വീടിന്റെ പടിവരെ വെള്ളം കയറിവന്ന 1942ലെ ആ വെള്ളപ്പൊക്കക്കാലം എനിക്ക് നല്ല ഓർമയുണ്ട്. അന്ന് എനിക്ക് ചെങ്കണ്ണുണ്ടായിരുന്നു. നാലോ അഞ്ചോ വയസ്സ് കാണും. 1938ലെ ഒരു നോമ്പ് പന്ത്രണ്ടിനാണ് ഞാന്‍ ജനിച്ചത്. 81 വയസ്സാകുന്നു. 1966 ഫെബ്രുവരി 16നായിരുന്നു എന്റെ വിവാഹം. വിവാഹം കഴിഞ്ഞ് മൂന്നുനാല് മാസങ്ങള്‍ക്ക് ശേഷം ജൂണ്‍ 16-ാം തിയ്യതി ഒലവക്കോട് സ്റ്റേഷനില്‍ നിന്നും ഞാന്‍ വണ്ടി കയറി. ബോംബെയിലെത്തലായിരുന്നു ഉദ്ദേശ്യം. ബോംബെയില്‍ എത്തണമെന്ന് പറഞ്ഞത് സ്‌നേഹിതനും സമപ്രായക്കാരനും അയല്‍വാസിയും ഒക്കെയായ സി മൊയ്തീനായിരുന്നു. അദ്ദേഹമായിരുന്നു ഈ ഭാഗത്തെ ആദ്യത്തെ പേര്‍ഷ്യക്കാരന്‍. സി മൊയ്തീന്‍ എന്ന ചിറ്റാറയില്‍ മൊയ്തീന്‍. അദ്ദേഹം പന്ത്രണ്ടാം വയസ്സില്‍ റേഷന്‍ വാങ്ങാന്‍ വേണ്ടി പീടികയില്‍ പോയതായിരുന്നു. റേഷന്‍ വാങ്ങാന്‍ കൊടുത്ത 12 രൂപയും കൊണ്ടാണ് പോയത്.പിന്നെ 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തിരിച്ചുവന്നത്. മൊയ്തീന്‍ നാടുവിട്ട് പോകുകയായിരുന്നു. അങ്ങനെ പോകുന്നതിനെ നാടുവിട്ട് പോകുക എന്നാണ് ആ കാലങ്ങളില്‍ പറഞ്ഞിരുന്നത്. മൊയ്തീന്‍ നാടുവിട്ടുപോയത് നാട്ടിലൊക്കെ പാട്ടായി. ആ പോക്ക് പാക്കിസ്ഥാന്‍, ഇറാഖ് എന്നീ വഴികളൊക്കെ കടന്ന് അബൂദബിയിലാണ് എത്തിയത്. അവിടെ നിന്ന് അവന്‍ പണിയൊക്കെ പഠിച്ച് ഒരു ബ്രിട്ടീഷ് കുക്കായി മാറി. മൊയ്തീന് എന്നേറ്റ് വല്യ അടുപ്പായിരുന്നു. ഞങ്ങള്‍ കുടുംബക്കാരും ഒരേ പ്രായക്കാരുമാണല്ലോ?പന്ത്രണ്ട് കൊല്ലം കഴിഞ്ഞാണ് മൊയ്തീന്‍ തിരിച്ചുവരുന്നത്. പൊന്നാനി വഴി കനോലി കനാലിലൂടെ കാരക്കാട് പറമ്പ് എന്ന സ്ഥലത്ത് വഞ്ചിയിറങ്ങി, എന്നിട്ട് അവിടെ വന്ന് അന്വേഷിക്കുകയായിരുന്നു; വീട് എവിടെയാണെന്ന്.