യാ അക്റമല്‍ ഖല്‍ഖി…

Wait 5 sec.

പ്രപഞ്ചത്തിലെ ഏറ്റവും ശ്രേഷ്ഠരും ആദരണീയരുമായ സൃഷ്ടിയാണ് മുഹമ്മദ് നബി(സ). ഇമാം ബൂസ്വീരി(റ) തന്റെ പ്രസിദ്ധമായ ഖസ്വീദത്തുല്‍ ബുര്‍ദയില്‍ യാ അക്റമല്‍ ഖല്‍ഖി എന്ന് പാടിയത് അവിടുത്തെ മഹത്വത്തെ ഏറ്റവും അനുയോജ്യമായ ഒരു വാക്കിലേക്ക് ആവാഹിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്.അല്ലാഹു ആദ്യമായി സൃഷ്ടിച്ചത് നബി(സ)യുടെ പ്രകാശത്തെയാണ് എന്ന് ഹദീസുകള്‍ വ്യക്തമാക്കുന്നു. തുടര്‍ന്നുള്ള സകല ചരാചരങ്ങളും ആ പ്രകാശത്തില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടത് എന്ന് ഇമാം അബ്ദുര്‍റസാഖ്(റ) ഉള്‍പ്പെടെയുള്ള പണ്ഡിതന്മാര്‍ വിശദീകരിക്കുന്നു. പ്രപഞ്ച സൃഷ്ടിപ്പിന്റെ തന്നെ ലക്ഷ്യവും കാരണവും നബി(സ)യാണെന്ന് ഖുദ്സിയ്യായ ഹദീസില്‍ വന്നിട്ടുണ്ട്.ഖുര്‍ആന്‍ പറയുന്നു: ‘ലോകത്തിനാകയും കാരുണ്യമായിട്ടല്ലാതെ നബിയേ, അങ്ങയെ നാം നിയോഗിച്ചിട്ടില്ല’ (സൂറത്ത് അല്‍ അമ്പിയാഅ്: 107). പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങള്‍ക്കും ഒരുപോലെ കാരുണ്യമായിട്ടാണ് നബി(സ) നിയോഗിതരായിട്ടുള്ളത്. ഈ സമ്പൂര്‍ണമായ സ്വഭാവമഹിമയാണ് സൃഷ്ടികളില്‍ അത്യുന്നതരെന്ന പദവിക്ക് അവിടുത്തെ അര്‍ഹരാക്കുന്നത്. തിരുനബി(സ)യുടെ ഭൗതിക പിതാക്കളായ ആദം നബിയും ഇബ്‌റാഹീം നബിയും അടക്കം മുഴുവന്‍ പ്രവാചകന്മാരെക്കാളും ഉന്നതമാണ് മുഹമ്മദ് നബി(സ)യുടെ പദവി. ഭൗതിക ലോകത്ത് നബി(സ) അവസാനത്തെ പ്രവാചകരായാണ് വന്നതെങ്കിലും, ആത്മീയ ലോകത്തും സൃഷ്ടിപ്പിലും അവിടുന്ന് ഒന്നാമനാണ്. നബി(സ) അരുളുന്നു: ‘ആദം നബി(അ) ആത്മാവിനും ശരീരത്തിനുമിടയിലായിരിക്കുമ്പോള്‍ തന്നെ ഞാന്‍ അല്ലാഹുവിങ്കല്‍ അന്ത്യപ്രവാചകനായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്’ (തിര്‍മിദി). മനുഷ്യകുലത്തിന്റെ പിതാവ് സൃഷ്ടിക്കപ്പെടുന്നതിന് മുമ്പ് തന്നെ മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വം അല്ലാഹു നിശ്ചയിച്ചിരുന്നുവെന്ന് ഇത് തെളിയിക്കുന്നു. മാത്രമല്ല അവര്‍ക്കെല്ലാം നേതാവും തിരുനബി(സ) തന്നെയാണ്. അവിടുന്ന് അരുളി: ‘അന്ത്യനാളില്‍ ആദം സന്തതികളുടെ നേതാവ് ഞാനാണ്, ഇത് അഹങ്കാരം