സ്വാധീനങ്ങളില്‍ നിന്ന് മുക്തമാകണം തിരഞ്ഞെടുപ്പുകള്‍

Wait 5 sec.

തിരഞ്ഞെടുപ്പുകളിലെ കള്ളപ്പണ പ്രവാഹം തടയുന്നതിന് കര്‍ശന നിര്‍ദേശങ്ങളാണ് സുപ്രീം കോടതി കഴിഞ്ഞ ദിവസം നല്‍കിയത്. കള്ളപ്പണം പിടിച്ചാല്‍ 24 മണിക്കൂറിനകം ജില്ലാ മജിസ്ട്രേറ്റിനെയോ കോടതിയെയോ അറിയിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കണമെന്നും ജസ്റ്റിസുമാരായ സഞ്ജയ് കരോള്‍, എന്‍ കോടീശ്വര്‍ സിംഗ് എന്നിവരടങ്ങിയ ബഞ്ച് നിര്‍ദേശിച്ചു. കേസുകള്‍ ഹൈക്കോടതിയുടെ അനുമതിയില്ലാതെ പിന്‍വലിക്കരുതെന്നും ഉത്തരവില്‍ പറയുന്നു. ഭരണം മാറുമ്പോള്‍ തിരഞ്ഞെടുപ്പിലെ ക്രമക്കേടുകള്‍ സംബന്ധിച്ച കേസുകളിലെ പ്രോസിക്യൂഷന്‍ സര്‍ക്കാറുകള്‍ ഏകപക്ഷീയമായി പിന്‍വലിക്കുന്നതില്‍ കോടതി കടുത്ത അതൃപ്തിയും രേഖപ്പെടുത്തി.ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് തിരഞ്ഞെടുപ്പുകളില്‍ കള്ളപ്പണത്തിന്റെ സ്വാധീനം. ഓരോ തിരഞ്ഞെടുപ്പിലും പിടികൂടുന്ന കള്ളപ്പണത്തിന്റെ അളവ് വര്‍ധിച്ചു വരികയാണ്. 2019ലെ പൊതുതിരഞ്ഞെടുപ്പ് വേളയില്‍ ഏകദേശം 3,475 കോടി രൂപയുടെ കള്ളപ്പണമാണ് പിടികൂടിയതെങ്കില്‍ 2024ല്‍ ഇത് 10,000 കോടിയുടേതായി ഉയര്‍ന്നു. മാത്രമല്ല ഇതുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണവും തുടര്‍ നടപടികളും അനന്തമായി നീളുകയുമാണ്. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക ഇടപെടല്‍.നീതിയുക്തവും സ്വതന്ത്രവുമായ തിരഞ്ഞെടുപ്പാണ് ജനാധിപത്യത്തിന്റെ അടിത്തറ. ഓരോ പൗരനും ഭയലേശമന്യേയും സ്വാധീനവും പ്രലോഭനവുമില്ലാതെയും സ്വതന്ത്രമായി വോട്ടവകാശം വിനിയോഗിക്കുമ്പോള്‍ മാത്രമാണ് ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നത്. അതിമൂല്യവത്തായ ജനവിധിയെ പണം കൊണ്ടോ മറ്റു വസ്തുക്കള്‍ കൊണ്ടോ വിലക്ക് വാങ്ങുമ്പോള്‍ ജനാധിപത്യത്തിന്റെ അന്തസ്സത്ത നഷ്ടമാകുന്നു. യോഗ്യരായ സ്ഥാനാര്‍ഥികള്‍ തള്ളപ്പെടാനും സാമ്പത്തിക ശേഷിയുള്ളവര്‍ അധികാരത്തിലെത്താനും ഇതിടയാക്കുകയും ചെയ്യുന്നു. സമത്വമെന്ന ഭരണഘടനാ തത്ത്വത്തിന്റെ ലംഘനമാണിത്. ഭരണസംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസത്തിന് ഇത് ക്ഷതമേല്‍പ്പിക്കും.തിരഞ്ഞെടുപ്പ് കാലത്ത് ഒഴുകുന്ന കള്ളപ്പണം രാജ്യത്ത് സമാന്തര സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുകയും രാഷ്ട്രീയത്തില്‍ ക്രിമിനല്‍വത്കരണത്തിനും വന്‍കിട കോര്‍പറേറ്റുകളുടെ വഴിവിട്ട ഇടപെടലിനും വഴിവെക്കുകയും ചെയ്യുന്നുണ്ട്. നികുതി വെട്ടിച്ച പണവും അധോലോക- ക്രിമിനല്‍ സംഘങ്ങളുടെ പണവുമാണ് രാഷ്ട്രീയ ഫണ്ടുകളിലേക്ക് എത്തുന്നതില്‍ നല്ലൊരു പങ്ക്. അധികാരത്തിലെത്തുന്നവര്‍ തിരഞ്ഞെടുപ്പ് കാലത്ത് സാമ്പത്തികമായി സഹായിച്ചവര്‍ക്ക് തിരികെ ലാഭമുണ്ടാക്കിക്കൊടുക്കാന്‍ ശ്രമിക്കുക സ്വാഭാവികം. അഴിമതി തഴച്ചുവളരുകയായിരിക്കും ഫലം. മാത്രമല്ല, ഇത് സര്‍ക്കാറിന്റെ നയങ്ങളെ സ്വാധീനിക്കുകയും വന്‍കിട കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായ കരാറുകള്‍ക്കും അനുമതികള്‍ക്കും വഴിയൊരുക്കുകയും ചെയ്യുന്നു. ഫലത്തില്‍ ജനക്ഷേമത്തേക്കാള്‍ സര്‍ക്കാറിന് താത്പര്യം വ്യവസായ ഗ്രൂപ്പുകളുടെ താത്പര്യമായിരിക്കും. അതാണല്ലോ രാജ്യത്തിപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതും.തിരഞ്ഞെടുപ്പ് സ്വതന്ത്രവും സുതാര്യവുമാക്കാന്‍ ജനപ്രാതിനിധ്യനിയമം, ആദായനികുതി നിയമങ്ങള്‍, തിരഞ്ഞെടുപ്പ് കമ്മീഷന്റെ പെരുമാറ്റച്ചട്ടം തുടങ്ങിയ സംവിധാനങ്ങള്‍ നിലവിലുണ്ടെങ്കിലും പാര്‍ട്ടി ഫണ്ടുകളുടെ സുതാര്യതയില്ലായ്മ ഈ നിയമങ്ങളെയെല്ലാം നോക്കുകുത്തിയാക്കുന്നു. അപരിചിത സ്രോതസ്സുകളില്‍ നിന്നാണ് ഫണ്ടിംഗ് കൂടുതലും. ബേങ്കുകള്‍ വഴിയുള്ള പണമിടപാടുകള്‍ക്ക് കമ്മീഷന്‍ നിരീക്ഷണം ശക്തമാക്കിയതോടെ യു പി ഐ, ക്രിപ്റ്റോ കറന്‍സി, വ്യാജ ഹവാല ശൃംഖലകള്‍, കൂപ്പണുകള്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെയാണ് പണവും ആനുകൂല്യങ്ങളും കൈമാറ്റം ചെയ്യപ്പെടുന്നത്. ഇത് നിരീക്ഷിക്കുക പ്രായോഗികമായി പ്രയാസമാണ്. തിരഞ്ഞെടുപ്പ് കാലത്ത് വിന്യസിക്കപ്പെടുന്ന ഫ്ളയിംഗ് സ്‌ക്വാഡുകള്‍ക്കും മറ്റു ഉദ്യോഗസ്ഥ സംവിധാനങ്ങള്‍ക്കും വ്യാപകമായി നടക്കുന്ന മുഴുവന്‍ അനധികൃത ഇടപാടുകളും കണ്ടെത്താന്‍ പ്രയാസവുമാണ്.തിരഞ്ഞെടുപ്പ് കള്ളപ്പണ കേസ് അന്വേഷണം ബന്ധപ്പെട്ട രാഷ്ട്രീയ കക്ഷികള്‍ ഇടപെട്ട് മരവിപ്പിക്കുന്നത് ഇത്തരം പ്രവണതകള്‍ക്ക് ആക്കം കൂട്ടുന്നു. 2021ല്‍ തൃശൂരിലെ കൊടകരയിലെ പണക്കവര്‍ച്ചക്കും തുടര്‍ന്നുള്ള അന്വേഷണങ്ങള്‍ക്കും ഇതാണ് സംഭവിച്ചത്. കേരള പോലീസിന്റെ ആദ്യ അന്വേഷണത്തില്‍ ഇത് നിയമസഭാ തിരഞ്ഞെടുപ്പ് ആവശ്യത്തിന് സംസ്ഥാന ബി ജെ പിക്ക് എത്തിച്ചതാണെന്ന് വ്യക്തമായതാണ്. കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ്ഡയറക്ടറേറ്റ് ഏറ്റെടുത്തതോടെ കേസ് അട്ടിമറിക്കുകയായിരുന്നു. ഈ പണത്തിന് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമില്ലെന്ന റിപോര്‍ട്ടാണ് ഇ ഡി നല്‍കിയത്. ഇത്തരം കേസുകളുടെ അന്വേഷണത്തില്‍ സുതാര്യത ഉറപ്പ് വരുത്താനും രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടപെടല്‍ ഇല്ലാതാക്കാനും ജുഡീഷ്യറിയുടെ നേരിട്ടുള്ള മേല്‍നോട്ടവും കേസിന്റെ മുഴുവന്‍ ഘട്ടങ്ങളും സമയബന്ധിതമാക്കേണ്ടതും ആവശ്യമാണ്. സുപ്രീം കോടതി നിര്‍ദേശിച്ച ’24 മണിക്കൂറിനകം റിപോര്‍ട്ടിംഗ്’ കര്‍ശനമായി നടപ്പാക്കണം. പണം പിടിച്ചെടുത്തത് മുതല്‍ കേസ് അവസാനിക്കുന്നതുവരെയുള്ള അന്വേഷണത്തിന്റെ പുരോഗതി ജനങ്ങള്‍ക്ക് അറിയാന്‍ കഴിയുന്ന തരത്തില്‍ സുതാര്യമായ സംവിധാനവും വേണം. കേസുകളുടെ വിചാരണ നീണ്ടുപോകാതിരിക്കാന്‍ ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കുന്ന കാര്യവും പരിഗണിക്കേണ്ടതാണ്. അതേസമയം, നിയമം എത്ര കര്‍ക്കശമാക്കിയാലും വോട്ടര്‍മാരുടെ നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമാണ്. നോട്ടുകെട്ടുകളേക്കാള്‍ മൂല്യവത്താണ് ഓരോ വോട്ടുമെന്ന ബോധം വോട്ടര്‍മാരില്‍ വളര്‍ന്നുവരേണ്ടതുണ്ട്.