ഉമ്മയേയും ബാപ്പയേയും കണ്ടു. കൂട്ടത്തില്‍ എന്നെയും കാണാന്‍ വന്നു. ആ ബന്ധം പുതുക്കിയിട്ട് പോയി. പിന്നെ മിക്ക ദിവസവും അവന്‍ വരും. കാര്യങ്ങള്‍ പറയും. അബൂദുബായ് മജകള്‍! ആ മജയില്‍ ആകര്‍ഷിതനായി ഞാനും. പിന്നീട് ഞാന്‍ പാലക്കാട്ടേക്ക് പോയി. അവിടെ റേഷന്‍ കടയുണ്ടായിരുന്നു. പാലക്കാട് എന്‍ എസ് എസ് കോളജിലെ ടെന്‍ഡര്‍ പണികളും എടുക്കും. സി മൊയ്തീന്‍ അവിടെയും വരും. സാധനങ്ങളൊക്കെ അവിടെ വെച്ച് എന്റെ കൂടെ വര്‍ത്തമാനം പറഞ്ഞ് ഇരിക്കും. എനിക്കും സി മൊയ്തീനെപ്പോലെ അബൂദബിയില്‍ പോകണമെന്ന കലശലായ ആഗ്രഹം വന്നു. അന്ന് പേര്‍ഷ്യക്ക് പോകുക എന്നാണ് പറയുക. അങ്ങനെ മൊയ്തീന്റെ വാക്ക് വിശ്വസിച്ച് ഞങ്ങള്‍ മൂന്നുനാലു പേര്‍ പേര്‍ഷ്യാരാജ്യത്ത് എത്താന്‍ വേണ്ടി ബോംബെയിലെത്തി.1966 ആണ് കാലം. ഒലവക്കോട് നിന്നാണ് പോയത്. അവിടെ നിന്നും ബോംബെയിലെത്തി. ബസ്തിമുല്ല എന്ന സ്ഥലത്ത് ലോഡ്ജ് എടുത്തു. ബസ്തിമുല്ലയിലാണ് ലോഞ്ചില്‍ പോകാന്‍ ഒരുങ്ങുന്നവര്‍ തമ്പടിക്കുന്നത്. അവിടെ താമസിച്ച് ലോഞ്ച് അന്വേഷിക്കാന്‍ തുടങ്ങി. ലോഞ്ചിന്റെ ഏജന്റുമാര്‍ വരും ലോഡ്ജില്‍. 500 ഉറുപ്പിക കൊടുത്താൽ ലോഞ്ചില്‍ കയറി അബൂദബിയില്‍ എത്താമെന്നാണ് വാഗ്ദാനം. അങ്ങനെ ഞങ്ങള്‍ നാല് പേരും കൂടി ഗുജറാത്തിലെ സഞ്ചാനില്‍ പോയി. സഞ്ചാനില്‍ എത്തി ലോഞ്ച് യാത്രയൊക്കെ ഉറപ്പിച്ച് അബൂദബി സ്വപ്നം കണ്ട് ഇരിക്കുമ്പോഴാണ് എനിക്ക് ടൈഫോയ്ഡ് പിടിച്ചത്. ഭയങ്കരമായ പനി. ഞാന്‍ ഉമ്മയേയും ഉപ്പയേയും ഒക്കെ വിളിച്ച് പിച്ചും പേയും പറയാന്‍ തുടങ്ങി. എന്നിട്ടും ഏജന്റും കൂട്ടാളികളും എന്റെ കൈയിലെ 500 രൂപയും നോക്കി ലോഞ്ചില്‍ കയറാന്‍ എന്നെ നിര്‍ബന്ധിച്ചു.