ജെ ജെ ആക്ട്; നിയമവും നീതിയും

Wait 5 sec.

സമീപ വര്‍ഷങ്ങളില്‍ നിരവധി ഒ ടി ടി വെബ്സീരീസുകളും സിനിമകളും ജുവനൈല്‍ കുറ്റകൃത്യങ്ങളെ ആസ്പദമാക്കി പല ചര്‍ച്ചകള്‍ക്കും അഭിപ്രായങ്ങള്‍ക്കും വഴിതെളിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്തവര്‍ ഗുരുതര കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന സംഭവങ്ങള്‍ പൊതുസമൂഹത്തില്‍ ആശങ്കയുണ്ടാക്കുന്നതിനൊപ്പം, ജുവനൈല്‍ നീതിന്യായ വ്യവസ്ഥയെക്കുറിച്ചുള്ള വ്യത്യസ്ത വാദപ്രതിവാദങ്ങളും മറ്റും ഇന്നും ശക്തമാണ്. പ്രത്യേകിച്ച്, പുണെ പോര്‍ഷെ കാര്‍ കേസ് പോലെയുള്ള സംഭവങ്ങള്‍ക്കു ശേഷം, ‘കുറ്റത്തിന്റെ ഗൗരവം അനുസരിച്ചായിരിക്കണം ജാമ്യം’ എന്ന പൊതുവായ അഭിപ്രായം കൂടുതല്‍ ശക്തിപ്രാപിച്ചു. 2024 മേയില്‍ മഹാരാഷ്ട്രയിലെ പുണെയില്‍ നടന്ന ഈ സംഭവം രാജ്യവ്യാപകമായി പലതരം ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. അമിതവേഗത്തില്‍ ഓടിച്ചിരുന്ന ആഡംബര പോര്‍ഷെ കാര്‍ ഇടിച്ച് രണ്ട് യുവ ഐ ടി പ്രൊഫഷനലുകള്‍ മരിച്ച ഈ കേസില്‍, വാഹനം ഓടിച്ചിരുന്നത് പ്രായപൂര്‍ത്തിയാകാത്ത ആളാണെന്നായിരുന്നു ആരോപണം. അറസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ജാമ്യം അനുവദിച്ചു. ഈ തീരുമാനം സാമൂഹിക മാധ്യമങ്ങളിലും പൊതുമധ്യത്തിലും കടുത്ത വിമര്‍ശങ്ങള്‍ക്ക് ഇടയാക്കി. ‘ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് നിയമം അനാവശ്യ ഇളവുകള്‍ നല്‍കുന്നു’ എന്നതായിരുന്നു വിമര്‍ശം. ഇത്തരം കുട്ടികളുടെ ജാമ്യം പരിഗണിക്കുമ്പോള്‍ അവിടെ കുറ്റത്തിന്റെ ഗൗരവത്തിന് മാത്രം ഊന്നല്‍ നല്‍കി വിധി തീര്‍പ്പാക്കിയാല്‍ മതിയോ, അതോ ജുവനൈല്‍ നീതിയുടെ പുനരധിവാസപരമായ ലക്ഷ്യങ്ങള്‍ക്കാണോ കൂടുതല്‍ മുന്‍ഗണന നല്‍കേണ്ടത്? ഇവിടെ ഇന്ത്യന്‍ ജുവനൈല്‍ നിയമം രണ്ടാമത്തെ സമീപനത്തെയാണ് ആദ്യ പരിഗണനയായി എടുക്കുന്നത്. അതായത്, കുറ്റകൃത്യത്തിന്റെ സ്വഭാവം പ്രസക്തമാകാമെങ്കിലും, കുട്ടിയുടെ പ്രായം, മാനസികാവസ്ഥ, സാമൂഹിക സാഹചര്യങ്ങള്‍, പരിഷ്‌കരണസാധ്യത എന്നിവയാണ് ജാമ്യനിര്‍ണയത്തില്‍ കോടതിയുടെ പ്രഥമ പരിഗണന എന്നര്‍ഥം. കാരണം, ജുവനൈല്‍ നീതി നിയമത്തിന്റെ അടിസ്ഥാന തത്ത്വം കുട്ടിയുടെ ശിക്ഷയല്ല, മറിച്ച് പരിഷ്‌കാരവും