പറയുന്നതല്ല’ (സ്വഹീഹ് മുസ്ലിം). അല്ലാഹുവിന്റെ സന്ദേശവാഹകരില്‍ അവസാനത്തെ വ്യക്തിത്വം എന്ന നിലയിലും, സര്‍വലോക കാരുണ്യകനെന്ന നിലയിലും ഇച്ഛാസ്വാതന്ത്ര്യത്തെ കീഴടക്കിയ ഏറ്റവും വലിയ മനുഷ്യനെന്ന നിലയിലുമാണ് നബി(സ) സൃഷ്ടികളില്‍ ഒന്നാമനാകുന്നത്. മുന്‍കാല പ്രവാചകന്മാര്‍ നിശ്ചിത കാലത്തേക്കും ജനതയിലേക്കും വന്നപ്പോള്‍, നബി(സ) ലോകാവസാനം വരെയുള്ള മുഴുവന്‍ മനുഷ്യര്‍ക്കും ജിന്നുകള്‍ക്കും വേണ്ടിയാണ് നിയോഗിക്കപ്പെട്ടത്. അന്ത്യനാളില്‍ സര്‍വ മനുഷ്യര്‍ക്കും വേണ്ടി അല്ലാഹുവിനോട് ആദ്യമായി ശിപാര്‍ശ ചെയ്യുന്ന ‘മഖാമുല്‍ മഹ്മൂദ്’ എന്ന അതുല്യ പദവിയും നബി(സ)ക്ക് മാത്രമുള്ളതാണ്.ഈ അതുല്യതയെ അടയാളപ്പെടുത്തുന്ന സുപ്രധാന ചരിത്രസംഭവമാണ് ഇസ്റാഅ് – മിഅ്റാജ്. ആ രാത്രിയില്‍ ബൈത്തുല്‍ മുഖദ്ദസില്‍ വെച്ച് മുന്‍കാല പ്രവാചകര്‍ക്കെല്ലാം ഇമാമായി നിസ്‌കാരത്തിന് നേതൃത്വം നല്‍കിയത് നബി(സ)യാണ്. ആകാശലോകത്തേക്ക് കയറിപ്പോയപ്പോള്‍ ‘സിദ്റത്തുല്‍ മുന്‍തഹ’ എന്ന അതിര്‍ത്തിയില്‍, മലക്കുകളുടെ നേതാവായ ജിബ്രീല്‍(അ) പോലും അനുമതിയില്ലാത്തതിനാല്‍ യാത്ര അവസാനിപ്പിച്ചു. ‘ഇനി ഞാന്‍ ഒരു വിരല്‍പ്പാട് മുന്നോട്ട് വെച്ചാല്‍ അല്ലാഹുവിന്റെ പ്രകാശത്താല്‍ ഞാന്‍ കരിഞ്ഞുപോകും’ എന്ന് ജിബ്രീല്‍(അ) ഈ ഘട്ടത്തില്‍ പറഞ്ഞതായി ഇമാം റാസി(റ) തന്റെ തഫ്സീറില്‍ ഉദ്ധരിക്കുന്നുണ്ട്. എന്നാല്‍ ആ അതിര്‍ത്തിയും കടന്ന് അല്ലാഹുവിന്റെ അത്യുന്നതമായ സാമീപ്യത്തിലേക്ക് തിരുനബി(സ) പ്രവഹിച്ചു. ഇത് മലക്കുകളേക്കാള്‍ നബി(സ)ക്കുള്ള പദവിയെ അര്‍ഥശങ്കക്കിടയില്ലാത്തവിധം അടയാളപ്പെടുത്തിയ നിമിഷമായിരുന്നു. മലക്കുകള്‍ക്ക് സ്വന്തമായി തീരുമാനമെടുക്കാനുള്ള ഇച്ഛാസ്വാതന്ത്ര്യമോ ദേഹേച്ഛകളോ ഇല്ല; അവര്‍ക്ക് അല്ലാഹുവിനെ അനുസരിക്കാന്‍ മാത്രമേ കഴിയൂ. എന്നാല്‍ മനുഷ്യര്‍ക്ക് തെറ്റ് ചെയ്യാനുള്ള സാഹചര്യവും വികാരങ്ങളും ഉണ്ടായിട്ടും, അതിനെ അതിജീവിച്ച് പൂര്‍ണമായി അല്ലാഹുവിന് വഴിപ്പെടുന്നു എന്നതാണ് പ്രവാചകന്മാരെ മലക്കുകളേക്കാള്‍ ഉന്നതരാക്കുന്നത്. അങ്ങനെയുള്ള പ്രവാചകരില്‍ ഏറ്റവും ഉന്നതരാകുക വഴി നബി(സ) പ്രപഞ്ചത്തിന്റെ നെറുകയിലേക്ക് ഉയര്‍ത്തപ്പെടുകയാണ്.