ലോഞ്ചില്‍ കയറിയതിന് ശേഷം മാത്രമെ ലോഞ്ച് യാത്രക്കാര്‍ ഏജന്റിന് പൈസ കൊടുക്കൂ. ഞാന്‍ പൈസ മുറുകെപ്പിടിച്ചു. എനിക്കെന്തോ ഒരു ധൈര്യക്കുറവ്. ഞാന്‍ പോകാന്‍ കൂട്ടാക്കിയില്ല. എന്റെ കൂടെയുള്ള സ്‌നേഹിതന്‍ ഉണ്ണീന്‍കുട്ടിയും ഉണ്ട്. അയാളും പോകാന്‍ കൂട്ടാക്കാതെ എന്റെ കൈയും പിടിച്ച് ലോഞ്ചില്‍ നിന്ന് ഇറങ്ങി. രാത്രിയായിരുന്നു. ഒരു സഞ്ചിമാത്രം കൈത്തൊക്കില്‍ ചുരുട്ടിപ്പിടിച്ച് പേടിച്ചും ബേജാറിലായും ഉള്ള ഒരു യാത്രയല്ലേ, ഈ ലോഞ്ച് യാത്ര. ഉണ്ണീന്‍കുട്ടിയുടെ പുറകെ പനിച്ച് വിറച്ച് ഞാനും യാത്ര വേണ്ടെന്ന് വെച്ച് ഇറങ്ങി. 500 ഉറുപ്പിക തിരിച്ചുവാങ്ങി. മറ്റുള്ള മൂന്ന് പേര്‍ മൊയ്തീനും അളിയന്‍ മുഹമ്മദും മുഹമ്മദ്കുട്ടിയും കൈവീശി യാത്ര പറഞ്ഞു. ലോഞ്ച് നീങ്ങി. ഞാന്‍ തിരിച്ചുനടന്നത് ആശുപത്രിയിലേക്കാണ്. ചികിത്സ തേടി. ആദ്യ പേര്‍ഷ്യയാത്ര കല്ലത്തായ വിഷമത്തില്‍ നാട്ടിലേക്ക് തന്നെ തിരിച്ചുപോന്നു.സി മൊയ്തീന്റെ ജീവിതത്തിനും ചുറ്റുപാടിലുമുണ്ടായ അഭിവൃദ്ധികള്‍ എന്നെ പേര്‍ഷ്യയിലേക്ക് ആകര്‍ഷിച്ച് എന്റെ മോഹപ്പെട്ട രാജ്യമാക്കി മാറ്റി. നാട്ടില്‍ നിന്നിട്ട് എന്ത് കിട്ടാനാണ്? ഞാന്‍ പാലക്കാട്ടെ പൂത്ത പച്ചരിയുടെയും അരിച്ചാക്കിന്റെയും മടുപ്പിലേക്ക് തന്നെ തിരിച്ചുചെന്നു.എന്റെ പേര്‍ഷ്യ മോഹങ്ങള്‍ പിന്നെയും കൂടിവന്നു. ഒന്നും കൂടി പോണം എന്ന് പിന്നെയും തോന്നി. അങ്ങനെ ഒരു ഹജ്ജ് പെരുന്നാളിന് പാലക്കാട് നിന്നും നാട്ടില്‍ വന്ന് എല്ലാവരേയും കണ്ട് ഒലവക്കോട് നിന്ന് വണ്ടി കയറി ബോംബെയിലെത്തി. മൂന്നാംനാള്‍ ബോംബെയില്‍ നിന്നും ചാടി പഴയ ബസ്തിമുല്ലയിലെത്തി. 1970 ആയിരുന്നു കാലം. മുന്‍ അനുഭവത്തിലെ ടൈഫോയ്ഡ് ബാധിച്ച വഴിയിലൂടെത്തന്നെ ഏജന്റുമാരുടെ വിയര്‍പ്പും ബഹളവും കങ്കാണിമണം വീണ വഴികളുടെ പിറകെ ഞാനും കൂടി. എങ്ങും സ്വകാര്യങ്ങള്‍, അടക്കം പറച്ചിലുകള്‍. എല്ലാവരുടെ മുഖത്തും അക്കരെ കടക്കാനുള്ള പൂതികള്‍. കടലിലേക്ക് കണ്ണും നട്ട്, ലോഞ്ചും നോക്കി ആളുകളങ്ങനെ നില്‍ക്കുന്നു. അവരില്‍ ഒരാളായി ഏജന്റിന്റെ പുറകെ അയാള്‍ ചൂണ്ടിക്കാണിച്ചുതന്ന ഇടത്തേക്ക് നീങ്ങി. ലോഞ്ച് കരയില്‍ നിന്ന് കുറച്ചുദൂരെ നിര്‍ത്തിയിട്ടുണ്ടാകും.