പുനരധിവാസവുമാണ്. അതുകൊണ്ട് തന്നെ, നിയമവുമായി സംഘര്‍ഷത്തിലായ ഒരു കുട്ടിയുടെ ജാമ്യം തീരുമാനിക്കുമ്പോള്‍ കുറ്റത്തിന്റെ തീവ്രതയേക്കാള്‍ കുട്ടിയുടെ പരിഷ്‌കാരവും പുനരധിവാസപരവുമായ കാര്യങ്ങള്‍ക്കാണ് കോടതികള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് എന്ന് ചുരുക്കം.2015ലെ ജുവനൈല്‍ ജസ്റ്റിസ് നിയമം കുട്ടികളെ പ്രായപൂര്‍ത്തിയായ പ്രതികളെ പോലെ കാണുന്നില്ല. മറിച്ച് ഒരു കുട്ടി കുറ്റാരോപിതനായാല്‍ പോലും, അവനെ ശിക്ഷിക്കേണ്ട വ്യക്തിയായി മാത്രം കാണാതെ സാഹചര്യങ്ങളുടെ ഫലമായി തെറ്റിലകപ്പെട്ട ഒരാളായിരിക്കാം എന്നതാണ് നിയമം അത്തരക്കാരെ കുറിച്ച് മനസ്സിലാക്കുന്നത്. അതുകൊണ്ട് തന്നെ ജുവനൈല്‍ കുറ്റകൃത്യങ്ങളില്‍ ജാമ്യം അപൂര്‍വമായ ഇളവല്ല, മറിച്ച് അത് സാധാരണമാണ്. ഈ നിയമം എല്ലാ സാഹചര്യങ്ങളിലും യാന്ത്രികമായി ജാമ്യം നല്‍കണമെന്ന് പറയുന്നില്ല. ഒരു കുട്ടിയെ ജാമ്യത്തില്‍ വിട്ടയക്കുന്നത് നീതിന്യായ പ്രക്രിയയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയാണ് നിലവിലുള്ളതെങ്കില്‍, കോടതിക്ക് ആ ജാമ്യം നിഷേധിക്കാമെന്നാണ് വ്യവസ്ഥ.ഒരു കുറ്റകൃത്യം ഗുരുതരമാണെന്ന കാരണത്താല്‍ പ്രത്യേകിച്ച് ‘ഹീനമായ കുറ്റകൃത്യം’ ആണ് എന്നതിന്റെ പേരില്‍ മാത്രം ജാമ്യം നിഷേധിക്കാനാകുമോ എന്ന മറ്റൊരു ചോദ്യം കൂടി ഇവിടെ ഉണ്ട്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വിവിധ ഹൈക്കോടതികള്‍ ഉള്‍പ്പെടെ ഈ വിഷയത്തില്‍ വ്യത്യസ്ത കാഴ്ചപ്പാടുകളാണ് മുന്നോട്ടുവെച്ചത്. ചില കോടതി വിധികള്‍ കുറ്റത്തിന്റെ ഗൗരവത്തിനും സാമൂഹിക പ്രത്യാഘാതങ്ങള്‍ക്കും പ്രാധാന്യം നല്‍കിയപ്പോള്‍, മറ്റു ചില വിധികള്‍ നിയമത്തിന്റെ പുനരധിവാസപരമായ കാര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കിയത്.ശിക്ഷയല്ല പുനരധിവാസമാണ് ലക്ഷ്യം2015ലെ ജെ ജെ ആക്ട്, കുട്ടികളെ പ്രധാനമായും രണ്ട് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഒന്ന്, നിയമവുമായി സംഘര്‍ഷത്തിലായ കുട്ടികള്‍. രണ്ട്, പരിചരണവും സംരക്ഷണവും ആവശ്യമുള്ള കുട്ടികള്‍. നിയമം പറയുന്നത്, കുട്ടികള്‍ സ്വമേധയാ കുറ്റകൃത്യങ്ങളിലേക്ക് പോകുന്നവരല്ല, മറിച്ച് കുടുംബ പ്രശ്‌നങ്ങള്‍, സാമ്പത്തിക