കോതമംഗലം എം എ എഞ്ചിനീയറിങ് കോളജിലെ വിദ്യാർഥി സമരം അവസാനിപ്പിച്ചു; മാനേജ്‌മെന്റുമായി ധാരണ

Wait 5 sec.

കോതമംഗലം | വിദ്യാർഥിയുടെ ആത്മഹത്യക്ക് പിന്നാലെ കോതമംഗലം എം എ എഞ്ചിനീയറിങ് കോളജിൽ (MA College of Engineering) സഹപാഠികൾ നടത്തിവന്ന സമരം അവസാനിപ്പിച്ചു. വിദ്യാർഥികൾ ഉന്നയിച്ച വിവിധ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് കോളജ് മാനേജ്മെന്റ് ഉറപ്പു നൽകിയതിനെ തുടർന്നാണ് പ്രതിഷേധ സമരം അവസാനിപ്പിക്കാൻ തീരുമാനമായത്.എജുക്കേഷൻ കൗൺസിൽ യോഗം ഉടൻ വിളിച്ചുചേർത്ത് ഇയർ ബാക്ക് അടക്കമുള്ള നടപടികൾ പുനർപരിശോധിക്കുമെന്ന് മാനേജ്മെന്റ് വിദ്യാർഥികൾക്ക് ഉറപ്പുനൽകിയിട്ടുണ്ട്. ഒരാഴ്ചക്കുള്ളിൽ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നാണ് കോളജ് മാനേജ്മെന്റ് നിലവിൽ അറിയിച്ചിരിക്കുന്നത്. തങ്ങൾ ഉന്നയിച്ച ആവശ്യങ്ങളിൽ വ്യക്തമായ ഉറപ്പും തൃപ്തികരമായ തീരുമാനവും ലഭിച്ചതുകൊണ്ടാണ് സമരം താത്കാലികമായി നിർത്തിവെക്കുന്നതെന്ന് വിദ്യാർഥികൾ വ്യക്തമാക്കി. എന്നാൽ മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ലെങ്കിൽ ഇതിലും ശക്തമായ രീതിയിൽ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും വിദ്യാർഥികൾ മുന്നറിയിപ്പ് നൽകി.പ്രധാനമായും അഞ്ചു ആവശ്യങ്ങളാണ് വിദ്യാർഥികൾ മാനേജ്മെന്റിന് മുന്നിൽ വെച്ചിട്ടുള്ളത്. കെ ടി യു (KTU) നിർദ്ദേശപ്രകാരമുള്ള ഗ്രേഡ് സിസ്റ്റത്തിൽ വരുന്ന മാർക്ക് 18 ആയിരിക്കെ, എം എ എഞ്ചിനീയറിങ് കോളജിൽ മാത്രം അത് 22 എന്ന നിലയിൽ നിശ്ചയിച്ചിരിക്കുന്നത് ഒഴിവാക്കണമെന്നതാണ് പ്രധാന ആവശ്യം. കൂടാതെ, സേ പരീക്ഷ എഴുതുന്ന വിദ്യാർഥികളിൽ നിന്ന് ഒരു പരീക്ഷക്ക് 6000 രൂപ നിരക്കിൽ അമിത ഫീസ് ഈടാക്കുന്നത് പുനഃപരിശോധിക്കണമെന്നും തുകയിൽ ഏകീകരണം വരുത്തണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു.ഇയർ ബാക്ക് അടക്കമുള്ള നടപടികൾ കെ ടി യു പിൻവലിച്ച സാഹചര്യത്തിൽ കോളജ് മാനേജ്മെന്റും ആ നിലപാടിലേക്ക് എത്തണമെന്നും, ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ട എജുക്കേഷണൽ കൗൺസിൽ യോഗം ഉടൻ വിളിച്ചുചേർത്ത് എല്ലാ മാസവും കൃത്യമായി യോഗം ചേരണമെന്നുമാണ് മറ്റു ആവശ്യങ്ങൾ. ഈ ആഴ്ചയിൽ തന്നെ കൗൺസിൽ യോഗം ചേർന്ന് ആവശ്യങ്ങൾ പരിഗണിക്കാമെന്ന് മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്. പരീക്ഷകളുമായി ബന്ധപ്പെട്ട് കൗൺസിൽ യോഗത്തിൽ അവതരിപ്പിക്കേണ്ട കാര്യങ്ങൾ വിദ്യാർഥികൾ ചർച്ച ചെയ്ത് റിപ്പോർട്ടായി മാനേജ്മെന്റിന് സമർപ്പിക്കും.Content Highlights:Students at Kothamangalam MA College of Engineering have called off their protest after the management agreed to review key demands, including year back policies and examination fees. The management promised an Education Council meeting within a week to resolve issues. Students warned of stronger protests if promises are not fulfilled.