ദുരൂഹമായ സ്വകാര്യതകളുള്ള ഒരാള്‍ക്കൂട്ടമാണ്. ഒരു വ്യവസ്ഥയും അച്ചടക്കവുമില്ലാത്ത, അപകടം നിറഞ്ഞ യാത്രയാണ് ലോഞ്ച് യാത്ര. ലോഞ്ചിലേക്ക് പോകാനുള്ള ചെറിയ വഞ്ചി കരക്ക് വന്ന് നിന്നു. അതില്‍ കയറി ലോഞ്ചിനടുത്തെത്തി. ആടിയുലഞ്ഞുകൊണ്ടിരിക്കുന്ന ലോഞ്ചില്‍ ഒരു കയറ് കെട്ടിയിട്ടുണ്ട്. അതില്‍ പിടിച്ച് കൈയിലുള്ള ചെറിയ സഞ്ചി നാഭിയില്‍ വെച്ച് മുകളിലേക്ക് കയറി. കെട്ടും ഭാണ്ഡവുമൊന്നുമില്ലാത്ത ഒരു പരലോകയാത്രയാണിത്.ഏഴ് രാത്രിയും ഏഴ് പകലും കഴിഞ്ഞ് ഒരു സ്ഥലത്തെത്തി. ഇളകിമറിയുന്ന കടലും കാറ്റും തണുപ്പും ചൂടും ഈ ഏഴ് ദിനങ്ങളിലായി അനുഭവിച്ചുതീര്‍ത്തു. ഉപ്പുകാറ്റേറ്റ് മുഖവും കൈകാലുകളുമൊക്കെ ആകെ വരണ്ടിരുന്നു. ഇട്ട കുപ്പായവും തുണിയും ഏഴ് ദിവസമായി മേത്ത് തന്നെ കിടക്കുകയാണ്. നാറ്റവും കുറേശ്ശെ ഉണ്ട്. എല്ലാവരുടെയും സ്ഥിതി ഇതൊക്കെത്തന്നെയായതുകൊണ്ട് ആരും അധികം സംസാരിക്കാനൊന്നും നിന്നില്ല. ദാലും പച്ചരിച്ചോറും പച്ചമുളകും ഉപ്പും കൂട്ടിയ ചവര്‍പ്പുള്ള ഒജീനവും കഴിച്ച് വിശപ്പടക്കി, ചണച്ചാക്ക് പുതച്ച് കൈയിലെ സഞ്ചി തലയിണയാക്കിവെച്ച് ഒന്നും കൈയിലില്ലാത്തവന്റെ ശുദ്ധമായ കൈകളോടെയുള്ള യാത്രയാണ് ലോഞ്ച് യാത്രക്കാരന്റേത്. ലോഞ്ച് ആടിക്കൊണ്ടിരുന്നു. കോര്‍ഫക്കാന്‍ കര എത്തിത്തുടങ്ങിയെന്ന് സ്രാങ്ക് വിളിച്ചുപറഞ്ഞു. ഏഴാം ദിവസമാണ്. കര കണ്ടു.ആ കാണുന്നതാണ് കോര്‍ഫക്കാന്‍. ഇപ്പോള്‍ എന്റെ കൈയില്‍ ഒന്നുമില്ല. സഞ്ചി നഷ്ടപ്പെട്ടിരിക്കുന്നു. അതില്‍ ഒരു കുപ്പായവും തുണിയും മാത്രമാണുണ്ടായിരുന്നത്. ഇട്ട ഡ്രസ്സ് മുഷിഞ്ഞ് മുഷിഞ്ഞ് എനിക്ക് എന്നെത്തന്നെ നാറാന്‍ തുടങ്ങി. ഞങ്ങള്‍ ലോഞ്ചില്‍ നിന്നും കടലിലേക്ക് ചാടിയിറങ്ങി. നീന്തിക്കോളാന്‍ ആരോ മുകളില്‍ നിന്ന് വിളിച്ചുപറഞ്ഞു. നിലയില്ലാത്ത സ്ഥലമാണ്. ഞാന്‍ നീന്താന്‍ തുടങ്ങി. എന്റെ കൂടെയുള്ള 14 പേരും നീന്തുകയാണ്. കുറേദൂരം നീന്തി. കൈ കടയാന്‍ തുടങ്ങി. കര അടുത്തുതന്നെയുണ്ടല്ലോ. പിന്നെയും നീന്തി. ഒരുവിധം നിലകിട്ടുന്ന സ്ഥലത്തെത്തി. പതുക്കെ പതുക്കെ നടന്ന് കൂട്ടാളികളെ നോക്കി. കരയടുത്തു. ഹാവൂ, സമാധാനമായി. അങ്ങനെ ട്രൂഷിയല്‍ സ്റ്റേറ്റിലെ കല്‍ബ എന്ന സ്ഥലത്ത് എത്തി. പേര്‍ഷ്യരാജ്യം. ഞാന്‍ മുന്നിലേക്കും പിന്നിലേക്കും മോളിലേക്കും പിന്നെ സി മൊയ്തീനിലേക്കും നോക്കി.കല്‍ബയില്‍ ഒരു മലയാളി ഹോട്ടലില്‍ കയറി കുളിച്ചു. ഈത്തപ്പനകള്‍ തലയാട്ടി ചിരിക്കുന്നു. മണലിന്റെ ചൂടുള്ള വിസ്തൃതികള്‍ വെള്ളപ്പരവതാനി പോലെ നീണ്ടുനീണ്ടുകിടക്കുന്നു. ഒരു ലോറി വിളിച്ച് ഷാര്‍ജ എന്ന സ്ഥവും പറഞ്ഞ് ലോറിയില്‍ കയറിയിരുന്നു. പിറ്റേന്ന് കാലത്താണ് ഷാര്‍ജയിലെത്തിയത്. സി മൊയ്തീന്‍ എന്നെയെടുക്കാന്‍ വേണ്ടി പൊന്നാനി മുഹമ്മദ് എന്നയാളെ ഏര്‍പ്പാട് ചെയ്തിരുന്നു. അവിടെ ഒരാഴ്ച നിന്നു. അന്ന് ഷാര്‍ജ ഒരു വലിയ ഉണങ്ങിയ മരുപ്രദേശമായിരുന്നു. ചെറിയ ചെറിയ ഒറ്റപ്പെട്ട ഏതാനും കെട്ടിടങ്ങളും വൈദ്യുതിയോ റോഡോ ഒന്നും തന്നെയില്ലാത്ത അവസ്ഥ. ഈത്തപ്പന മേഞ്ഞ വീടുകള്‍. ചുടുകാറ്റ്. മലയാളികള്‍ വളരെ കുറവായിരുന്നു. 1970കള്‍ക്ക് മുന്നെയാണല്ലോ. അവിടെ നിന്ന് ദുബൈയില്‍ എത്തി. കുനിഞ്ഞും തല താഴ്ത്തിയും ഇരിക്കാന്‍ പറഞ്ഞു ഡ്രൈവര്‍. സുര്‍ത്ത എന്ന പോലീസും സി ഐ ഡിയും ഉണ്ടാകുമത്രെ. ഞങ്ങള്‍ പേടിച്ച് പതുങ്ങിപ്പതുങ്ങിയിരുന്നു.ദുബൈയിലെത്തി പണി അന്വേഷിക്കാന്‍ തുടങ്ങി. പത്താംക്ലാസ്സ് തോറ്റ പുസ്തകം എന്റെ കൈയില്‍ ഇല്ല. അത് എടുക്കാന്‍ മറന്നിരുന്നു. പിന്നെ എന്ത് പണി കിട്ടാനാണ്. അപ്പോഴേക്കും സി മൊയ്തീന്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അവനെ കണ്ടു. കെട്ടിപ്പിടിച്ചു. അവിടുന്ന് സി മൊയ്തീന്‍ ഒരു വണ്ടി ഏല്‍പ്പിച്ച് ഞങ്ങളെ അബൂദബിയില്‍ കൊണ്ടുവിടാന്‍. അങ്ങനെ ഞങ്ങള്‍ ആ വണ്ടിയില്‍ മുക്ത എന്ന സ്ഥലത്തെത്തി. അവിടെ ഒരു ചെക്ക് പോസ്റ്റുണ്ട്. ഡ്രൈവര്‍ അറബിയില്‍ എന്തൊക്കെയോ പറഞ്ഞു. ഞങ്ങള്‍ ഗിയര്‍ ബോക്‌സിന്റെ അടിയില്‍ കിനിഞ്ഞിരിക്കണമെന്ന് ആ അറബി വാക്ക് തർജമപ്പെട്ടു. ഒരുവിധം അബൂദബിയില്‍ എത്തി ഞാന്‍ ചിക്‌സ് കണ്‍സ്ട്രക്്ഷന്‍ കമ്പനിയില്‍ ജോലിയില്‍ കയറി. ക്രെയിന്‍ ഓപ്പറേറ്ററുടെ സഹായിയായിരുന്നു. അന്ന് ചോപ്പടയിലായിരുന്നു താമസം.ഈത്തപ്പനയുടെ പട്ട കൊണ്ടുള്ള മേല്‍ക്കൂരയുള്ള താമസസ്ഥലമാണ് ചോപ്പട. നല്ല ചൂടുകാലത്ത് ഈന്തപ്പനയുടെ ചോട്ടില്‍ കിടക്കും. അതാണ് അന്നത്തെ എയര്‍കണ്ടീഷണര്‍. അബൂദബിയില്‍ മെച്ചപ്പെട്ട ഒരു തൊഴിലിന് വേണ്ടി അന്വേഷിച്ചുകൊണ്ടിരുന്നു. അങ്ങനെയാണ് മുഹമ്മദ് റശീദ് അല്‍ ഒത്തൈബ എന്ന ഫലസ്തീനിയെ കാണുന്നത്. അയാളുടെ വീട്ടില്‍ കുക്കായി നിന്നു. അവിടെ ഒരു ദിവസം ചെക്കിംഗ് വന്നു. ഞാന്‍ വല്ലാതെ പേടിച്ചു. എന്നോട് പുറത്തിറങ്ങേണ്ട എന്ന് ഒത്തൈബ പറഞ്ഞു. എനിക്ക് എന്നോസി ഇല്ലല്ലോ, പാസ്സ്പോര്‍ട്ടും. അന്ന് വിസയില്ല. എന്‍ ഒ സി (നോ ഒബ്ജക്്ഷന്‍ സര്‍ട്ടിഫിക്കറ്റ്) പേടിച്ചും പാത്തും പതുങ്ങിയും കണ്ടേടത്തൊക്കെ ഒളിച്ചിരുന്നു. സുര്‍ത്തയും സി ഐ ഡി ചെക്കിംഗും വരുമ്പോള്‍ വയറ് കാളിയും എങ്ങനെ മുന്നോട്ട് നീങ്ങും ഒരോ വയറ് കാളിച്ചയിലും ആളങ്ങനെ ഉരുകിത്തീരുകയാണ്. ഒരു പാസ്സ്പോര്‍ട്ടെടുത്ത് എന്നോസിയും കൈക്കലാക്കി അന്തസ്സോടെ അബൂദബിയില്‍ എന്നാണ് ഒന്ന് നിവര്‍ന്ന് നടക്കാനാവുക. ആ വിചാരത്താല്‍ ഒരു പാസ്‌പോര്‍ട്ട് എടുക്കാനുള്ള ശ്രമമായി പിന്നീട്.