ബുദ്ധിമുട്ടുകള്‍, സാമൂഹിക അവഗണന, വിദ്യാഭ്യാസത്തിന്റെ കുറവ്, മാനസിക സമ്മര്‍ദം, തെറ്റായ കൂട്ടുകെട്ടുകള്‍ തുടങ്ങിയ സാഹചര്യങ്ങളാണ് പലപ്പോഴും അവരെ കുറ്റകൃത്യങ്ങളിലേക്ക് തള്ളിവിടുന്നത്. അതുകൊണ്ട് തന്നെ, നിയമം അവരോട് പ്രതികാരപരമായ സമീപനം സ്വീകരിക്കാതെ ‘എങ്ങനെ തിരുത്താം’ എന്നതിലൂന്നി അവരെ സമൂഹത്തിന്റെ ഭാഗമായി തിരിച്ചു കൊണ്ടുവരാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്. അതിന്റെ ഭാഗമായാണ് കുറ്റകൃത്യത്തില്‍ അകപ്പെടുന്ന കുട്ടികളെ നിരീക്ഷണ കേന്ദ്രങ്ങളിലോ തത്തുല്യമായ മറ്റു ഇടങ്ങളിലോ പാര്‍പ്പിക്കുന്നത്. ഇതിനെ അവസാന മാര്‍ഗമായി മാത്രമാണ് നിയമം കാണുന്നത്. സാധ്യമായിടത്തോളം കുട്ടിയെ കുടുംബത്തോടും സമൂഹത്തോടും ചേര്‍ത്തു നിര്‍ത്തി സുരക്ഷിതമായ ചുറ്റുപാടില്‍ പുനരധിവാസം ഉറപ്പാക്കാനാണ് കോടതികളും നിയമ സംവിധാനങ്ങളുമെല്ലാം ശ്രമിക്കുന്നത്.വിധിയും വ്യാഖ്യാനങ്ങളുംനിയമവുമായി സംഘര്‍ഷത്തിലായ കുട്ടികളുടെ ജാമ്യവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ ആശയക്കുഴപ്പമുണ്ടാകുന്നതും ഉണ്ടാക്കിയതുമായ പദപ്രയോഗമാണ് ‘റലളലമ േവേല ലിറ െീള ഖൗേെശരല’ എന്നത്. ജെ ജെ ആക്ട് പ്രകാരം കുട്ടികളുടെ ജാമ്യം സാധാരണ നിയമമാകുമ്പോള്‍, മേല്‍ പറഞ്ഞ ഈ വാചകം ചില സാഹചര്യങ്ങളിലെങ്കിലും ജാമ്യം നിഷേധിക്കാന്‍ കാരണമാകുന്നു. ജാമ്യ പരിഗണനയിലെ ഏറ്റവും വിവാദപരമായ ഭാഗവും ഇതുതന്നെയാണ്. കാരണം, ജാമ്യം അനുവദിക്കണമെന്ന നിര്‍ബന്ധിത നിയമ വ്യവസ്ഥക്കുള്ളില്‍ ജുഡീഷ്യല്‍ വിവേചനാധികാരത്തിന് അനുമതി നല്‍കുന്ന ഏക ഇടം കൂടിയാണിത്. എന്നിരുന്നാലും, ഈ വിവേചനാധികാരം പരിപൂര്‍ണമായ ഒന്നല്ല, അത് ജുവനൈല്‍ നീതിയുടെ അടിസ്ഥാന തത്ത്വങ്ങള്‍ക്കുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കേണ്ട ഒന്നാണ്.2026 ഫെബ്രുവരിയില്‍ ഒരു കേസ് പരിഗണിക്കവെ ഛത്തീസ്ഗഢ് ഹൈക്കോടതിയുടെ നിരീക്ഷണം, ജാമ്യം ഒരു പൂര്‍ണമായ അവകാശമല്ല എന്നായിരുന്നു. നീതി എന്നത് പ്രതിക്ക് മാത്രമല്ല ഇരക്കും സമൂഹത്തിനും കൂടി ഒരുപോലെ ഉള്ളതാണെന്നും കോടതി ചൂണ്ടിക്കാട്ടി. കുറ്റകൃത്യത്തിന്റെ സ്വഭാവം, കുറ്റം ചെയ്യപ്പെട്ട രീതി, സാമൂഹിക പ്രത്യാഘാതം, പ്രതിയുടെ സമീപനം