹം ലഭിക്കാത്ത വീടുകള്‍, ശ്രദ്ധയില്ലാത്ത മാതാപിതാക്കള്‍, പണവും വസ്തുക്കളും സ്‌നേഹത്തിനു പകരം വെക്കുന്ന രീതി, തെറ്റായ സൗഹൃദങ്ങള്‍, ലിബറല്‍ ചിന്താഗതികള്‍, ലഹരി ശൃംഖലകള്‍, അക്രമത്തെ ആഘോഷിക്കുന്ന സംസ്‌കാരം, സിനിമകള്‍, ഡിജിറ്റല്‍ ലോകത്തെ രഹസ്യബന്ധങ്ങള്‍ തുടങ്ങിയവയാണ് കുട്ടികളുടെ മനസ്സില്‍ പൈശാചിക ചിന്തകള്‍ക്ക് ഇടമൊരുക്കുന്ന ഘടകങ്ങള്‍. സൈബര്‍ ലോകത്താണ് ഇന്നത്തെ കുട്ടികള്‍ വളരുന്നത്. അക്രമവും കൊലപാതകങ്ങളും നിറഞ്ഞ ഓണ്‍ലൈന്‍ ഗെയിമുകളും അമിതമായ സോഷ്യല്‍ മീഡിയ ഉപയോഗവും അവരുടെ മനസ്സിലെ കാരുണ്യവും അനുകമ്പയും ഇല്ലാതാക്കുന്നു. മനുഷ്യരുടെ വേദനയും മരണവും അവര്‍ക്ക് കേവലം ഒരു “ഗെയിംടാസ്‌ക്’ ആയി മാറുകയാണ്.ചോരചിന്തുന്നതും ജീവനെടുക്കുന്നതും നേരില്‍ കാണുമ്പോള്‍ പോലും യാതൊരു മാനസിക പ്രയാസവും വിഷമവുമില്ലാത്ത അവസ്ഥയിലേക്കാണ് ഡിജിറ്റല്‍ ലോകം അവരെ നയിച്ചു കൊണ്ടിരിക്കുന്നത്. അതിക്രമങ്ങളെയും അധോലോക നായകന്മാരെയും ലഹരിയെയും ലിബറലിസത്തെയും ആഘോഷമാക്കുന്ന സിനിമകള്‍ക്കുമുണ്ട് ഇക്കാര്യത്തില്‍ പങ്ക്.കുട്ടികളുടെ പ്രവര്‍ത്തനങ്ങളും കൂട്ടുകെട്ടുകളും സ്വഭാവത്തിലെ മാറ്റവും ശ്രദ്ധിക്കേണ്ടത് പ്രധാനമായും മാതാപിതാക്കളാണ്. അവര്‍ ജോലിത്തിരക്കിലും ഡിജിറ്റല്‍ ലോകത്തുമാകുമ്പോള്‍ കുട്ടികളെ ശ്രദ്ധിക്കാനോ അവര്‍ക്ക് ലഭിക്കേണ്ട സ്‌നേഹം നല്‍കാനോ കഴിയാതെ പോകുന്നു. ഫോണില്‍ എന്താണ് കാണുന്നത്, ആരുമായാണ് ചാറ്റിംഗ് നടത്തുന്നത്, ഇടക്കാലത്ത് പെരുമാറ്റത്തില്‍ എന്തെങ്കിലും മാറ്റങ്ങളുണ്ടോ എന്നൊന്നും നിരീക്ഷിക്കാന്‍ രക്ഷിതാക്കള്‍ക്ക് സമയമില്ല. കുട്ടികള്‍ക്ക് മാതാപിതാക്കളുമായി തുറന്നു സംസാരിക്കാനോ സങ്കടങ്ങള്‍ പങ്കുവെക്കാനോ ഉള്ള അന്തരീക്ഷം പോലുമില്ല പല വീടുകളിലും. കുട്ടികളുടെ കൈകളില്‍ മൊബൈല്‍ ഫോണ്‍ എത്തുന്നതിനു മുമ്പ് രക്ഷിതാക്കള്‍ അവരില്‍ മൂല്യബോധം വളര്‍ത്തിയെടുക്കേണ്ടതുണ്ട്. അവര്‍ക്ക് പണം നല്‍കുന്നതിനു മുമ്പ് ഏതെല്ലാം കാര്യങ്ങളില്‍ ചെലവഴിക്കണമെന്ന് ബോധവാന്മാരാക്കുകയും ഉത്തരവാദിത്വ ബോധം വളര്‍ത്തിയെടുക്കുകയും വേണം.വിദ്യാലയങ്ങളാണ് കുട്ടികളുടെ സ്വഭാവ മാറ്റം ശ്രദ്ധിക്കേണ്ട മറ്റൊരിടം. പഠനത്തില്‍ പെട്ടെന്നുള്ള ഇടിവ്, ഇടക്കിടെ ക്ലാസ്സിലെ അസാന്നിധ്യം, അക്രമസ്വഭാവം, അമിതമായ രഹസ്യസ്വഭാവം, അധ്യാപകരോടുള്ള അസാധാരണമായ പ്രതികരണം തുടങ്ങിയവ കുട്ടികളിലെ സ്വഭാവ വൈകല്യങ്ങളിലേക്കുള്ള സൂചനകളാണ്. അത്തരം കുട്ടികളെ പ്രത്യേകം നിരീക്ഷിക്കുകയും കൗണ്‍സിലിംഗിന് വിധേയമാക്കുകയും ചെയ്യേണ്ടതുണ്ട്. നമ്മുടെ വിദ്യാലയ സംവിധാനത്തില്‍ പഠനപ്രശ്‌നങ്ങള്‍, പരീക്ഷാഫലം, കരിയര്‍ തിരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങളില്‍ പരിമിതപ്പെടുകയാണ് കൗണ്‍സിലിംഗ്. ഇത് കുട്ടികളുടെ മാനസികാവസ്ഥയും കുടുംബപശ്ചാത്തലവും സാമൂഹിക ബന്ധങ്ങളും പരിശോധിക്കുന്ന സംവിധാനം കൂടിയാകണം. കുട്ടികളെ പരീക്ഷക്ക് സജ്ജമാക്കുക മാത്രമല്ല, വഴിതെറ്റാതെ ജീവിക്കാന്‍ തയ്യാറാക്കുക എന്നത് കൂടി വിദ്യാലയങ്ങളുടെ ഉത്തരവാദിത്വമായി കാണണം.കളിച്ചും ചിരിച്ചും വളരേണ്ട, പുസ്തകങ്ങളിലും വിദ്യാലയ മുറ്റങ്ങളിലും വിഹരിക്കേണ്ട കൗമാരക്കാരായ വിദ്യാര്‍ഥികളില്‍ എങ്ങനെയണ് കൊടും കുറ്റവാസനകള്‍ വളര്‍ന്നുവരുന്നതെന്നും ഏത് വിധമാണ് അധോലോക മാഫിയകളുടെയും ക്വട്ടേഷന്‍ സംഘങ്ങളുടെയും ആയുധങ്ങളായി മാറുന്നതെന്നതും ആഴത്തില്‍ പഠിച്ച് പരിഹാരം കാണേണ്ട വിഷയമാണ്. ആലപ്പുഴയിലെ പതിമൂന്നുകാരിയുടെ കൊടുംക്രൂരത ഇതിന് അവസരമൊരുക്കട്ടെ.