ബോംബെയില്‍ ഉണ്ണീന്‍കുട്ടി എന്ന ഒരാളുണ്ട്. പാസ്സ്പോര്‍ട്ട് ഏജന്റാണ്. അവന്റെ സഹായത്തോടെ ഒരു പാസ്സ്പോര്‍ട്ട് എടുത്തു. അത് കിട്ടിയെന്ന് നാട്ടില്‍ നിന്ന് കത്ത് വന്നു. പിന്നീട് അവിടെനിന്നും വീണ്ടും ലോഞ്ചില്‍ വരികയാണ്. ഇപ്പോള്‍ എന്റെ കൈയില്‍ ഒരു എന്‍ ഒ സി ഉണ്ട്. നാട്ടിലെ എന്റെ പാസ്സ്പോര്‍ട്ട് പ്രകാരമുള്ള രേഖകള്‍ പ്രകാരമാണ് ഈ എന്‍ ഒ സി അതും കൈയില്‍ വെച്ച് ഞാന്‍ ലോഞ്ച് അന്വേഷിച്ചു. സ്വർണം കടത്തുന്ന ഒരു ചെറിയ ലോഞ്ചില്‍ തിരിച്ചുപോന്നു. അതില്‍ 14 പേരെ ഉള്ളൂ. അതില്‍ കയറി കേരളത്തിലെ ഏഴിമലയില്‍ ഇറങ്ങി. അവിടെ കണ്ണൂരിലേക്ക് ബസില്‍. പിന്നെ തൃശ്ശൂരില്‍ എത്തി. കുഴിങ്ങരയുള്ള വീട്ടിലും. ഒരു മാസം നാട്ടില്‍ നിന്നു.കപ്പലിലായിരുന്നു അന്തസ്സില്‍ യാത്രാരേഖകളോടെയുള്ള ആദ്യ പേര്‍ഷ്യൻ യാത്ര. അറുനൂറ്റി ചില്വാനം രൂപയാണ് കപ്പല്‍ ചാർജ്. എൻ ഒ സി കൈയിലുണ്ട്. അബൂദബി ഡിഫന്‍സില്‍ കുക്കായി ജോലിയില്‍ പ്രവേശിച്ചു. നൂസ് കോപ്പിള്‍ ആയിട്ടായിരുന്നു നിയമനം. ഒരു വര്‍ഷം നിന്നപ്പോള്‍ ഒരു വര കിട്ടി. പ്രമോഷന്‍. പിന്നീട് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ രണ്ട് വര. സർജന്റ്. പിന്നെ ഒരു വര്‍ഷം കൂടി കഴിഞ്ഞപ്പോള്‍ രണ്ട് വരയും കുത്തുമായി. സ്റ്റാഫ് സര്‍ജന്റ്. അന്ന് 6600 ദിര്‍ഹമായിരുന്നു ശമ്പളം. 34 ദിര്‍ഹമിന് 100 കിട്ടുന്ന കാലം. പിന്നെ അത് കുറച്ച് 3500 ആക്കി. അന്ന് പണി നിര്‍ത്തി. 1989ല്‍ ഗള്‍ഫ് യാത്ര അവസാനിപ്പിച്ച് നാട്ടിലെത്തി.(2023 ഏപ്രിൽ രണ്ടിന്എ കെ അബൂബക്കർ അന്തരിച്ചു.)Content Highlights:The late A K Abubakar shares a moving personal memoir recounting his perilous 1960s journey to the Gulf via launch boats. His account details the extreme hardships, sickness, and determination of early Keralite migrants in Sharjah and Abu Dhabi. His story captures a foundational era of Malayali emigration.