എന്നിവയെല്ലാം ‘നീതിയുടെ ലക്ഷ്യങ്ങള്‍’ വിലയിരുത്തുമ്പോള്‍ പരിഗണിക്കപ്പെടേണ്ടതാണെന്ന് ജമ്മു കശ്മീര്‍ ഹൈക്കോടതി 2026 മാര്‍ച്ചില്‍ അഭിപ്രായപ്പെട്ടിരുന്നു. ഇങ്ങനെ കുറ്റത്തിന്റെ ഗൗരവത്തെയും സാമൂഹിക സ്വാധീനത്തെയും പ്രസക്തമാക്കുന്ന നിരവധി വിധികള്‍ ഒരു ഭാഗത്ത് ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍, മറുവശത്ത് ജെ ജെ ആക്ടിന്റെ ലക്ഷ്യത്തെ വിശകലനം ചെയ്യുന്ന മറ്റു കോടതി വിധികളും പ്രസക്തമാണ്. ഇതു സംബന്ധിച്ച് 2025ല്‍ പാട്ന ഹൈക്കോടതി സുപ്രധാനമായൊരു നിരീക്ഷണം നടത്തിയിരുന്നു, കൊലപാതക കുറ്റത്തിന്റെ ഗൗരവം മാത്രം പരിഗണിച്ച് ജാമ്യം നിഷേധിക്കാനാകില്ല എന്നതായിരുന്നു അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ഇത്തരം കേസുകള്‍ പരിഗണിക്കുമ്പോള്‍ ആക്ടിന്റെ ലക്ഷ്യവും കുട്ടിയുടെ പുനരധിവാസവും പ്രഥമ പരിഗണനയായി കാണേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. ഇതേ നിരീക്ഷണം നടന്ന അതിപ്രധാനമായ മറ്റൊരു കേസാണ്, മാസ്റ്റര്‍ അഭിഷേക് കേസ് (2005). വളരെ വ്യക്തവും അന്താരാഷ്ട്ര ബാലാവകാശ നിയമങ്ങളോട് ചേര്‍ന്നു നില്‍ക്കുന്നതും എല്ലാറ്റിനുമുപരിയായി ആക്ടിന്റെ സ്ഥാപിത ലക്ഷ്യത്തോട് വളരെ അടുത്തു നില്‍ക്കുന്നതുമായ ഒരു മാനദണ്ഡമാണ് ഡല്‍ഹി ഹൈക്കോടതി ഈ കേസില്‍ നിര്‍ദേശിച്ചത്. അതായത് കുട്ടിയുടെ വികസനാവശ്യങ്ങള്‍, സംരക്ഷണം, പുനരധിവാസം എന്നിവ ഉറപ്പാക്കുന്നതിനായി കസ്റ്റഡി നിര്‍ബന്ധമാണെങ്കില്‍ മാത്രമേ കുട്ടിയുടെ മോചനം ‘നീതിയുടെ ലക്ഷ്യങ്ങളെ പരാജയപ്പെടുത്തും’ എന്ന് പറയാനാകൂ. ഇവിടെയും കോടതിയുടെ പ്രഥമ പരിഗണന കുട്ടിയുടെ ക്ഷേമവും പരിവര്‍ത്തനവും തന്നെയാണ്.ജുവനൈല്‍ നീതിന്യായ വ്യവസ്ഥയെ നാം മനസ്സിലാക്കേണ്ടത് പിഴവുകള്‍ക്കും തിരുത്തലുകള്‍ക്കുമുള്ള ഒരു അവസരമായിട്ടാണ്. അതിനാല്‍, ‘നീതിയുടെ ലക്ഷ്യത്തെ പരാജയപ്പെടുത്തുക’ എന്ന നിര്‍വചനത്തെ കോടതികള്‍ പ്രതികാരപരമായ കാഴ്ചപ്പാടിലല്ല സമീപിക്കുന്നത്, മറിച്ച് ആക്ടിന്റെ പരമപ്രധാനമായ ലക്ഷ്യത്തെ ഉള്‍ക്കൊണ്ട് കൂടിയാണ്. അത് തെറ്റിലകപ്പെട്ട ഒരു കുട്ടിക്ക് വീണ്ടും പുതിയ ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള അവസരം ഉറപ്പാക്കുക കൂടി ചെയ്യുന്നുണ്ട്.